കത്തുകളുടെ കഥ
വിവര സാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്ക്ക് മുന്‍പ് ആശയവിനിമയത്തിനുള്ള പ്രധാന ഉപാധി കത്തുകളായിരുന്നു. മൊബൈല്‍ ഫോണും ഇ-മെയിലും വീഡിയോ കോണ്‍ഫറന്‍സിങ്ങുമൊക്കെയുള്ള ഇക്കാലത്ത് എഴുത്തുകള്‍ കുറഞ്ഞു. വിവരസാങ്കേതിക വിദ്യ എത്രയൊക്കെ പുരോഗമിച്ചിട്ടും ആശയവിനിമയ രംഗത്ത് തപാല്‍ വകുപ്പിന്റെ സ്ഥാനം ഇപ്പോഴും നിലനില്‍ക്കുന്നു. ഇന്നെത്ത പോസ്റ്റ്മാന്റെ പൂര്‍വികനായ അഞ്ചലോട്ടക്കാരെയും പ്രതീക്ഷിച്ച് വീണ്ടും മുറ്റത്തും പാടവരമ്പത്തും കാത്തുനില്‍ക്കുന്ന പഴയ തലമുറക്കാരുടെ കഥകള്‍ രസകരമാണ്?
ഇന്റര്‍നെറ്റും മൊബൈലുമെല്ലാം വ്യാപകമാകുന്നതിന് മുന്‍പ് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് സന്ദേശമെത്തിക്കുന്നതിനുള്ള പ്രധാന മാര്‍ഗം തപാല്‍ സംവിധാനമായിരുന്നു. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം കത്തുകള്‍ അയയ്ക്കുക എന്നത് പലരുടെയും പതിവു ശീലവുമായിരുന്നു. പോസ്റ്റ് കാര്‍ഡിലും ഇന്‍ലന്‍ഡിലുമൊക്കെയായി കത്തുകള്‍ തപാല്‍ വഴി ഒരിടത്തുനിന്നും മറ്റൊരിടത്തെത്തും. എഴുത്തുകള്‍ മാത്രമല്ല, പണവും പാര്‍സലും മറ്റ് സാധനങ്ങളുമെല്ലാം തപാല്‍ വഴി എത്തേണ്ടിടത്ത് എത്തിച്ചുനല്‍കാം.
തപാലിന്റെ കഥ
ലോകത്തിലെ ഏറ്റവും വലിയ തപാല്‍ ശൃംഖലയുള്ള രാജ്യമാണ് ഇന്ത്യ. 1766 ലാണ് ഇന്ത്യയില്‍ തപാല്‍ സമ്പ്രദായം നിലവില്‍ വന്നത്. തപാല്‍ സമ്പ്രദായം നിലവില്‍ വന്ന് 8 വര്‍ഷം കഴിഞ്ഞാണ് (1774-ല്‍) ആദ്യത്തെ ജനറല്‍ പോസ്റ്റാഫീസ് സ്ഥാപിതമായത്. കൊല്‍ക്കത്തയിലായിരുന്നു ഇത്. 1898-ലെ ഇന്ത്യന്‍ പോസ്റ്റാഫീസ് ആക്ടുമായി ബന്ധപ്പെട്ടതാണ് നിലവിലെ തപാല്‍ നിയമങ്ങള്‍. ഇന്ത്യയില്‍ ആദ്യമായി തപാല്‍ സ്റ്റാംപ് പുറത്തിറക്കിയത് സിന്ധ് പ്രവിശ്യയി(ഇന്നെത്ത പാകിസ്താനില്‍) ലാണ്. സിന്ധ്ഡാക്ക് എന്നായിരുന്നു ഇതിന്റെ പേര്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സ്റ്റാംപ് 1947 നവംബര്‍ 21 ന് പുറത്തിറക്കി. ഇന്ത്യന്‍ പതാകയും ജയ്ഹിന്ദ് എന്ന മുദ്രാവാക്യവുമാണ് ഇതിലുണ്ടായിരുന്നത്.
