ധോല-സദിയ പാലം: ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈന
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമായ ധോല -സദിയ പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിനു പിന്നാലെ ഇന്ത്യക്ക് മുന്നറിയിപ്പുമായി ചൈന. അരുണാചല്‍ പ്രദേശിലെ നിര്‍മാണങ്ങളില്‍ ഇന്ത്യ സൂക്ഷിക്കണമെന്നാണ് ചൈനയുടെ മുന്നറിയിപ്പ്.
ചൈനയുമായുള്ള അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യ സൂക്ഷ്മതയോടെയും സംയമനത്തോടെയും തീരുമാനങ്ങളെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം വാര്‍ത്താഏജന്‍സിയോടു പറഞ്ഞു. പരസ്പരമുള്ള ചര്‍ച്ചകളിലൂടെയും കൂടിക്കാഴ്ചകളിലൂടെയും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വക്താവ് പറഞ്ഞു.
അരുണാചല്‍ പ്രദേശ് തെക്കന്‍ തിബറ്റാണെന്നാണ് ചൈനയുടെ അവകാശവാദം. ഇന്ത്യ അതുനിഷേധിക്കുന്നു. അരുണാചലിലേക്കു നദിക്കു കുറുകെ പാലം നിര്‍മിച്ചതാണു ചൈനയെ പ്രകോപിപ്പിച്ചത്.
അസമില്‍ നിന്ന് അരുണാചല്‍ പ്രദേശുമായി കരമാര്‍ഗം ബന്ധപ്പെടാനുള്ള ഏക മാര്‍ഗമാണ് ഈ പാലം. ബ്രഹ്മപുത്ര നദിക്കു കുറുകെ നിര്‍മിക്കുന്ന നാലാമത്തെ പാലം കൂടിയാണ് ഇത്. പാലം ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കുന്നത് സൈന്യത്തിനാണ്.
നിലവില്‍ ചൈനയുടെ ഭീഷണി നേരിടുന്ന അരുണാചല്‍ അതിര്‍ത്തികളില്‍ എളുപ്പത്തില്‍ എത്താന്‍ സൈന്യത്തിന് കഴിയും. ടാങ്കുകള്‍ക്ക് പോകാന്‍ കഴിയുന്ന തരത്തിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."