സിന്ധു വധം: ഭര്‍ത്താവിനു ജീവപര്യന്തം
തലശ്ശേരി: ചെറുപുഴ പ്രാപ്പൊയിലിലെ സിന്ധുവിനെ (30) കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പൊന്‍കുന്നം സ്വദേശിയും തിരുമേനി പ്രാപ്പൊയിലില്‍ താമസക്കാരനുമായ പത്താലില്‍ കാരോട് ജയന് എന്ന ജയകുമാറിനെ (42) തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ശ്രീകലാ സുരേഷ് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു.
കൊലപാതക കുറ്റത്തിനു ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും തെളിവ് നശിപ്പിച്ചതിന് ഏഴുവര്‍ഷം കഠിനതടവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ രണ്ടു വകുപ്പുകള്‍ക്കും കൂടി ഒന്നരവര്‍ഷം കൂടി അധിക തടവ് അനുഭവിക്കണമെന്നും വിധിന്യായത്തില്‍ വ്യക്തമാക്കി. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. സിന്ധുവിനെ കേബിള്‍ വയര്‍ കൊണ്ട് കഴുത്തുമുറുക്കി കൊലപ്പെടുത്തിയ ശേഷം ശരീരം നാലു കഷണങ്ങളാക്കി തുണിയില്‍ പൊതിഞ്ഞ് വീട്ടിനകത്ത് സൂക്ഷിക്കുകയായിരുന്നു പ്രതിയായ ജയന്. 2008 ജൂലൈ 28നായിരുന്നു കേസിനാസ്പദമായ സംഭവം. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച കൊല നടത്തിയ പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നു വിധി പ്രഖ്യാപനത്തില്‍ കോടതി ചൂണ്ടിക്കാട്ടി.
സിന്ധു അജയകുമാറുമായി പ്രണയത്തിലാവുകയും ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് അജയകുമാറിനൊപ്പം പൊന്‍കുന്നത്ത് നിന്ന് ഒളിച്ചോടി ചെറുപുഴയില്‍ എത്തുകയുമായിരുന്നു. അജയകുമാറിന്റെ ജീവിതശൈലിയില്‍ സംശയം തോന്നിയ സിന്ധു ഇതിനെ ചോദ്യംചെയ്തു. ഇതിന്റെ വൈരാഗ്യത്തിനു കൊലനടത്തിയെന്നാണു പ്രോസിക്യൂഷന് കേസ്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.ജെ ജോണ്സന് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."