തിരുവിതാംകൂറില്‍
പ്രാചീനകാലം മുതല്‍ക്കേ കേരളത്തില്‍ കത്തിടപാടുകള്‍ നടത്തിയിരുന്നു. രാജഭരണകാലത്ത് വാര്‍ത്താവിനിമയം നടത്താന്‍ പെരുമ്പറ, ഡമാരം, നഗരാവ്, ബൂരി, മുരശ്, വംഗ തുടങ്ങിയ വിളംബര വാദ്യോപകരണങ്ങളാണ് ഉപയോഗിച്ചിരുന്നത്. കൂടാതെ വിദൂരസ്ഥലങ്ങളിലേക്ക് സന്ദേശവാഹകരെ അയക്കുന്ന രീതിയും പ്രചാരത്തിലുണ്ടായിരുന്നു. കൊട്ടാരം വകയുള്ള ഉത്തരവുകളും സര്‍ക്കാര്‍ സാധനങ്ങളും ഭൃത്യന്മാര്‍ കച്ചേരികളില്‍ എത്തിച്ചിരുന്നു. ഇങ്ങനെ പരസ്പര സമ്പര്‍ക്കത്തിന്റെ സാധ്യതകള്‍ വികസിച്ചുതുടങ്ങി.
കേരളത്തില്‍
എല്ലാ ഗ്രാമങ്ങളിലും പോസ്റ്റ് ഓഫിസുള്ള ഇന്ത്യയിലെ ആദ്യ ഗ്രാമമാണ് കേരളം. 2011-12 വര്‍ഷത്തില്‍ കേരളത്തില്‍ 5075 തപാല്‍ ഓഫിസുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ 82.85 ശതമാനവും ഗ്രാമീണ മേഖലകളിലാണ്. എല്ലാ റവന്യൂ വില്ലേജുകളിലും ഓരോ തപാല്‍ ഓഫിസെങ്കിലും പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ മൊത്തം 57 ഹെഡ് പോസ്റ്റാഫിസുകളാണ് പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ തൃശൂര്‍ ജില്ലയിലാണ്. കുറവ് വയനാടും. കൂടുതല്‍ ഡിവിഷനുകള്‍ ഉള്ള ജില്ല പത്തനംതിട്ടയാണ്.
തുടക്കത്തില്‍ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുമാത്രം ഉപയോഗിച്ച അഞ്ചല്‍ സമ്പ്രദായം സാധാരണക്കാര്‍ക്ക് കൂടി സര്‍വിസ് നടത്താന്‍ തുടങ്ങിയപ്പോള്‍ അഞ്ചലോട്ടക്കാരന്‍ അഞ്ചല്‍പിള്ളയായി. സന്ദേശമെഴുതാന്‍ പനയോലയ്ക്കു പകരം കടലാസ് ഉപയോഗിച്ചുതുടങ്ങിയത് 1871 മുതല്‍ക്കാണ്. 1951 ലാണ് ഇന്ത്യന്‍ കമ്പിത്തപാല്‍ വകുപ്പിലേക്ക് അഞ്ചല്‍ സര്‍വിസ് ലയിപ്പിച്ചത്. ഇന്ന് തപാല്‍ വകുപ്പിന്റെ കീഴില്‍ വിവിധ സര്‍വിസുകള്‍ (മണിയോര്‍ഡര്‍, സേവിംഗ് പദ്ധതി, മെയില്‍ സര്‍വിസ്) പ്രവര്‍ത്തിച്ചുവരുന്നു.
