ജീവനക്കാരും യാത്രക്കാരും ദുരിതത്തില്‍; കെ.എസ്.ആര്‍.ടി.സി ഡിപ്പോ കാന്റീന്‍ അടച്ചുപൂട്ടിയിട്ട് അഞ്ചുമാസം
സുല്‍ത്താന്‍ ബത്തേരി: കെ.എസ്.ആര്‍.ടി.സി ഡിപ്പോ കാന്റീന്‍ അടച്ചുപൂട്ടിയിട്ട് അഞ്ചുമാസം പിന്നിട്ടിട്ടും തുറക്കാന്‍ നടപടികളില്ല. കെ.എസ്.ആര്‍.ടി.സിക്ക് വര്‍ഷംതോറും മൂന്നുലക്ഷത്തോളം രൂപ വരുമാനം ലഭിക്കുന്ന കാന്റീനാണ് മാസങ്ങളായി അടച്ചിട്ടിരിക്കുന്നത്.
കരാര്‍ കാലാവധിക്കഴിഞ്ഞതിനാല്‍ പുതിയ ടെന്‍ഡര്‍ വിളിക്കാനായാണ് കാന്റീന്‍ അടച്ചത്. എന്നാല്‍ പന്നീട് പുതിയ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് കാന്റീന്‍ ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചില്ല. ഇതോടെ ഡിപ്പോയിലെത്തുന്ന ദീര്‍ഘദൂര ബസുകളിലെ ജീവനക്കാരും ഡിപ്പോയിലെ ജീവനക്കാരും യാത്രക്കാരടക്കം ദുരിതത്തിലായിരിക്കുകയാണ്.
കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് ഇതിനിടെ കാന്റീന്‍ നടത്താന്‍ താല്‍പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ വിളിച്ചിരുന്നു. ഇതില്‍ മാസം 23000 രൂപതോതില്‍ വാടക നല്‍കി കാന്റീന്‍ നടത്താന്‍ ആളുമെത്തിയിരുന്നു. എന്നാല്‍ ഈ തുക ഉതകില്ലന്ന നിലപാട് ഡിപ്പോയിലെ ചില തല്‍പരകക്ഷികള്‍ സ്വീകരിക്കുകയും ടെന്‍ഡര്‍ അംഗീകരിക്കാതെ കാന്റീന്‍ തുറക്കുന്നത് തടസപെടുത്തുകയായിരുന്നു എന്നുമാണ് ആരോപണം.ഇതാണ് അഞ്ചുമാസമായിട്ടും കാന്റീന്‍ പ്രവര്‍ത്തിക്കാത്തിന് കാരണം. ഇന്റര്‍ സ്റ്റേറ്റ് ടെര്‍മിനല്‍ കൂടിയായ ബത്തേരി ഡിപ്പോയില്‍ നിന്നും നിരവധി ദീര്‍ഘദൂര സര്‍വിസുകള്‍ നടത്തുന്നതിനാല്‍ ഡിപ്പോയിലെത്തുന്ന യാത്രക്കാര്‍ക്കും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കും ഈ കാന്റീന്‍ ഉപകാരപ്രദമായിരുന്നു. ഇപ്പോള്‍ യാത്രക്കാര്‍ക്കും ജീവനക്കാരും പുറത്തുള്ള ഭക്ഷണശാലകളെയാണ് ആശ്രയിക്കുന്നത്.
മുന്‍പ് ഡിപ്പോയിലെ ഈ കാന്റീനും മറ്റ് രണ്ട് സ്റ്റാളുകളുമടക്കം അന്‍പത്തിനാലായിരം രൂപക്കായിരുന്നു മാസവാടകക്ക് നല്‍കിയിരുന്നത്. ഇതില്‍ കാന്റീന്‍ ഒഴിവാക്കി രണ്ട് സ്റ്റാളുകള്‍ മാത്രം നാല്‍പ്പത്തിഅയ്യായിരം രൂപയ്ക്കാണ് കെ.എസ്.ആര്‍.ടി.സി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
എന്നാല്‍ കാന്റീന്‍ മാത്രം മുന്‍പ്് അന്‍പതിനായിരം രൂപയ്ക്കാണ് ടെന്‍ഡര്‍ പൂര്‍ത്തീകരിച്ചതെന്ന് തെറ്റായപ്രചാരണം നടത്തി മേലുദ്യോഗസ്ഥരെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചതാണ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് തടസമായിരിക്കുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."