സ്വന്തം വഴിവെട്ടിയ ഏകാന്ത പഥികന്‍
അഫ്‌സല്‍ യൂസഫ്
തൃശൂര്‍: എഴുത്തു ലോകത്തുനിന്ന് ഒന്നും പ്രതീക്ഷിക്കാതെ ഏകാന്തനായി സഞ്ചരിച്ച കവിയാണ് ആറ്റൂര്‍ രവിവര്‍മ. ജനകീയതയ്‌ക്കോ സ്വീകാര്യതയ്‌ക്കോ വേണ്ടി ഒരു വരിപോലും എഴുതിയിട്ടില്ലാത്ത ആറ്റൂരിന്റെ സാഹിത്യലോകം കടലോളം പരപ്പുള്ളതായിരുന്നില്ല.
നൂറ്റിയന്‍പതോളം കവിതകള്‍ മാത്രമാണ് ആറ്റൂരിന്റെ തൂലികത്തുമ്പില്‍നിന്ന് ആസ്വാദകര്‍ക്ക് ലഭിച്ചത്. വസന്തത്തിന്റെയും ആനന്ദത്തിന്റെയും കവിയായിരുന്നില്ല ആറ്റൂര്‍. ആശങ്കയും അമംഗളവുമായിരുന്നു അദ്ദേഹത്തിന്റെ എഴുത്തുകളില്‍ നിഴലിച്ചത്.
ആഘോഷങ്ങള്‍ക്കും അഭിമുഖങ്ങള്‍ക്കും സാഹിത്യസദസുകള്‍ക്കും ഒന്നും അധികം പിടികൊടുത്തിരുന്നില്ല ആറ്റൂര്‍. സ്വയം കവിയായി വിശേഷിപ്പിച്ചുമില്ല. കവിയെയല്ല കവിതയെയാണ് മനസിലാക്കേണ്ടത് എന്നാണ് ആറ്റൂര്‍ വിശ്വസിച്ചത്. അത്യപൂര്‍വമായി പങ്കെടുക്കാറുള്ള സദസുകളില്‍ പോലും വാക്കുകളില്‍ കാണിച്ച ലാളിത്യമാണ് ആറ്റൂരിനെ വേറിട്ടു നിര്‍ത്തിയത്. ആധുനികത കൊടിയേറിയ ഘട്ടത്തിലാണ് ആറ്റൂര്‍ എഴുതാന്‍ തുടങ്ങിയത്. 1957 മുതല്‍ കവിതകള്‍ എഴുതിത്തുടങ്ങിയ ആറ്റൂരിന്റെ ആദ്യ കവിതാസമാഹാരമായ 'കവിത' എന്ന പുസ്തകം കേരള കവിതാഗ്രന്ഥാവരിയിലൂടെ പുറത്തുവരുമ്പോഴേക്കും 1977 ആയിരുന്നു.
'വേഗം നടക്കുന്നോരാളുകളെല്ലാരും ഞാനൊരമാന്തക്കൊടിമരമല്ലോ' എന്ന് സ്വകാര്യം എന്ന കവിതയില്‍ ആറ്റൂര്‍ പറയുന്നുണ്ട്. യഥാര്‍ഥത്തില്‍ അദ്ദേഹത്തിനുള്ളിലെ കവിയും അത്തരത്തിലായിരുന്നു. അതുകൊണ്ടാകണം മലയാളത്തിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചപ്പോള്‍ ആറ്റൂരിന്റെ പ്രതികരണം ഇങ്ങനെയായത്: ''ഒരമ്പരപ്പാണ് ആദ്യം തോന്നിയത്. എത്രയോ അകലെയാണ് എന്നു വിചാരിച്ച കൊടുമുടിയില്‍ ഒരു വളവുകഴിഞ്ഞപ്പോഴേക്കും എത്തിയപോലെ. ആ അമ്പരപ്പ് ഇനിയും മാറിയിട്ടില്ല.''
വാക്കുകളേക്കാള്‍ മൗനം പ്രധാനമാകുന്ന എഴുത്തുരീതിയാണ് ആറ്റൂരിന്റേത്. കൂടുതല്‍ മുഴങ്ങുമാറ് കുറച്ചു പറയുക. വേറിട്ടുനിന്ന ആ കവിതകളെ സമീപിക്കാന്‍ ആസ്വാദകര്‍ ശങ്കിച്ചുനിന്നിരുന്നു. കവിത കഴിഞ്ഞാല്‍ ആറ്റൂര്‍ ഏറ്റവും അധികം പ്രവര്‍ത്തിച്ചതും പ്രയത്‌നിച്ചതും വിവര്‍ത്തനത്തിലായിരുന്നു. തമിഴില്‍നിന്ന് മലയാളത്തിലേക്കാണ് രവിവര്‍മയുടെ മൊഴിമാറ്റങ്ങളെല്ലാം. സുന്ദരരാമസ്വാമിയുടെ രണ്ടു നോവലുകളും (ജെജെ ചില കുറിപ്പുകള്‍, പുളിമരത്തിന്റെ കഥ) നാഗരാജന്റെയും സല്‍മയുടെയും ഓരോ നോവലും അദ്ദേഹം മലയാളികള്‍ക്ക് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."