HOME
DETAILS

ഇറങ്ങിക്കളിക്കുന്ന ഗോളി

  
backup
December 29 2020 | 20:12 PM

6846876-2

 


ശല്യക്കാരെയും അനഭിമതരെയും കുടിയിരുത്താനുള്ള ഇടമാണ് രാജ്ഭവനുകള്‍ എന്ന രാഷ്ട്രീയയാഥാര്‍ഥ്യം കേരളം ആദ്യം മനസിലാക്കിയത് പട്ടം താണുപിള്ളയെ ഗവര്‍ണറായി പഞ്ചാബിലേക്ക് അയച്ചപ്പോഴാണ്. വനവാസമാണതെന്ന് അറിയുന്നവര്‍ കൊട്ടാരത്തിലെ ആര്‍ഭാടത്തില്‍ സംതൃപ്തരാവില്ല. ഗൗതമനെപ്പോലെ കൊട്ടാരവാസം ത്യജിച്ച് തെരുവിലേക്കിറങ്ങാന്‍ അവരുടെ ഉള്ളം തുടിച്ചുകൊണ്ടിരിക്കും. തോല്‍ക്കാനുള്ളതാണെങ്കിലും ഒരു സീറ്റ് കിട്ടിയാല്‍ കുമ്മനം രാജശേഖരനെപ്പോലെ അവര്‍ ഇരു കൈയും നീട്ടിവാങ്ങും. ഒന്നും പറ്റിയില്ലെങ്കില്‍ രാജ്ഭവനിലിരുന്നുകൊണ്ട് രാഷ്ട്രീയം കളിക്കുന്നതിനുള്ള പഴുതുകള്‍ തേടും. രാജ്ഭവനായാലും രാഷ്ട്രപതിഭവനായാലും അവയ്ക്കുമേലെയാണ് രാഷ്ട്രീയത്തിന്റെ പരുന്ത് പറക്കുന്നത്.


നിരാശയില്‍ ഉഴലുന്ന ഭൈമീകാമുകരുടെ കൂട്ടത്തില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പെടാനിടയില്ല. അധികാരം ത്യജിച്ച് വി.പി സിങ്ങിനൊപ്പം പുറത്തുപോയി അധികാരത്തിലേക്ക് തിരിച്ചെത്തിയ ചരിത്രമാണ് അദ്ദേഹത്തിന്റേത്. വീണ്ടും ആകുന്നതിനു
വേണ്ടിയാണ് ആയതിനെ ഉപേക്ഷിക്കുന്നത്. പി.
സദാശിവത്തെപ്പോലെ ഇനിയൊന്നും കിട്ടാനില്ലെന്ന അവസ്ഥയില്‍ കിട്ടിയതുകൊണ്ട് തൃപ്തിപ്പെടുന്നവരുണ്ട്. മന്ത്രിയെന്ന നിലയില്‍ രാജ്യസേവനവും ജനസേവനവും ഫലപ്രദമായി നടത്താന്‍ കഴിയുമെന്നു ബോധ്യമുള്ള ആള്‍ക്ക് കേരളാ രാജ്ഭവനി


