നാലംഗ കുടുംബം ജീവനൊടുക്കിയ നിലയില്‍
വാളാട് (വയനാട്): വാളാട് നാലംഗ കുടുംബത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വെണ്‍മണി തിടങ്ങഴി തോപ്പില്‍ വിനോദ്(48), ഭാര്യ മിനി(43), മക്കളായ അനുശ്രീ(17), അഭിനവ്(12) എന്നിവരെയാണ് വീടിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ കശുമാവിന്‍ തോപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ആറോടെയാണ് നാട്ടുകാര്‍ ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകിട്ട് ആറിന് മാനന്തവാടി പിലാക്കാവിലുള്ള സഹോദരിയുടെ വീട്ടില്‍ ഭാര്യയേയും മകനെയും കൂട്ടി വിനോദ് എത്തിയിരുന്നു. സഹോദരിയുടെ വീട്ടിലുള്ള മകള്‍ അനുശ്രീയെ കൂട്ടിക്കൊണ്ടു പോകാനാണ് ഇവര്‍ ഇവിടെ എത്തിയത്. പിന്നീടു ഭക്ഷണത്തിനു ശേഷം രാത്രി ഒന്‍പതോടെ സ്വന്തം വാഹനത്തില്‍ നാലുപേരും വീട്ടിലേക്കു തിരിച്ചെങ്കിലും രാത്രി ഏറെ വൈകിയിട്ടും വീട്ടിലെത്തിയിരുന്നില്ല.
ശനിയാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് വീട്ടില്‍നിന്നു നൂറുമീറ്റര്‍ അകലെ അയല്‍പക്കത്തെ സ്വകാര്യ വ്യക്തിയുടെ കശുമാവു മരത്തില്‍ ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിനോദിന്റെ ശരീരത്തില്‍നിന്ന് വ്യത്യസ്ത കവറിലാക്കിയ ഏഴു കുറിപ്പുകളും പൊലിസ് കണ്ടെത്തിയിരുന്നു. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സ്വാശ്രയസംഘത്തിനും നല്‍കാനായിരുന്നു ഈ കുറിപ്പുകള്‍.
ചെയ്യാത്ത തെറ്റിന് അയല്‍വാസിയായ കുട്ടന്‍ എന്ന നാരായണന്‍ തന്നെ കുറിച്ച് അപവാദ പ്രചാരണം നടത്തിയെന്നു കുറിപ്പില്‍ പറയുന്നു. ഇതില്‍ മാനസികമായി തകര്‍ന്നതു മൂലമാണ് തങ്ങള്‍ ആത്മഹത്യ ചെയ്യുന്നത്.
കുട്ടന്റെ വീടിനു മുന്നിലെ കശുമാവിന്‍ ചുവട്ടില്‍ തങ്ങളെ അടക്കണമെന്നും കത്തില്‍ എഴുതിയിട്ടുണ്ട്. ബന്ധുക്കളുടെ സാന്നിധ്യത്തില്‍ പൊലിസ് കുറിപ്പുകള്‍ വായിച്ചു. ഇതോടെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കുട്ടനെതിരേ പൊലിസ് കേസെടുത്തേക്കും.
മാനന്തവാടി ഡിവൈ.എസ്.പി കെ.എം ദേവസ്യ, വിവിധ പൊലിസ് സ്റ്റേഷനുകളിലെ എസ്.ഐമാരായ സി.ആര്‍ അനില്‍കുമാര്‍, ബിജു ആന്റണി, പി.ജെ ബിന്നി, എന്‍.കെ മഹേഷ് എന്നിവര്‍ രാവിലെ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള മേല്‍ നടപടി സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."