അഞ്ചലും അഞ്ചലോട്ടക്കാരനും
കൊല്ലവര്‍ഷം 959-ല്‍ തിരുവിതാംകൂര്‍ രാമവര്‍മ മഹാരാജാവ് സന്ദേശവാഹക ഏര്‍പ്പാടിന് പരിഷ്‌കാരങ്ങള്‍ വരുത്തിയതായും, ദിവാനായിരുന്ന കേണല്‍ മണ്‍ട്രോ ഈ സമ്പ്രദായത്തിന് അഞ്ചല്‍ എന്ന് നാമകരണം ചെയ്തതായും കാണാം. ഇതോടെ കൈമാറ്റം ചെയ്യാനുള്ള ഉരുപ്പടികള്‍ അഞ്ചല്‍ എന്നും വാഹകന്‍ അഞ്ചലോട്ടക്കാരനെന്നും അറിയപ്പെട്ടു. അഞ്ചല്‍ തറകള്‍ എന്നായിരുന്നു അഞ്ചല്‍ ഓഫിസിന്റെ വിളിപ്പേര്. അഞ്ചല്‍ ഓട്ടക്കാരന്‍ എന്നാല്‍, കാല്‍നടയായി തപാല്‍ എത്തിക്കുന്ന പോസ്റ്റ്മാന്‍ എന്നര്‍ഥം. ഇയാളുടെ കത്തുകൊണ്ടുള്ള പോക്കാണ് അഞ്ചലോട്ടം. കാക്കിയുടുപ്പും മുണ്ടും തലക്കെട്ടുമായിരുന്നു വേഷം.
അഞ്ചല്‍ സമ്പ്രദായത്തിന് കൃത്യമായ വ്യവസ്ഥകള്‍ പാലിച്ചിരുന്നു. അഞ്ചലോട്ടക്കാരന്‍ ദിവസം എട്ട് മൈല്‍ എന്ന പ്രകാരം മണിയൊച്ച മുഴക്കി വഴിയുടെ മധ്യഭാഗത്തുകൂടി ഓടണമായിരുന്നു. നിശ്ചിത ദൂരം കഴിഞ്ഞാല്‍ അടുത്ത ആള്‍ക്ക് സാധനങ്ങള്‍ കൈമാറും.
രാത്രി യാത്രയ്ക്കു ചൂട്ടുകത്തിച്ചുപിടിക്കും. സ്വയം രക്ഷയ്ക്ക് അഞ്ചല്‍ കുന്തവും കരുതും. കൈപിടിയില്‍ നാലുമണികള്‍ (കുടമണി) കെട്ടിയതാണ് അഞ്ചല്‍ കുന്തം. ഈ മണികിലുക്കം കേട്ടാലറിയാം അഞ്ചല്‍ക്കാരന്‍ വരുന്നുണ്ടെന്ന്. അഞ്ചല്‍ ശിപായിക്ക് യാത്രാ തടസ്സം ഉണ്ടാക്കുന്നത് കുറ്റകരമായിരുന്നു. അഞ്ചല്‍ ഉരുപ്പടികള്‍ക്ക് കൂലി നിരക്ക് ഏര്‍പ്പെടുത്തിയത് തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ ടി. മാധവരായരുടെ കാലത്താണ്.
1860-ല്‍ തിരുവിതാംകൂറില്‍ അഞ്ചല്‍ സേവനം നാട്ടുകാര്‍ക്കും കിട്ടിത്തുടങ്ങി.1866ല്‍ ഉരുപ്പടികള്‍ക്ക് രജിസ്‌ട്രേഷന്‍ രീതിയും നിലവില്‍ വന്നു.1791-ല്‍ കൊച്ചിയില്‍ അഞ്ചല്‍ സമ്പ്രദായം വന്നെങ്കിലും നാട്ടുകാര്‍ക്ക് സേവനം കിട്ടുന്നത്1885 ലാണ്. 1892 ലാണ് കൊച്ചിയില്‍ സ്റ്റാംപ് വരുന്നത്. കത്തുകള്‍ ശേഖരിക്കുന്നതിന് അങ്ങാടിക്കടുത്ത് അഞ്ചല്‍ പെട്ടികള്‍ സ്ഥാപിച്ചിരുന്നു.
ലോകത്തിലെ ആദ്യ തപാല്‍
നല്ല കനമുള്ള കളിമണ്‍ പലകകളില്‍ എഴുതിയ സന്ദേശങ്ങള്‍ ചുമന്ന് മേല്‍വിലാസക്കാരന്റെ അടുത്ത് എത്തിക്കുക! 4000 വര്‍ഷം മുന്‍പത്തെ തപാല്‍ സമ്പ്രദായം ഇങ്ങനെയായിരുന്നു! ബാബിലോണിയയിലാണ് ലോകത്തിലെ ആദ്യത്തെ തപാല്‍ നിലവില്‍ വന്നതെന്നു കരുതുന്നു. പിന്നീട് കളിമണ്‍ കത്തുകള്‍ ചുമയ്ക്കുന്നതിന് കുതിരകളെ ഉപയോഗിച്ചു തുടങ്ങി.