ല്‍ ഒതുങ്ങിക്കൂടാനാവില്ല. നിരാശ ഏതെല്ലാം രൂപത്തില്‍ ബഹിര്‍ഗമിക്കുമെന്നു പറയാനാവില്ല. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ സ്വാസ്ഥ്യം കെടുത്തുകയെന്നത് ആരിഫ് മുഹമ്മദ് ഖാന്റെ ആവര്‍ത്തിക്കപ്പെടുന്ന വിനോദമായിരിക്കുന്നു. മുഖ്യമന്ത്രി പ്രകടിപ്പിച്ച അത്ര സാധാരണമല്ലാത്ത സംയമനം നിമിത്തമാണ് പ്രശ്‌നം കൂടുതല്‍ വഷളാകാതിരുന്നത്. ഗവര്‍ണറുടെ ഭരണഘടനാപരമായ പരിമിതിയെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍ മാത്രമാണ് മുഖ്യമന്ത്രി നല്ലനിലയില്‍ നടത്തിയത്.
പൗരത്വ നിയമത്തിന്റെ കാര്യത്തിലും കാര്‍ഷിക നിയമങ്ങളുടെ കാര്യത്തിലും സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റേതില്‍നിന്ന് വ്യത്യസ്തമായ നിലപാടാണ് കേന്ദ്രത്തിന്റെ പ്രതിനിധിയെന്ന നിലയില്‍ ഗവര്‍ണര്‍ക്കുള്ളത്. ഗവര്‍ണറെ നിയമിക്കുന്നത് കേന്ദ്രമന്ത്രിസഭയാണെങ്കിലും അദ്ദേഹം പ്രവര്‍ത്തിക്കേണ്ടത് സംസ്ഥാന മന്ത്രിസഭയുടെ ഉപദേശവും നിര്‍ദേശവും അനുസരിച്ചാണ്. സംസ്ഥാന സര്‍ക്കാരിന്റെ നയരൂപീകരണത്തെ സ്വാധീനിക്കാനോ അതില്‍ ഇടപെടാനോ ഗവര്‍ണര്‍ക്ക് അധികാരമില്ല. സഭാസമ്മേളനം വിളിക്കാന്‍ പറഞ്ഞാല്‍ വിളിക്കണം. എന്തിനെന്ന ചോദ്യമുണ്ടാകരുത്. സഭ പാസാക്കുന്ന ബില്ലിന് അംഗീകാരം നല്‍കണം. ഗവര്‍ണര്‍കൂടി ഉള്‍പ്പെട്ടതാണ് നിയമസഭ. പക്ഷേ, സഭയെ നിയന്ത്രിക്കുന്നത് ഗവര്‍ണറല്ല, സഭയ്ക്ക് നാഥനും നടത്തിപ്പുകാരനും വേറെയുണ്ട്.
പ്രതിഷേധത്തിന്റെ വിത്തിറക്കി സഹനത്തിന്റെ വയലില്‍ ക്ഷമയോടെ കാത്തിരിക്കുന്ന കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനു വേണ്ടിയാണ് നിയമസഭ അസാധാരണമായി സമ്മേളിക്കുന്നത്. അതാണ് ഒരുവട്ടം ഗവര്‍ണര്‍ തടസപ്പെടുത്തിയത്. സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചുവെന്ന് പറയുന്നതുതന്നെ തെറ്റാണ്. സഭ സമ്മേളിക്കുന്നതിന് ഗവര്‍ണറുടെ അനുമതി ആവശ്യമില്ല. സഭ വിളിച്ചുകൂട്ടുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിക്കുക മാത്രമാണ് ഗവര്‍ണര്‍ ചെയ്യേണ്ടിയിരുന്നത്. അനുസരണക്കേടിന്റെ പേരില്‍ ഗവര്‍ണറെ നീക്കം ചെയ്യുന്നതിനു സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കിയിട്ടില്ലാത്തതുകൊണ്ടു മാത്രമാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഇപ്പോഴും രാജ്ഭവനില്‍ തുടരുന്നത്.


