കണ്ണനല്ലൂര്‍-കൊല്ലം റൂട്ടില്‍ ജനങ്ങള്‍ക്ക് ദുരിത യാത്ര
കൊട്ടിയം:കണ്ണനല്ലൂര്‍ -കൊല്ലം,കണ്ണനല്ലൂര്‍-കൊട്ടിയംറൂട്ടുകളില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുള്ള അടിപിടി യാത്രക്കാര്‍ക്ക് തലവേദനയാകുന്നു.
വാക്കേറ്റവും തമ്മിലടിയും അടക്കമുള്ള പ്രശ്‌നത്തിലിടപെട്ടാല്‍ യാത്രക്കാരെ തെറിപറയുന്നതും ബസ് ജീവനക്കാര്‍ പതിവാക്കിയിട്ടുണ്ട്. സമയ ക്ലിപ്തതയുടെ പേരിലാണ് മിക്കപ്പോഴും അടിപിടി. അടുത്ത ബസിലെ സഹായി, തൊട്ടുമുന്‍പ് പോകുന്ന ബസ് കാത്തുനിന്ന് അതില്‍ കയറിപ്പറ്റി, യാത്രക്കാര്‍ കയറും മുന്‍പ് ബെല്ലടിച്ചുവിടുന്നത് ഈ റൂട്ടില്‍ പതിവാണ്. എന്നാല്‍ കൊട്ടിയം പൊലിസ് പ്രശ്‌നത്തിലൊന്നും ഇടപെടാറില്ലെന്ന് പരാതിയുണ്ട്. എന്തെങ്കിലും കേസെടുത്ത ശേഷം ഇരുകൂട്ടരില്‍ നിന്നും പണം വാങ്ങി, പറഞ്ഞ് ഒതുക്കി തീര്‍ക്കുകയാണ് പൊലിസിന്റെ സ്ഥിരം പരിപാടിയെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
സ്ത്രീകളടക്കം നിരവധി യാത്രക്കാര്‍ ബസില്‍ യാത്ര ചെയ്യുന്ന സമയങ്ങളിലാണ് ജീവനക്കാരുടെ അഴിഞ്ഞാട്ടം. കോളജ് വിദ്യാര്‍ഥിനികളും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരും സ്ഥിരം പോകുന്ന സമയത്തെ ബസുകളിലെ ജീവനക്കാരാണ് കൂടുതലായി ഏറ്റുമുട്ടുന്നത്. കുഴപ്പക്കാരില്‍ കൂടുതലും ശരാശരി 30 വയസ് പ്രായമുള്ള ബസ് ജീവനക്കാരാണ്.
കഴിഞ്ഞയാഴ്ച യാത്രക്കാരുമായി പോകുകയായിരുന്ന സ്വകാര്യബസിനുള്ളില്‍ മാരകായുധങ്ങളുമായി കയറിയ അഞ്ചംഗ സംഘം യാത്രക്കാരെ ഭീഷണിപ്പെടുത്തിയ ശേഷം കണ്ടക്ടര്‍മാരെ ആക്രമിച്ചിരുന്നു. കണ്ണനല്ലൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബസില്‍ പുന്തലത്താഴം മംഗലത്തുനട ബസ് സ്‌റ്റോപ്പില്‍ നിന്നും കയറിയവരാണ് കണ്ടക്ടര്‍മാര്‍ക്കെതിരേ ആക്രമണം അഴിച്ചുവിട്ടത്. ഇതു കണ്ട് പ്രതികരിച്ച യാത്രക്കാരെ സംഘം ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ഡീസന്റു മുക്കിലിറങ്ങി ബൈക്കില്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് ആക്രമണത്തിനിരയായ കണ്ടക്ടര്‍മാര്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു. അക്രമി സംഘത്തിനു പിന്നിലുള്ള യഥാര്‍ഥ പ്രതികളെ പൊലിസ് പിടികൂടാതെ സംരക്ഷിക്കുന്നുവെന്ന് ആക്ഷേപമുണ്ട്. കണ്ണനല്ലൂര്‍ ജംങ്ഷനില്‍ നിന്ന് പുറപ്പെടുന്ന കൊട്ടിയം ഭാഗത്തേയ്്ക്കുള്ള സ്വകാര്യ ബസുകളിലും ഇത് സ്ഥിരം സംഭവമാണ്. മാത്രമല്ല ബസ് തോന്നും പോലെ ഗതാഗതനിയമങ്ങള്‍ തെറ്റിച്ച് കണ്ണനല്ലൂര്‍ ജംഗ്ഷന്‍ വഴി പായുന്നതായും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."