ശ്വേതാ ഭട്ടിന്റെ ലൗഡ് സ്പീക്കര്‍ ആയി കേരളം മാറും: മുനീര്‍
തിരുവനന്തപുരം: ശ്വേതാ ഭട്ടിന്റെ ശബ്ദം പുറംലോകത്തെ അറിയിക്കാനുള്ള ലൗഡ് സ്പീക്കറായി കേരളം മാറുമെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. ബി.ജെ.പി സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച സഞ്ജീവ് ഭട്ടിന്റെ നീതിക്കായി ഭാര്യ ശ്വേതാ ഭട്ട് നടത്തുന്ന പോരാട്ടത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കേരള ലോയേഴ്‌സ് ഫോറം (കെ.എല്‍.എഫ്) സംസ്ഥാന കമ്മിറ്റി പ്രസ്സ് ക്ലബില്‍ സംഘടിപ്പിച്ച സോളിഡാരിറ്റി കോണ്‍ഫ്രന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ജനാധിപത്യത്തെ ചോദ്യം ചെയ്യുന്ന ഏകാധിപത്യപ്രവണതയുടെ ഉദാഹരണമാണ് സഞ്ജീവ് ഭട്ടിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം. സഞ്ജീവിന്റെ നീതിക്കായി ഭാര്യ ശ്വേത നടത്തുന്ന പോരാട്ടത്തില്‍ എല്ലാവിധ പിന്തുണയും ഉറപ്പുതരുന്നു.
ഫാസിസ്റ്റ് ചേരിയെ ഒറ്റപ്പെടുത്തുന്നതിനുള്ള പോരാട്ടത്തിന്റെ തുടക്കമാണിത്. സഞ്ജീവിനായി കേരളം ഒരുമിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മാധ്യമങ്ങളും മതേതരവാദികളും ഒക്കെ ശ്വേതയുടെ പോരാട്ടത്തില്‍ അണിനിരക്കും. ഇക്കാര്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് ക്യാംപയിന്‍ ചെയ്യണം. വിഷയത്തില്‍ നിയമസഭയില്‍ ഐക്യകണ്‌ഠേന പ്രമേയം പാസാക്കാന്‍ സമ്മതമാണെന്നും മുനീര്‍ പറഞ്ഞു.
സഞ്ജീവ് ഭട്ടിനെ ജയിലടച്ച സംഭവം ഗാന്ധിവധത്തിന്റെ തുടര്‍ച്ചയാണെന്ന് വി.ഡി സതീശന്‍ എം.എല്‍.എ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാ സ്ഥാപനങ്ങളേയും തത്വങ്ങളേയും തകര്‍ക്കുകയാണ്. വഴങ്ങുന്നവര്‍ക്ക് പട്ടും പണവും എതിര്‍ക്കുന്നവര്‍ക്ക് ജയിലും മരണവും നല്‍കുന്ന ഒരു പുതിയ വ്യവസ്ഥയാണ് ഇപ്പോള്‍ രാജ്യത്തെ ഭരണകൂടം നടപ്പിലാക്കുന്നതെന്നും സതീശന്‍ പറഞ്ഞു. കെ.എല്‍.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. അബു സിദ്ദീഖ് അധ്യക്ഷനായ ചടങ്ങില്‍ വൈസ് പ്രസിഡന്റ് അഡ്വ. എ.എ റസാക്ക് സ്വാഗതം പറഞ്ഞു. ശ്വേതാ ഭട്ട്, മകന്‍ ശാന്തനു ഭട്ട്, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപ്പള്ളി റഷീദ്, ജില്ലാ പ്രസിഡന്റ് തോന്നയ്ക്കല്‍ ജമാല്‍, അഡ്വ. പാച്ചല്ലൂര്‍ നജ്മുദ്ദീന്‍, പ്രസ്‌ക്ലബ് പ്രസിഡന്റ് ജി. പ്രമോദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."