ഭാരതത്തില്‍ ഏറെക്കാലം മുന്‍പേ കല്ലിലും ഇലയിലുമൊക്കെ സന്ദേശങ്ങള്‍ എഴുതി അയയ്ക്കാറുമുണ്ടായിരുന്നു. മുഗള്‍ ഭരണകാലത്ത് കുതിര സവാരിക്കാരായിരുന്നു പോസ്റ്റ്മാന്‍മാര്‍. പ്രാവുകളെയും പോസ്റ്റ്മാന്‍മാരാക്കിയിരുന്നു ഇന്ത്യയില്‍. സന്ദേശങ്ങള്‍ കൊണ്ടുപോകുന്നവര്‍ക്ക് വിശ്രമിക്കാനുള്ള താവളമാണ് പോസിറ്റസ് (ലാറ്റിന്‍പദം). ഇതില്‍ നിന്നാണ് പോസ്റ്റ് എന്ന വാക്കുണ്ടായത്.
പിന്‍കോഡ്
കത്തുകള്‍ അയക്കുമ്പോള്‍ മേല്‍വിലാസത്തിനൊപ്പം പിന്‍കോഡുകൂടി രേഖപ്പെടുത്തും. തപാല്‍ സംവിധാനം വഴി കൈമാറ്റം ചെയ്യപ്പെടുന്ന ഉരുപ്പടികള്‍ കൃത്യമായി മേല്‍വിലാസക്കാരന് എത്തിക്കാനാണ് പിന്‍കോഡ് ഉപയോഗിക്കുന്നത്. ഇന്ത്യയിലെ പോസ്റ്റല്‍ കോഡ് സംവിധാനമാണ് പോസ്റ്റല്‍ ഇന്‍ഡക്‌സ് നമ്പര്‍ അഥവാ പിന്‍കോഡ്. 1972 ആഗസ്റ്റ് 15 നാണ് പിന്‍കോഡ് സിസ്റ്റം ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയത്. പിന്‍ എന്നറിയപ്പെടുന്ന ആറക്ക നമ്പരില്‍ പോസ്റ്റല്‍ സോ, ഉപമേഖല, സോര്‍ട്ടിംഗ് ജില്ല, തപാല്‍ റൂട്ട് എന്നിങ്ങനെ യഥാക്രമം ഒന്നു മുതല്‍ നാലുവരെയുള്ള അക്കങ്ങളും, അതാത് റൂട്ടിലെ പോസ്റ്റ് ഓഫിസിനെ അവസാന അഞ്ചും ആറും അക്കങ്ങളും പ്രതിനിധീകരിക്കുന്നു. തപാല്‍ ഉരുപ്പടികളുടെ സുഗമമായ കൈമാറ്റം പിന്‍കോഡ് ഉറപ്പുവരുത്തുന്നു.
സ്റ്റാംപില്‍ പതിഞ്ഞ മുഖങ്ങള്‍
ചന്ദ്രഗുപ്ത മൗര്യന്‍ - ആദ്യ ഇന്ത്യന്‍ ചക്രവര്‍ത്തി
മഹാത്മാഗാന്ധി- ഏറ്റവും കൂടുതല്‍ രാജ്യങ്ങളുടെ സ്റ്റാംപില്‍ പ്രത്യക്ഷപ്പെട്ട ഇന്ത്യക്കാരന്‍.
മീരാഭായ് - ആദ്യ ഇന്ത്യന്‍ വനിത.
സ്വാതിതിരുനാള്‍ - ആദ്യ തിരുവിതാംകൂര്‍ രാജാവ്.
ശ്രീനാരായണഗുരു - ആദ്യ മലയാളി.
രാജാരവിവര്‍മ - രണ്ടാമത്തെ മലയാളി.
ഇ.എം.എസ് - ആദ്യ മുഖ്യമന്ത്രി.
