കാലടി പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തി
എടപ്പാള്‍: സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പെടുത്തി കാലടി പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയതായി മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 82.5 ലക്ഷം രൂപ ഉപയോഗിച്ച് കാലടി പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. കുടുംബാരോഗ്യ കേന്ദ്രത്തിനായി എല്ലാ സൗകര്യവും ഒരുക്കുമെന്നും എന്‍.എച്ച്.എം ഫണ്ട് ഉപയോഗിച്ച് ഒന്നര കോടിയുടെ കെട്ടിടം ഉടന്‍ ആരംഭിക്കുമെന്നും അദേഹം പറഞ്ഞു.
കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതോടെ മൂന്ന് ഡോക്ടര്‍മാരുടെ സേവനവും വൈകിട്ട് ആറ് മണി വരെ ചികിത്സാ സൗകര്യവും പുതിയ ലാബ് സൗകര്യവും ലഭിക്കും. എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങളിലും വിവിധ രോഗ പ്രതിരോധ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും. ഇ. ഹെല്‍ത്ത് പരിപാടിയിലൂടെ പഞ്ചായത്തിലെ മുഴുവന്‍ ആളുകളുടെയും ആരോഗ്യ വിവരങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ശേഖരിക്കുകയും തുടര്‍ ചികിത്സ ലഭ്യമാക്കുകയും ചെയ്യും. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ലക്ഷ്മി അധ്യക്ഷയായി. കാലടി പഞ്ചായത്ത് പ്രസിഡന്റ് കെ.പി കവിത, വൈസ് പ്രസിഡന്റ് പി.കെ ബക്കര്‍, ജില്ലാ പഞ്ചായത്ത് അംഗം കെ. ദേവിക്കുട്ടി, വിജയകുമാരി, എം.വി പ്രേമ, എന്‍.വി അബ്ദുല്‍ സലാം, വി.വി അബൂബക്കര്‍, കെ.കെ സക്കീര്‍ ഹുസൈന്, ബീരാവുണ്ണി എന്ന കുഞ്ഞാപ്പ, എം.വി ചന്ദ്രന്, ഇ. രാജഗോപാല്‍, നൗഫല്‍. സി തണ്ടിലം, കെ. രാജഗോപാലന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."