പഴയകുന്നുമ്മേല്‍ സഹകരണ ബാങ്കില്‍ മത്സരം ഉറപ്പായി
കിളിമാനൂര്‍: അടുത്ത മാസം നാലിന് നടക്കാനിരിക്കുന്ന പഴയകുന്നുമ്മേല്‍ സര്‍വിസ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരം ഉറപ്പായി. കോണ്‍ഗ്രസിനെതിരേ മത്സരിക്കാന്‍ പഴയകുന്നുമ്മേല്‍ പഞ്ചായത്ത് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജനസംരക്ഷണ സമിതി 12 പേരുടെ പാനല്‍ തയാറാക്കി.
ഇന്നലെ കൂടിയ ജനറല്‍ ബോഡി 12 പേരുടെ പട്ടികക്ക് അംഗീകാരം നല്‍കിയതായി പ്രസിഡന്റ് വേണുഗോപാലന്‍ നായര്‍ അറിയിച്ചു. എ. മനാഫ്, കെ. വേണുഗോപാലന്‍ നായര്‍, കെ.എസ് ആനന്ദന്‍, വി. ഗോവിന്ദന്‍ പോറ്റി, എസ്. ജാഫര്‍, മധുസൂദനന്‍, വേലായുധന്‍ എന്നിവരാണ് പാനലിലെ പ്രമുഖര്‍. ഗോവിന്ദന്‍ പോറ്റിയും ജാഫറും നിലവില്‍ പഴയകുന്നുമ്മേല്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളാണ്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി എന്‍. സുദര്‍ശനന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ആണ് ബാങ്ക് ഭരിക്കുന്നത്. ഭരണ സമിതിക്കെതിരേ നിരവധി അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കുന്നതായി പൊതു ജനങ്ങള്‍ക്കിടയില്‍ ആക്ഷേപം നിലവിലുള്ളതിനാലാണ് മത്സര രംഗത്തിറങ്ങാന്‍ നിര്‍ബന്ധിതമായതെന്ന് വേണു ഗോപാലന്‍ നായര്‍ പറഞ്ഞു.
കാര്‍ഷിക വികസന ബാങ്കിലെ മത്സരത്തില്‍ നിന്ന് കോണ്‍ഗ്രസും പഴയകുന്നുമ്മേല്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ നിന്ന് ഇടതുപക്ഷവും കഴിഞ്ഞ കുറെകാലമായി വിട്ടു നില്‍ക്കുകയാണ്. ബാങ്കിലെ കോടികളുടെ അഴിമതിക്കെതിരേ പ്രതികരിച്ചവരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബാങ്ക് ഭരണസമിതിക്കെതിരേ മത്സരിക്കുന്നവര്‍ക്കെതിരേയും ഗുണ്ടകളെ ഉപയോഗിച്ച് കൈകാര്യം ചെയ്യുമെന്ന ചില ഭീഷണികള്‍ ഉയര്‍ന്നിട്ടുള്ളതായി ആരോപണമുണ്ട്.
ഈ മാസം 15നാണ് നാമനിര്‍ദേശ പട്ടിക സമര്‍പ്പിക്കേണ്ടത്. അന്തിമ വോട്ടര്‍പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."