സൈനിക സേവനത്തിനായി ധോണി കശ്മിരിലേക്ക്
റാഞ്ചി: സൈനിക സേവനങ്ങള്‍ക്കായി ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി ഉടന്‍ കശ്മിരിലേക്ക് പുറപ്പെടും. ഈ മാസം 31 മുതല്‍ ഓഗസ്റ്റ് 15 വരെ കശ്മിര്‍ താഴ് വരയില്‍ ധോണി സൈനിക പരിശീലനവും സുരക്ഷാ ഡ്യൂട്ടിയും ഏറ്റെടുക്കും.
വിന്‍ഡീസ് പര്യടനത്തിനായി പോകുന്ന ഇന്ത്യന്‍ ടീമില്‍നിന്ന് രണ്ട് മാസത്തെ അവധി എടുത്താണ് താരം സൈന്യത്തിനൊപ്പം ചേരാന്‍ വേണ്ടി കശ്മിരിലേക്ക് പോകുന്നത്. 2011ല്‍ ധോണിക്ക് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ ബഹുമതി നല്‍കിയിരുന്നു.
ഇന്ത്യന്‍ ടീമില്‍നിന്ന് അവധിയെടുത്ത താരം ഇപ്പോള്‍ ബംഗളൂരുവില്‍ പാരച്യൂട്ട് പരിശീലനത്തിലാണ്. ഇവിടെ പരിശീലനം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും ധോണി കശ്മിരിലേക്ക് പോവുക. ധോണിയുടെ നിര്‍ദേശ പ്രകാരം പട്രോളിങ്ങും സുരക്ഷാ ഡ്യൂട്ടിയുമാണ് താരത്തിന് നല്‍കിയിട്ടുള്ളത്.
ടെറിട്ടോറിയല്‍ ആര്‍മിക്കൊപ്പമായിരിക്കും താരത്തിന്റെ താമസമെന്നും ആര്‍മിയുടെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. ധോണി ഏതുരീതിയിലാണോ ക്രിക്കറ്റിനെ സ്‌നേഹിച്ചത് അതേ രീതിയിലാണ് സൈനിക സേവനത്തേയും കാണുന്നതെന്നാണ് ആര്‍മി വ്യക്തമാക്കിയത്.
ജീവിതം ക്രിക്കറ്റിലേക്ക് തിരിഞ്ഞപ്പോഴും ധോണിക്ക് സൈനികന്‍ ആവണമെന്നായിരുന്നു ആഗ്രഹം. ഇതോടെ ധോണിയുടെ സൈനികനാകാനുള്ള ആഗ്രഹവും പൂവണിയും.
ലോകകപ്പിന് ശേഷം ധോണിയുടെ ഭാവിയെ കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. താരം ക്രിക്കറ്റില്‍നിന്ന് വിരമിക്കുമോ എന്നായിരുന്നു എല്ലാവരും ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ വിരമിക്കല്‍ ഉടനില്ലെന്നും ഇനിയും ടീമിനൊപ്പം ഉണ്ടാകുമെന്നുമാണ് ധോണി നല്‍കുന്ന സൂചനകള്‍.
ലോകകപ്പിലെ ധോണിയുടെ ബാറ്റിങ്ങിനെച്ചൊല്ലി വിവാദങ്ങളുണ്ടായിരുന്നു. അടുത്ത മാസം ഇന്ത്യന്‍ ടീം വെസ്റ്റ് ഇന്‍ഡീസിലേക്ക് പോവുമ്പോള്‍ ഇന്ത്യന്‍താരം സൈനിക സേവനത്തിനായി കശ്മിരിലേക്കും പോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."