അധികാരത്തോടുള്ള കൂറ് അമിതമാകുമ്പോള്‍ അവിവേകം ആവര്‍ത്തിക്കപ്പെടും. ഭരണഘടനയോടു മാത്രം കൂറും വിശ്വസ്തതയും പുലര്‍ത്തേണ്ട ഗവര്‍ണര്‍ ഭരണഘടനാബാഹ്യമായ വിശ്വസ്തതകളില്‍ ഏര്‍പ്പെടുമ്പോഴാണ് ആപത്കരമായ അവിവേകങ്ങള്‍ ഉണ്ടാകുന്നത്. അവിഹിതമായതെല്ലാം അപകടത്തിനു കാരണമാകും. കേന്ദ്രത്തില്‍നിന്ന് വ്യത്യസ്തമായ കക്ഷി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ അനുഭവിക്കുന്ന പ്രതിസന്ധിയാണിത്. അത്തരം സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള ഇടങ്കോല്‍ രാജ്ഭവനുകളില്‍ സ്ഥിരമായി സൂക്ഷിച്ചിട്ടുണ്ട്.
ആരിഫ് മുഹമ്മദ് ഖാനെ ഭരണഘടന വായിക്കാന്‍ പരിശീലിപ്പിക്കേണ്ട കാര്യമില്ല. വായന അധികമാകുമ്പോള്‍ എഴുതാപ്പുറങ്ങളിലേക്കു പോകും. സ്വന്തം താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി ഭരണഘടന വായിക്കുമ്പോള്‍ സംഭവിക്കുന്ന അപകടമാണിത്. നിയമിതനാകുന്ന ഗവര്‍ണര്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന മന്ത്രിസഭയ്ക്കുമേല്‍ ആധിപത്യം നേടാന്‍ നടത്തുന്ന ശ്രമം ഭരണഘടനാപരമായ കോമഡിയായിത്തീരും. അമിത് ഷായുടെ കാരുണ്യത്തിലല്ല, ജനങ്ങളുടെ ഹിതത്തിലാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുന്നതെന്ന കാര്യം ആരിഫ് മുഹമ്മദ് ഖാന്‍ അറിഞ്ഞിരിക്കണം. അമേരിക്കയില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഗവര്‍ണറും നിയമിതരാകുന്ന ഉപദേശകരുമാണുള്ളത്. ഇന്ത്യയില്‍ നിയമിക്കപ്പെടുന്ന ഗവര്‍ണറും തെരഞ്ഞെടുക്കപ്പെടുന്ന ഉപദേശകരുമാണുള്ളത്. സംസ്ഥാനത്തിന്റെ എക്‌സിക്യുട്ടീവ് അധികാരം പൂര്‍ണമായും നിക്ഷിപ്തമായിരിക്കുന്നത് ഗവര്‍ണറിലാണെങ്കിലും അതു വിനിയോഗിക്കേണ്ടത് മന്ത്രിസഭയുടെ തലവനെന്ന നിലയില്‍ മുഖ്യമന്ത്രി നല്‍കുന്ന ഉപദേശം അനുസരിച്ചാണ്.
അത്യപൂര്‍വമായ സന്ദര്‍ഭങ്ങളിലൊഴികെ ഗവര്‍ണര്‍ കേവലം റബര്‍ സ്റ്റാമ്പ് മാത്രമാണ്. മന്ത്രിസഭയുടെ തീരുമാനമനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള ഗവര്‍ണറുടെ ഭരണഘടനാപരമായ ബാധ്യത 1974ലെ പ്രസിദ്ധമായ ഷംഷേര്‍ സിങ് കേസില്‍ സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയായി ആരെ നിയമിക്കണമെന്ന കാര്യത്തില്‍ അദ്ദേഹത്തിനു കാവല്‍ മുഖ്യമന്ത്രിയുടെ ഉപദേശം ആവശ്യമില്ല. ഭൂരിപക്ഷം ഉണ്ടെന്നോ ഉണ്ടാക്കുമെന്നോ അദ്ദേഹത്തിന് ഉറപ്പുള്ള ആരെയും മുഖ്യമന്ത്രിയാക്കാം. നിയമസഭ പിരിച്ചുവിടുന്നതിനു ഭൂരിപക്ഷം നഷ്ടപ്പെട്ട മുഖ്യമന്ത്രി ഉപദേശിച്ചാല്‍ അദ്ദേഹം സ്വീകരിക്കണമെന്നില്ല. ഭൂരിപക്ഷമുള്ള മന്ത്രിസഭയെ പിരിച്ചുവിടുന്നതിനുള്ള നിര്‍ദേശം കേന്ദ്രത്തിനു നല്‍കുമ്പോഴും അദ്ദേഹത്തിന് ആരുടെയും ഉപദേശം ആവശ്യമില്ല.
നമ്മുടെ ഭരണസംവിധാനത്തില്‍ അത്യന്താപേക്ഷിതമാണെങ്കിലും ഇങ്ങനെയൊരു ആലങ്കാരികപദവി ആവശ്യമുണ്ടോ എന്ന് സംശയിക്കുന്നവരുണ്ട്. റിപ്പബ്ലിക്കാണെങ്കിലും ബ്രിട്ടനിലെ രാജ്ഞിക്ക് തുല്യമായി ഒരു രാഷ്ട്രപതിയെ നമുക്കാവശ്യമുണ്ട്. സംസ്ഥാനങ്ങളിലും തത്തുല്യമായ പദവി അനിവാര്യമാണ്. മുഖ്യമന്ത്രിയെ നിയമിക്കുന്നതു മുതല്‍ നിയമസഭ പിരിച്ചുവിടുന്നതുവരെ പല കാര്യങ്ങള്‍ക്കും ഗവര്‍ണറെ ആവശ്യമുണ്ട്. അതു ഭരണഘടനാപരമായ അനിവാര്യതയും ആര്‍ഭാടവുമാണ്. മുഖ്യമന്ത്രിയുടെ ഉപദേശത്തിനു പകരം കേന്ദ്ര ആഭ്യന്തരമന്ത്രിയെ യജമാനനായി കണ്ട് അവിടെനിന്ന് ഗവര്‍ണര്‍ ഉപദേശം സ്വീകരിച്ചു തുടങ്ങുമ്പോഴാണ് ഭരണഘടനാപരമായി വിലക്കപ്പെട്ട ഒളിപ്പോരുകള്‍ ഉണ്ടാകുന്നത്.


