സ്‌കൂള്‍ ബസുകള്‍ നിയമലംഘനം നടത്തിയാല്‍ കര്‍ശന നടപടിയെന്ന്
പാലക്കാട്: പെര്‍മിറ്റില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ കയറ്റി പോകുന്ന ഓട്ടോറിക്ഷകള്‍ക്കെതിരേയും, ഫിറ്റ്‌നെസ്സ് സര്‍ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് ഇല്ലാതെ ഓടുന്ന വാഹനങ്ങള്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കുന്നുമെന്ന് ജില്ല പൊലിസ് മേധാവി പ്രതീഷ് കുമാര്‍ അറിയിച്ചു.
പെണ്‍കുട്ടികള്‍ മാത്രമുള്ള സ്‌കൂള്‍ വാഹനങ്ങളില്‍ സ്ത്രീജീവനക്കരുടെ സാന്നിധ്യം സ്‌കൂള്‍ അധികൃതര്‍ ഉറപ്പ് വരുത്തേണ്ടതാണ്. സ്‌കൂള്‍ വാഹനങ്ങളുടെ അമിതവേഗതക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. മദ്യപിച്ചു വാഹനമോടിക്കുന്ന സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.
എല്ലാ സ്‌കൂളുകളും ഡ്രൈവര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കേണ്ടതാണ്. സ്‌കൂള്‍ ബസ് അല്ലാത്ത സ്‌കൂള്‍ കുട്ടികളെ കയറ്റുന്ന എല്ലാ വാഹനങ്ങളും അതത് പൊലിസ് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്യണം.
ഇനി മുതല്‍ എല്ലാ മാസവും അറ്റന്‍ഡന്‍സ് പൊലിസ് പരിശോധിക്കുന്നതാണ്. സ്ഥിരമായി ക്ലാസില്‍ വരാത്ത കുട്ടികള്‍ പൊലിസിന്റെ നിരീക്ഷണത്തില്‍ ആയിരിക്കും.
എല്ലാ ഇന്റര്‍നെറ്റ് കഫെകളിലും പ്രത്യേകിച്ച് സ്‌കൂളിന്റെ പരിസരത്ത് ഉള്ളവ ഇനി പൊലിസിന്റെ നിരീക്ഷണ പരിധിയില്‍ പെടും.
കുട്ടികളുടെ സാന്നിധ്യം കണ്ടാല്‍ നടപടി സ്വീകരിക്കും.സ്‌കൂളിന്റെ 200 മീറ്റര്‍ ചുറ്റളവിലുള്ള കടകളില്‍ പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് ശ്രദ്ദയില്‍ പെട്ടാല്‍ കടകള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."