വി.കെ.കൃഷ്ണമേനോന്‍ - രണ്ടു പ്രാവശ്യം മുദ്രണം ചെയ്യപ്പെട്ട ആദ്യ മലയയാളി.
പ്രേംനസീര്‍ - ആദ്യ സിനിമാ നടന്‍.
സിസ്റ്റര്‍ അല്‍ഫോണ്‍സാമ്മ - ആദ്യ മലയാളി വനിത.
ശ്രീനാരായണഗുരു-ശ്രീലങ്കയുടെ സ്റ്റാംപില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി.
തപാല്‍ സ്റ്റാംപില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരന്‍ - ഗാന്ധിജി.
പ്രാവ് തപാല്‍
ഒഡീഷ പൊലിസാണ് പ്രാവുകളെ തപാല്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നത്. 1988 വരെ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ വാര്‍ത്തകള്‍ എത്തിക്കാന്‍ പ്രാവുകളെ വന്‍തോതില്‍ എത്തിച്ചിരുന്നു. 2002 ഓടെ പ്രാവുകളുടെ സേവനം അവസാനിപ്പിച്ചു.
മണമുള്ള സ്റ്റാംപുകള്‍
റോസാപ്പൂവിന്റെയും ചന്ദനത്തിന്റെയും അത്തറിന്റെയുമെല്ലാം മണമുള്ള സ്റ്റാംപുകളും പുറത്തിറക്കിയിട്ടുണ്ട്. ലോകത്ത് ആദ്യമായി സുഗന്ധ സ്റ്റാംപ് പുറത്തിറക്കിയത് ഭൂട്ടാനാണ്.
ഇന്ത്യയില്‍ ആദ്യമായി പുറത്തിറക്കിയ സ്റ്റാംപിന് ചന്ദനത്തിന്റെ മണമാണ്. 15 രൂപ വിലയുള്ള ഈ സ്റ്റാമ്പ് പുറത്തിറക്കിയത് 2006 ഡിസംബര്‍ 6 നാണ്. (റോസാപ്പൂവിന്റെ മണം) ആണ് ഇന്ത്യയില്‍ പുറത്തിറക്കിയ രണ്ടാമത്തെ സുഗന്ധ സ്റ്റാംപ്(2007-ല്‍).
സ്റ്റാംപ് ശേഖരണം രസമുള്ള വിനോദം
സ്റ്റാംപ് ശേഖരണം എന്ന രസകരമായ വിനോദത്തിനുകൂടി തപാല്‍ വകുപ്പ് വഴി തുറക്കുന്നുണ്ട്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഏര്‍പ്പെട്ടിരിക്കുന്ന വിനോദം കൂടിയാണിത്. ഫിലാറ്റലി എന്ന വാക്കാണ് ഈ വിനോദത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. സ്റ്റാംപുകളെക്കുറിച്ചുള്ള പഠനവും ഫിലാറ്റലി എന്നാണറിയപ്പെടുന്നത്.
കുട്ടികള്‍ക്ക് ഏറെ താല്‍പര്യമുള്ള ഒരു വിനോദമാണ് സ്റ്റാംപ്- നായണ ശേഖരണം. കിട്ടുന്ന സ്റ്റാംപുകളെല്ലാം ചിട്ടയോടെ അടുക്കിവെക്കണം. ആല്‍ബങ്ങളില്‍ അടുക്കിവെയ്ക്കുന്നതായിരിക്കും ഉചിതം. കത്തുകളില്‍ നിന്ന് സ്റ്റാംപുകള്‍ അടര്‍ത്തിയെടുക്കുമ്പോഴും ശ്രദ്ധിക്കണം.
ചിത്രങ്ങളുടെ അടിസ്ഥാനത്തിലോ രാജ്യങ്ങളുടെ അടിസ്ഥാനത്തിലോ സ്റ്റാംപുകളെ തരംതിരിച്ച് സൂക്ഷിക്കാം. താല്‍പര്യമുള്ളവര്‍ക്ക് ഈ തപാല്‍ ദിനത്തില്‍ തന്നെ ഈ വിനോദത്തിന് ഹരിശ്രീ കുറിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."