ശബരിമല കേസിന് പിന്നില്‍ തീവ്ര വലതുപക്ഷ ഗൂഢാലോചന: രാഹുല്‍ ഈശ്വര്‍
കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന കേസിനു പിന്നില്‍ തീവ്ര വലതുപക്ഷ ഗൂഢാലോചനയെന്നു രാഹുല്‍ ഈശ്വര്‍. ഇന്ത്യയിലെ എല്ലാ മത ആരാധനാലയങ്ങളിലേക്കും കടന്നുകയറാന്‍ നടത്തിയ ഗൂഢാലോചനയുടെ ആദ്യ പടിയാണിതെന്നും ഒരു ഹിന്ദു ക്ഷേത്രത്തെ മുന്നില്‍ നിര്‍ത്തി ചെയ്യുമ്പോള്‍ അതിനു മതേതരത്വത്തിന്റെ പിന്‍ബലം ലഭിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഹിന്ദു, ക്രിസ്ത്യന്‍, മുസ്‌ലിം വിഭാഗങ്ങളിലെ വിശ്വാസികള്‍ ഈ നീക്കം തിരിച്ചറിഞ്ഞ് എതിര്‍ക്കണം. ഇടതു ലിബറലുകളും ബര്‍ക്കാ ദത്തുമൊക്കെയാണ് ശബരിമല കേസിനു പിന്നിലെന്നായിരുന്നു തന്റെ ആദ്യ ധാരണ. പിന്നീട് യങ് ലോയേഴ്‌സ് എന്ന സംഘടനയാണെന്നും മുസ്‌ലിംകളും ക്രിസ്ത്യാനികളുമാണെന്നും കരുതി. എന്നാല്‍, ശബരിമല കേസിനു പിന്നില്‍ ഇവരാരുമല്ലെന്നും ഹിന്ദുസമൂഹത്തില്‍തന്നെയുള്ള സവര്‍ണ വിഭാഗത്തിലുള്ള ബ്രാഹ്മണിക്കല്‍ ചിന്ത പുലര്‍ത്തുന്നവരാണെന്നു തിരിച്ചറിയുകയായിരുന്നുവെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ഹൈന്ദവ ആചാര അനുഷ്ഠാന നിയമം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് അയ്യപ്പ ഭക്തജന സംഘടനകളുടെ നേതൃത്വത്തില്‍ 17നു പമ്പയില്‍ അയ്യപ്പഭക്ത മഹാ സംഗമം നടത്തും.
മണ്ഡലകാലം കഴിയുന്നതുവരെ സംഗമം തുടരും. വാര്‍ത്താസമ്മേളനത്തില്‍ അയ്യപ്പ ധര്‍മസേന ഭാരവാഹികളായ രാജേഷ് കണ്ടത്ത്, ഷെല്ലി രാമന്‍ പുരോഹിത് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."