നെല്‍കൃഷിയുടെ പേരില്‍ പാഴാക്കുന്നത് ലക്ഷങ്ങള്‍; കമ്മിഷന്‍ തട്ടാന്‍ നീക്കം
വാര്യര്‍ വി കിളിമാനൂര്‍
കിളിമാനൂര്‍: നെല്‍കൃഷി പരിപോഷണത്തിന്റെ മറവില്‍ ജില്ലയില്‍ പാഴാക്കുന്നത് ലക്ഷങ്ങള്‍. യന്ത്രങ്ങള്‍ വാങ്ങിക്കൂടിയാണ് ലക്ഷങ്ങള്‍ പാഴാക്കുന്നത്. യന്ത്രങ്ങള്‍ വാങ്ങുന്നതിലൂടെ കമ്മിഷന്‍ തട്ടിയെടുക്കുക എന്നത് മാത്രമാണ് ലക്ഷ്യം. ചോദിക്കാനും പറയാനും ആരും ഇല്ലാത്തതിനാല്‍ കണ്ടവര്‍ കാണാതെയും കേട്ടവര്‍ കേള്‍ക്കാതെയും പോകുന്നു. അതിന്റെ വ്യക്തമായ തെളിവാണ് പഴയകുന്നുമ്മേല്‍ പഞ്ചായത്ത് ഓഫിസ് പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ടയറുകളില്‍ കാറ്റുപോയും തുരുമ്പ് കയറിയും നശിക്കുന്ന ട്രാക്ടര്‍.
2007-08 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയതാണ് ഈ ട്രാക്ടര്‍. അടയമണ്‍ പാടശേഖരത്തിലെ കൃഷി പരിപോഷണത്തിനായി വാങ്ങിയതായിരുന്നു ഈ ട്രാക്ടര്‍. ട്രാക്ടര്‍ പാടത്തിറക്കിയത് ആഘോഷമായിട്ടായിരുന്നു. അന്നത്തെ എം.എല്‍.എ രാജനായിരുന്നു ഉദ്ഘാടകന്‍. ഈ ട്രാക്ടര്‍ വാങ്ങുമ്പോള്‍ കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പരിസരത്ത് നിരവധി ട്രാക്ടറുകള്‍ മണ്ണായികൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ജില്ലയില്‍ വാങ്ങിയ ഇത്തരം യന്ത്രങ്ങളുടെ കണക്കെടുത്താല്‍ അതില്‍ നടന്നിട്ടുള്ള അഴിമതികള്‍ പുറത്ത് വരും.
കോടിക്കണക്കിന് രൂപയുടെ യന്ത്രങ്ങളാണ് വാങ്ങി കൂട്ടിയത്. കൊയ്ത്തു മെതി യന്ത്രം, ഞാറു നടീല്‍ യന്ത്രം, ട്രാക്ടറുകള്‍ അങ്ങനെ പോകുന്നു പട്ടിക. വാങ്ങിക്കൂട്ടിയത് എവിടെ ഉണ്ടെന്ന് പോലും അറിയാത്ത അവസ്ഥയാണിന്നുള്ളത്. ശശികല ശിവശങ്കര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെയാണ് ജില്ലയില്‍ വലിയ തോതില്‍ കൃഷി യന്ത്രങ്ങള്‍ വാങ്ങിക്കൂട്ടിയത്. പാടശേഖര സമിതികള്‍ ആഘോഷപൂര്‍വം ഉദ്ഘാടനം നടത്തുകയും ഒന്നോ രണ്ടോ പ്രാവശ്യം ഉപയോഗിച്ച ശേഷം പാടത്തോ ഏതെങ്കിലും വീടിന്റെ പിന്നാമ്പുറത്തോ ഉപേക്ഷിക്കുകയുമാണ് പതിവ്.
പുളിമാത്ത് പഞ്ചായത്തിലും കിളിമാനൂര്‍ പഞ്ചായത്തിലും കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിലും നിരവധി യന്ത്രങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."