പഴയകുന്നുമ്മേല്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് അടുത്ത മാസം
കിളിമാനൂര്‍: പഴയകുന്നുമ്മേല്‍ സര്‍വിസ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്ക് അടുത്ത മാസം നാലിന് തെരഞ്ഞെടുപ്പ് നടക്കും. അതേ സമയം ഇടതുപക്ഷം മത്സരിക്കാന്‍ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജനസംരക്ഷണ സമിതി ഇതിനോടകം അവരുടെ പാനല്‍ തയാറാക്കി പ്രവര്‍ത്തനം തുടങ്ങിയതായി അറിയുന്നു. നിലവിലെ ഭരണ സമിതിയംഗമായ മനാഫിന്റെ നേതൃത്വത്തിലാണ് ജനസംരക്ഷണ സമിതിയുടെ പ്രവര്‍ത്തനം സജീവമായി നടക്കുന്നത്.
കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ബാങ്ക് ഭരണം നടക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിലാണ്. എന്‍. സുദര്‍ശനാണ് ബാങ്ക് പ്രസിഡന്റ്. കിളിമാനൂരില്‍ കോണ്‍ഗ്രസും-സി.പി.എമ്മും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിലാണ് വിശ്വസിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമെന്നാണ് നാട്ടുകാരുടെ ആരോപണം. കാര്‍ഷിക സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കാറില്ല. അവിടെ ഇടതു പക്ഷമാണ് കാലാകാലമായി ഭരണം നടത്തുന്നത്. പ്രത്യുപകാരമെന്ന നിലയില്‍ പഴയകുന്നുമ്മേല്‍ സര്‍വിസ് സഹകരണ ബാങ്കില്‍ ഇടത് പക്ഷവും മത്സരിക്കില്ല. നിലവിലുള്ള ഭരണസമിതിയെ അതേ പടി നിലനിര്‍ത്താനാണ് നിലവിലെ പ്രസിഡന്റായ സുദര്‍ശനും സംഘവും ശ്രമിക്കുന്നത്.
ഒഴിവുള്ള ഒരു സീറ്റില്‍ വിക്ടറി നസീറിനെയും പട്ടികജാതി സംവരണ സീറ്റില്‍ അടയമണ്‍ സ്വദേശി മനോഹരനെയും നിയോഗിക്കാന്‍ നീക്കമുള്ളതായി അറിയുന്നു. ഇതിന് പുറമെ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തോറ്റ ഷിഹാബുദ്ദീന്‍, ചെറുനാരകംകോട് ജോണി എന്നിവരെയും തിരുകികയറ്റാന്‍ നീക്കം നടക്കുന്നുണ്ട്. സുദര്‍ശനന്‍ പ്രസിഡന്റാകുന്നതില്‍ നിലവിലെ ഭരണ സമിതിക്കകത്തു തന്നെ അമര്‍ഷം ഉയരുകയാണ്. അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് അകത്ത് ചിലര്‍ പുകകൊടുക്കുന്നത്.
കണ്‍സ്യൂമര്‍ ഫെഡ് വൈസ് ചെയര്‍മാനായിരിക്കെ നടത്തിയ അഴിമതിയുമായി ബന്ധപ്പെടുത്തി വിജിലന്‍സ് അന്വേഷണം നടക്കുന്നതായി ആരോപിച്ചും, ബാങ്കില്‍ നടന്ന ഒരു കോടി രൂപയുടെ വായ്പാ തട്ടിപ്പ് ചൂണ്ടി കാട്ടിയും, കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി പ്രസിഡന്റ്് പദം അലങ്കരിക്കുന്നതും എന്നാല്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പ്രസ്ഥാനം നാള്‍ക്കുനാള്‍ ചെറുതായി ചുരുങ്ങുന്നതും സുദര്‍ശനനെതിരേ അകത്തുള്ളവര്‍ തൊടുക്കുന്ന ആയുധങ്ങളാണ്.
സി.പി.എം തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുന്നതില്‍ അണികള്‍ക്കിടയില്‍ അമര്‍ഷമുണ്ട്. കോണ്‍ഗ്രസിനെ പഞ്ചായത്തില്‍നിന്നും ഇല്ലാതാക്കാനുള്ള അവസരം നേതൃത്വം ഇല്ലാതാക്കുകയാണെന്ന് അണികള്‍ പക്ഷം. ജനസംരക്ഷണ സമിതി മത്സരിക്കാന്‍ ഇടയുണ്ടെന്ന വിവരം പുറത്തുവന്നതോടെ അവരെയും ചാക്കിട്ടുപിടിക്കാന്‍ നിലവിലെ ഭരണ സമിതിയിലെ ചിലര്‍ തെക്കോട്ടും വടക്കോട്ടും ഓടുന്നതായും അറിയുന്നു. പ്രാഥമിക വോട്ടര്‍ പട്ടിക ബാങ്ക് നോട്ടിസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വോട്ടര്‍ പട്ടികയിലെ തടസ വാദങ്ങള്‍ ഈ മാസം എട്ടിന് വൈകിട്ട് അഞ്ചിന് മുന്‍പായി സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."