സാമ്പത്തിക കുറ്റവാളികള്‍ക്കെതിരേ കടുത്ത നടപടി വേണമെന്ന് ഇന്ത്യ
റിയോഡിജനീറോ: സാമ്പത്തിക കുറ്റവാളികള്‍ക്കെതിരേ കടുത്ത നടപടി വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തികകുറ്റകൃത്യങ്ങള്‍ക്കും എതിരേ അംഗരാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്നും ബ്രസീലില്‍ സമാപിച്ച ബ്രിക്‌സ് രാജ്യങ്ങളുടെ യോഗത്തില്‍ ഇന്ത്യ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച ബ്രസീലിലെ റിയോഡിജനീറോയില്‍ നടന്ന ബ്രിക്‌സ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ കേന്ദ്ര ഉപരിതലഗതാഗത സഹമന്ത്രി ജനറല്‍ വി.കെ സിങ് ആണ് പങ്കെടുത്തത്. യോഗത്തില്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ആണ് പങ്കെടുക്കേണ്ടിയിരുന്നത് എങ്കിലും അവസാനനിമിഷം അദ്ദേഹത്തിന്റെ യാത്ര റദ്ദാക്കുകയും പകരം വി.കെ സിങ് യാത്രതിരിക്കുകയുമായിരുന്നു.
സ്വന്തം ഭൂമിയില്‍ ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കരുതെന്നും യോഗം അംഗരാജ്യങ്ങളോട് അഭ്യര്‍ഥിച്ചു. ഭീകരപ്രവര്‍ത്തനത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ബ്രിക്‌സ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.
അടുത്തിടെ ന്യൂസിലന്‍ഡ്, ശ്രീലങ്ക, സൊമാലിയ എന്നീ രാജ്യങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളെ യോഗം അപലപിക്കുകയും ചെയ്തു. ഇന്ത്യയെക്കൂടാതെ ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്‌സ് കൂട്ടായ്മയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."