കേരള - തമിഴ്‌നാട് അതിര്‍ത്തി വനത്തില്‍ ചന്ദനമരങ്ങള്‍ മറയുന്നു മഴയില്‍ മരം മുറിച്ച് കടത്താന്‍ ശ്രമം
കാട്ടാക്കട: ചന്ദനമരങ്ങള്‍ ലാക്കാക്കി കവര്‍ച്ചാ സംഘം അതിര്‍ത്തി വനത്തില്‍ കൂടുകൂട്ടുന്നു. പേമാരി സമയത്ത് മരം മുറിച്ച് കടത്താനാണ് ശ്രമം. വിവരം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വനം വകുപ്പ് അന്വേഷണം തുടങ്ങി. കേരള- തമിഴ്‌നാട് അതിര്‍ത്തി വനത്തില്‍ നിന്നും ചന്ദനമരങ്ങള്‍ ഒന്നൊന്നായി കടത്താന്‍ ലക്ഷ്യമിടുകയാണ് ലക്ഷ്യം.
അടുത്തിടെ ചന്ദനവുമായി വന്ന കവര്‍ച്ചാ സംഘത്തില്‍പ്പെട്ട ചിലരെ പിടികൂടിയിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളാണ് വനത്തില്‍ തങ്ങുന്നവരെ കുറിച്ച് അറിയാന്‍ കഴിഞ്ഞത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന ചന്ദനമരങ്ങള്‍ തേടി മോഷ്ടാക്കള്‍ വനത്തില്‍ വിഹരിക്കുകയാണ് എന്ന വിവരം അറിഞ്ഞിട്ടും മൗനം പാലിച്ച വകുപ്പ് ഈ വിവരത്തെ തുടര്‍ന്നാണ് അന്വേഷണം നടത്തുകയെന്നും വിവരമുണ്ട്. അതിര്‍ത്തി പങ്കിടുന്ന അഗസ്ത്യവനത്തിലെ നെയ്യാര്‍, കുലശേഖരം വഴി അകത്തുകയറുന്ന മോഷ്ടാക്കള്‍ ചന്ദനം മുറിച്ച് തമിഴ്‌നാട്ടിലെത്തിച്ച് അവിടെ നിന്നും ഹൈടെക്ക് ബസുകളിലാണ് കേരളത്തില്‍ എത്തുന്നതും അവിടെ നിന്നും കടല്‍ കടക്കുന്നതും. വിതുരയ്ക്ക് സമീപം ബോണക്കാട്ട് നിന്നും രഹസ്യവഴിയുണ്ട്. ഇതു വഴി തമിഴ്‌നാട്ടിലെ ഉള്‍കാടുകളില്‍ എത്തി മരം മുറിച്ച് കടത്തുന്ന സംഘങ്ങളും ഇപ്പോള്‍ സജീവമായതായി സൂചനയുണ്ട്.
പണ്ട് ബ്രിട്ടീഷുകാര്‍ ഈ ഭാഗത്ത് ഉണ്ടായിരുന്ന തങ്ങളുടെ തേയില തോട്ടങ്ങളില്‍ പോകാന്‍ നിര്‍മിച്ച കുതിരപാതയുണ്ട്. ഈ പാതകള്‍ ഇപ്പോഴും തെളിഞ്ഞു കിടപ്പുണ്ട്. ഇതു വഴിയാണ് കടന്നുപോകുന്നത്.
അതിര്‍ത്തി വനമായതിനാലും മഞ്ഞുമൂടിയ ഭാഗമായതിനാലും ഇവിടെ വനപാലകര്‍ ഉണ്ടാകാറില്ല. അതിനാല്‍ തന്നെ സുരക്ഷിതമായി പോകാം. അമ്പൂരി ആനനിരത്തി വഴിയും ചന്ദനമര കവര്‍ച്ചക്കാര്‍ പോകുന്നതായും വനപാലകര്‍ക്ക് അറിയാം. ദിവസങ്ങളോളം തങ്ങാന്‍ പാകത്തില്‍ പോകുന്ന സംഘങ്ങളാണ് ചന്ദനമരങ്ങള്‍ മുറിക്കുന്നതും കടത്തുന്നതും. അതിന് ഒത്താശ നല്‍കുന്നത് മുന്‍പ് ചന്ദനമര കവര്‍ച്ച നടത്തി പിടിയിലായവര്‍ ആണെന്നും സൂചനയുണ്ട്. കേരള വനത്തിലെ അതിര്‍ത്തി ഭാഗത്ത് തമിഴ്‌നാട്ടിലാണ് ചന്ദനതോട്ടമുള്ളത്.
അവിടെ നിന്നുമാണ് വെട്ടല്‍. കളക്കാട്, കീരിപ്പാറ, കാളികേശം, ഇഞ്ചിക്കാട്, 900 ഏക്കര്‍ എന്നിവിടങ്ങള്‍ ചന്ദനമരങ്ങളുടെ ഭൂമിയാണ്. പേപ്പാറ വനത്തിലെ ചിലയിടങ്ങളിലും ചന്ദനമരം കൂട്ടമായി നില്‍പ്പുണ്ട്. നെയ്യാര്‍- കളക്കാട് വന്യജീവി സങ്കേതങ്ങളുമായി ചുറ്റി കിടക്കുന്ന ഇവിടെനിന്നുമാണ് മരം വന്‍തോതില്‍ വെട്ടുന്നതെന്ന് സംശയമുണ്ട്. പിടികൂടല്‍ നടക്കുമെങ്കിലും അടുത്ത നാള്‍ അടുത്ത സംഘം വീണ്ടും വനത്തില്‍ കയറും. വന്യമൃഗവേട്ട ഉള്‍പ്പടെയുള്ള കേസിലെ പ്രതികളാണ് മരം കവര്‍ച്ചക്ക് പുറപ്പെടുന്നത്.
ആവശ്യത്തിന് പണം സ്വരൂപിക്കുകയാണ് ഇവരുടെ ലക്ഷ്യം. ചന്ദരമരങ്ങള്‍ക്ക് ഇപ്പോള്‍ വിദേശം ഉള്‍പ്പടെ നല്ല ഡിമാന്റുണ്ട്. അതിനാല്‍ കൊള്ളലാഭം മോഹിച്ചാണ് ലേലം നടത്തി എടുക്കാതെ മോഷണം നടത്തി വാങ്ങുന്നതും അത് ശില്‍പ്പങ്ങളാക്കുന്നതും.
നാഗര്‍കോവിലാണ് ഇവരുടെ സംഗമസ്ഥാനം. അവിടെ നിന്നുമാണ് വിവിധയിടങ്ങളില്‍ പോകുന്നത്. വനം വകുപ്പിലെ ചിലരുടെ അറിവും ഉണ്ടെന്ന് പരക്കെ സംശയമുയര്‍ന്നിട്ടുണ്ട്. അടുത്തിടെയാണ് തമിഴ്‌നാട്ടിലെ വനപാലകരെ കവര്‍ച്ചക്കാരെ സഹായിച്ചു എന്നതിനാല്‍ സസ്‌പെന്‍ഡ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."