രാഷ്ട്രീയ പശ്ചാത്തലമുള്ള ഗവര്‍ണര്‍മാര്‍ രാജ്ഭവനുകളില്‍ വല്ലാത്ത ഏകാന്തതയും വിരസതയും അനുഭവിക്കുന്നുണ്ട്. പന്തെത്താത്ത ഗോള്‍വലയ്ക്ക് കാവല്‍ നില്‍ക്കുന്ന ഗോളിയെപ്പോലെയാകും അവര്‍. അപ്പോള്‍ അവര്‍ ഇറങ്ങിക്കളിച്ച് പന്ത് പിടിക്കാന്‍ നോക്കും. എല്ലാവര്‍ക്കും ശ്രീധരന്‍ പിള്ളയെപ്പോലെ കവിയാകാന്‍ കഴിയില്ല. നയപ്രഖ്യാപന പ്രസംഗം വായിക്കുക, റിപ്പബ്ലിക് ദിനത്തില്‍ പതാക ഉയര്‍ത്തുക തുടങ്ങിയ വാര്‍ഷികപരിപാടികളിലെ വാര്‍ത്താ പ്രാധാന്യംകൊണ്ട് അവര്‍ക്ക് തൃപ്
തരാകാന്‍ കഴിയില്ല. അവര്‍ക്ക് വാര്‍ത്തയിലും വിവാദങ്ങളിലും നിറഞ്ഞുനില്‍ക്കണം. ഇത് ഇങ്ങനെയൊക്കെത്തന്നെ പരിസമാപ്തിയിലെത്തുമെന്ന് അറിയാതിരുന്നയാളല്ല ആരിഫ് മുഹമ്മദ് ഖാന്‍. എന്നിട്ടും അദ്ദേഹം വാര്‍ത്തയുണ്ടാക്കി. പ്രധാനമന്ത്രിയുടെ പ്രീതി സമ്പാദിച്ചു. അതിനേക്കാള്‍ പ്രധാനപ്പെട്ടതാണ് പ്രശസ്തി. ഡല്‍ഹി അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന കര്‍ഷകരോട് വെറുതെ ഒരു നേരംപോക്കിന് കുറച്ചു ഗവര്‍ണര്‍മാരുടെ പേരു പറയാന്‍ ആവശ്യപ്പെട്ടാല്‍ ബഹുഭൂരിപക്ഷവും ആദ്യം പറയുന്ന പേര് ആരിഫ് മുഹമ്മദ് ഖാന്‍ എന്നായിരിക്കും. തമിഴ്‌നാട്ടിലെയോ കര്‍ണാടകയിലെയോ ഗവര്‍ണറുടെ പേര് കെ.എ.എസ് പരീക്ഷയെഴുതുന്നവര്‍ക്കുപോലും തെറ്റാതെ പറയാന്‍ കഴിയില്ല. പക്ഷേ, അതിനുവേണ്ടി രാജ്ഭവന്റെ നടുമുറ്റത്ത് തട്ടിക്കളിക്കാനുള്ളതാണോ ഭരണഘടന എന്ന കാര്യം ഗവര്‍ണര്‍ ആലോചിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-22-10-2024

PSC/UPSC
  •  2 months ago
No Image

ഇസ്റാഈല്‍ നാവിക താവളങ്ങളിലും വടക്കന്‍ മേഖലകളിലും ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണം; ടെല്‍ അവീവ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

International
  •  2 months ago
No Image

ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ യുകെജി വിദ്യാര്‍ഥി ബെഞ്ചില്‍ നിന്ന് വീണു; ചികിത്സയില്‍ വീഴ്ച്ച; രണ്ട് ലക്ഷം പിഴ നല്‍കാന്‍ ഉത്തരവ്

Kerala
  •  2 months ago
No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago
No Image

പൊതുമാപ്പ് 31ന് അവസാനിക്കും; ഇനിയും കാത്തിരിക്കരുതെന്ന് ജി.ഡി.ആർ.എഫ്.എ

uae
  •  2 months ago
No Image

ബഹ്റൈനിൽ കണ്ണൂർ സ്വദേശി ഹ്യദയാഘാതത്തെ തുടർന്ന് മരിച്ചു

bahrain
  •  2 months ago
No Image

ദാന ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ദിവസങ്ങളിലെ ആറ് ട്രെയിനുകൾ റദ്ദാക്കി

National
  •  2 months ago