പന്നിക്കോട് എ.യു.പി സ്കൂളില്‍ തെരുവുനായയുടെ ആക്രമണം
മുക്കം: കൊടിയത്തൂര്‍ പഞ്ചായത്തിലെ പന്നിക്കോട് എ.യു.പി സ്കൂളില്‍ തെരുവുനായയുടെ ആക്രമണം. നായയുടെ കടിയേറ്റ് മൂന്നു പേര്‍ക്ക് പരുക്കേറ്റു.
സ്കൂളില്‍ നിര്‍മാണ പ്രവൃത്തിയിലേര്‍പ്പെട്ടിരുന്ന ബൈജു മാട്ടുമുറി, ബാലന് ചേന്ദമംഗല്ലൂര്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. ഇന്നലെ രാവിലെ ഒന്പതോടെയായിരുന്നു സംഭവം. സ്കൂളിലെത്തിയ നായ ഒരു വിദ്യാര്‍ഥിനിയെ ഓടിച്ച് കടിക്കാന്‍ ശ്രമിക്കുന്നതിനിടെ നിര്‍മാണ പ്രവൃത്തിയിലേര്‍പ്പെട്ട ബൈജുവും ബാലനും രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ക്ക് കടിയേല്‍ക്കുകയായിരുന്നു. ശേഷം സ്കൂളില്‍ നിന്ന് പുറത്ത് ചാടിയ നായ പന്നിക്കോട് അങ്ങാടിയിലെത്തി ഒരാളെ കൂടി കടിക്കുകയും ചെയ്തു. ക്ലാസില്‍ കയറ്റി വാതിലടച്ചാണ് തെരുവ് നായയുടെ ആക്രമണത്തില്‍നിന്നു വിദ്യാര്‍ഥികളെ അധ്യാപകര്‍ രക്ഷിച്ചത്. ഭീതിമൂലം പല വിദ്യാര്‍ഥികള്‍ക്കും പ്രഭാത ഭക്ഷണം നല്‍കാനായില്ലെന്ന് അധ്യാപകര്‍ പറഞ്ഞു. പരുക്കേറ്റവരെ മുക്കം കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
അതിനിടെ സ്കൂള്‍ പി.ടി.എ പ്രസിഡന്റ് ബഷീര്‍ പാലാട്ട് മുക്കം പൊലിസ്, ഫയര്‍ ഫോഴ്സ്, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് എന്നിവരെ വിവരമറിയിച്ചെങ്കിലും വരാന്‍ തയാറായില്ലെന്ന ആരോപണമുണ്ട്. തുടര്‍ന്ന് കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല ബന്ധപ്പെട്ടതിനെ തുടര്‍ന്ന് മുക്കം ഫയര്‍ഫോഴ്സ് സ്ഥലത്തെത്തുകയും നായയെ പിടികൂടുകയുമായിരുന്നു. ഇതോടെയാണ് മൂന്ന് മണിക്കൂര്‍ നേരത്തെ ഭീതി ഒഴിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."