41-ാമത് ജിസിസി ഉച്ചകോടി ചൊവ്വാഴ്ച്ച സഊദിയിലെ അൽ ഉലയിൽ; ഖത്തർ, ഈജിപ്‌ത് ഭരണാധികാരികൾ പങ്കെടുക്കും
റിയാദ്: ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടി ജനുവരി അഞ്ചിന് സഊദിയിൽ ചേരും. സഊദി ടൂറിസ്‌റ്റ് കേന്ദ്രമായ അൽ ഉലയിലാണ് ഉച്ചകോടി ചേരുന്നത്. 41-ാമത് ഉച്ചകോടിയിൽ ഗൾഫ് സഹകരണ കൗൺസിലിൽ ഉൾപ്പെട്ട ആറു രാജ്യങ്ങളിലെയും രാഷ്‌ട്ര തലവന്മാർ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ഉച്ചകോടിയില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസിയും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും പങ്കെടുക്കുമെന്ന് ഗള്‍ഫ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള കരാര്‍ ഉച്ചകോടി പ്രഖ്യാപിക്കുമെന്നതിന്റെ സൂചനയാണ് ഉച്ചകോടിയിലെ ഈജിപ്ഷ്യന്‍ പ്രസിഡന്റിന്റെ പങ്കാളിത്തമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഉപരോധം നില നിൽക്കുന്ന ഖത്തറിൽ നിന്നും ഖത്തർ അമീറും സംഘവും പങ്കെടുക്കുമെന്നും ഉപരോധം സംബന്ധിച്ച് സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നുമാണ് റിപ്പോർട്ടുകൾ.
ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി സഊദി ഭരണാധികാരി സൽമാൻ രാജാവ് രാഷ്ട്ര നേതാക്കളെ ഔദ്യോഗികമായി ക്ഷണിച്ച് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന സഊദി മന്ത്രി സഭ ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾ വിലയിരുത്തി. ഗൾഫ് രാഷ്ട്രങ്ങൾ സംയുക്ത നടപടികളുമായി മുന്നോട്ട് പോകുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം, ഗള്‍ഫ് ഉച്ചകോടിക്കു മുന്നോടിയായി ഞായറാഴ്ച നടന്ന വിദേശ മന്ത്രിമാരുടെ സുപ്രധാന യോഗത്തില്‍ ഖത്തര്‍ വിദേശ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി പങ്കെടുക്കാതിരുന്നത് നിരീക്ഷകരില്‍ ചില സംശയങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ അല്‍മുരൈഖി ആണ് യോഗത്തില്‍ സംബന്ധിച്ചത്. ഇതിനു പിന്നാലെയാണ് ഉച്ചകോടിയിൽ ഖത്തർ അമീറും ഈജിപ്‌ത് പ്രസിഡന്റും പങ്കെടുക്കുമെന്ന വാർത്തകൾ പുറത്ത് വന്നത്. ഗൾഫിലെ തർക്കത്തിന് പരിഹാരം കണ്ടെത്താനുള്ള സഊദി അറേബ്യയുടെ കഴിവിൽ ബഹ്‌റൈൻ വിദേശ കാര്യ മന്ത്രി അബ്ദുല്ലത്വീഫ് അൽ സയാനി ആത്മവിശ്വാസം പ്രകടിപ്പിച്ചു. സഊദി അറേബ്യക്ക് പുറമെ ഖത്തർ, യുഎഇ,കുവൈത്, ഒമാൻ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളാണ് ഗൾഫ് സഹകരണ കൗൺസിലിൽ ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."