കെ.ആര്‍ നാരായണന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പി.ജി
കോട്ടയം ജില്ലയിലെ തെക്കുംതലയില്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിച്ച കെ.ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് വിവിധ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലേക്കും ഡിപ്ലോമ കോഴ്‌സുകളിലേക്കും ജനുവരി 4 മുതല്‍ 18വരെ ഓണ്‍ലൈനായി www.krnnivsa.com എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
സ്‌ക്രിപ്റ്റ് റൈറ്റിങ് ആന്‍ഡ് ഡയറക്ഷന്‍, എഡിറ്റിങ്, സിനിമാറ്റോഗ്രഫി, ഓഡിയോഗ്രഫി എന്നീ രണ്ടു വര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളും ആക്ടിങ്, അനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ ഇഫക്ട്‌സ് എന്നീ ഡിപ്ലോമ കോഴ്‌സുകളുമാണുള്ളത്. ഓരോ പ്രോഗ്രാമിനും 10 സീറ്റ് വീതം 60 സീറ്റാണുള്ളത്. ക്യാംപസില്‍ താമസിച്ച് പഠിക്കണം. പി.ജി പ്രോഗ്രാമുകളില്‍ ചേരാന്‍ ഏതെങ്കിലും വിഷയത്തിലെ സര്‍വകലാശാലാ ബിരുദം മതി. ഡിപ്ലോമയ്ക്ക് ഏതെങ്കിലും ഗ്രൂപ്പിലുള്ള പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയും.
മിനിമം മാര്‍ക്ക് വ്യവസ്ഥയില്ല. അവസാന വര്‍ഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രവേശനവേളയില്‍ സര്‍ട്ടിഫിക്കറ്റോ മാര്‍ക്ക് ലിസ്റ്റോ ഹാജരാക്കിയാല്‍ മതി. പ്രായപരിധി 30 വയസ് കവിയരുത്. പി.ഐ.ഒ, ഒ.സി.ഐ വിഭാഗക്കാരെയും പരിഗണിക്കും.
സംവരണാനൂകൂല്യമില്ല. ഭിന്നശേഷിക്കാര്‍ക്കുള്ള 5 ശതമാനം കഴിച്ചുള്ള സീറ്റുകളുടെ 40 ശതമാനം കേരളീയര്‍ക്ക് മാറ്റി വച്ചിട്ടുണ്ട്. ഇതില്‍ കേരളത്തിലെ പ്രഫഷനല്‍ കോഴ്‌സ് സംവരണക്രമം പാലിക്കും. പ്രവേശനസമയത്ത് പി.ജി ഡിപ്ലോമയ്ക്ക് 1,23,000 രൂപയും, ഡിപ്ലോമയ്ക്ക് 1,03,000 രൂപയും വാര്‍ഷിക ഫീസ് അടയ്ക്കണം. ഇതില്‍ 30,000 രൂപ തിരികെക്കിട്ടുന്നതാണ്. പെണ്‍കുട്ടികള്‍ ഹോസ്റ്റല്‍ ഫീസ് (15,000 രൂപ) നല്‍കേണ്ട. അപേക്ഷാ ഫീസ് 2,000 രൂപ ഓണ്‍ലൈനായി അടയ്ക്കാം. പട്ടികവിഭാഗക്കാര്‍ക്ക് 1,000 രൂപയാണ് ഫീസ്.
തിരുവനന്തപുരം, കൊച്ചി, മുംബൈ എന്നീ കേന്ദ്രങ്ങളില്‍ ഫെബ്രുവരി 13ന് പ്രവേശന പരീക്ഷ നടക്കും.
ഈ പരീക്ഷയില്‍ മികവുള്ളവര്‍ക്ക് റാങ്കിങ്ങിനുള്ള ഇന്റര്‍വ്യൂവും ഓറിയന്റേഷനും കഴിഞ്ഞായിരിക്കും പ്രവേശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."