വീട്ടുജോലിക്കാരിയും എസ്.കെ പൊറ്റക്കാടിന്റെ കത്തുകളും
കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ സംഭവമാണ്. എട്ടുപതിറ്റാണ്ടെങ്കിലുമായിക്കാണണം. കേരളം ഇന്നത്തെപ്പോലെ സാമ്പത്തികാഭിവൃദ്ധി കൈവരിക്കുന്നതിന് മുന്‍പുള്ള കാലം. കടുത്ത ദാരിദ്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും പട്ടിണിയുടെയും കാലം. പൊതുവിദ്യാഭ്യാസം ഇന്നത്തെപ്പോലെ സാര്‍വത്രികവും സൗജന്യവുമല്ലാത്ത കാലം. അക്കാലത്ത് എഴുത്തും വായനയും പോലുമറിയാത്ത ഒരു സ്ത്രീ തന്റെ മകനെ പഠിപ്പിക്കാനും ഉദ്യോഗസ്ഥനാക്കാനും ആഗ്രഹിച്ചു. ഉണ്ടായിരുന്നതെല്ലാം വിറ്റും അയല്‍വീടുകളില്‍ വേലയ്ക്കു നിന്നുമൊക്കെ ആ അമ്മ തന്റെ ആഗ്രഹംപോലെ മകനെ പഠിപ്പിക്കുകയും ചെയ്തു. ചെറിയൊരു ഉദ്യോഗവും മകനു ലഭിച്ചു.
ഉദ്യോഗസ്ഥനായ മകനാവട്ടെ കൂടെ ജോലി ചെയ്തിരുന്ന ഒരു സുന്ദരിയുമായി പ്രേമമായി. അമ്മയെ ഉപേക്ഷിച്ച് ആ മകനും പ്രേമസര്‍വസ്വവും ദൂരെയൊരിടത്തേക്ക് താമസം മാറ്റി. കഷ്ടപ്പെട്ട് വളര്‍ത്തി ആളാക്കിയ അമ്മയെ അതിനുശേഷം അയാള്‍ തിരിഞ്ഞുനോക്കാറില്ല.
നിസ്സഹായതയിലും പട്ടിണിയിലും വലയുന്ന ആ അമ്മ'തന്റെ മകന്റെ മനസിളക്കാന്‍ വേണ്ടി നീണ്ട കത്തുകളയക്കാന്‍' അടുത്ത വീട്ടിലെ ഒരു കുട്ടിയുടെ അടുക്കല്‍ വരും. പിന്നീട് എസ്.കെ പൊറ്റെക്കാട് എന്ന പ്രശസ്ത സാഹിത്യകാരനായി ആ കുട്ടി വളര്‍ന്നു. ആ കുട്ടി പില്‍ക്കാലത്തെഴുതിയ 'ഞാന്‍ കഥാകാരനായ കഥ'യുടെ ഭാഗം കാണുക.
'ഞാന്‍ സ്‌കൂളിലേക്ക് ഹോംവര്‍ക്ക് ചെയ്തു കൊണ്ടിരിക്കെ, പാവം! ആ വൃത്തികെട്ട തള്ള, ഏതോ സ്റ്റേഷനറിപ്പീടികയിലെ മുളങ്കോലില്‍ തൂങ്ങിക്കിടന്നേടത്ത് നിന്നു വാങ്ങിയ, മണ്ണ് പറ്റി, മഞ്ഞച്ച ഒരു വരയന്‍ കത്തുകടലാസും ഒരു മുദ്രക്കോട്ടും ഒരു കൈയില്‍ പിടിച്ച് മറ്റേ കൈകൊണ്ട് കോണിപ്പടി തപ്പിത്തപ്പി എന്റെ മാളികയിലെ വരാന്തയിലേക്ക് കയറിവരുന്ന ആ രംഗം ഞാനിപ്പോഴും മുന്‍പില്‍ കാണുന്നു. അവര്‍ കവറും കത്തുകടലാസും എന്റെ മേശപ്പുറത്ത് സ്ഥാപിച്ച് നിലത്ത് മുട്ടുമടക്കി ഇരുന്ന്, തന്റെ കഷ്ടപ്പാടുകളും, മകന് വേണ്ടി താന്‍ ചെയ്ത ത്യാഗങ്ങളും ഓരോന്നായി എണ്ണിയെണ്ണി എന്നെ കേള്‍പ്പിക്കും. മാറത്തിട്ട കീറമുണ്ടിന്റെ അറ്റം കൊണ്ട് കണ്ണ്‌നീര്‍ തുടച്ചും മൂക്ക് പിഴിഞ്ഞുംകൊണ്ട് അവര്‍ പറയും: അവന് വയറുനിറയെ ഉണ്ണാന്‍ വേണ്ടി ഞാന്‍ പട്ടിണി കിടന്നതും അവന് ഷ്‌കൂളിലേക്ക് ഒരു വരക്കോലും ഷ്‌കൂറ് പെട്ടിയും (ശിേൌാലി േയീഃ) വാങ്ങാന്‍ പൈസയില്ലാതെ ഞാന്‍ എന്റെ ഏലസിനകത്ത് പണ്ട് പണ്ടേ കിടന്നിരുന്ന ഒരു പൊന്‍പണം തൂക്കി വിറ്റതും മറ്റും അവന് ഓര്‍മ്മയുണ്ടോ എന്നൊന്നെഴുതി ചോദിക്കൂ. ഇപ്പോ അവന് എന്നെ കണ്ടുകൂടാതായി. അവന്‍ എന്നെ കുഷ്ഠം പിടിച്ച പട്ടിയെപ്പോലെ ആട്ടിപ്പായിച്ചു. അവന്റെ മനസൊന്നിളക്കാന്‍ എന്റെ മോന്‍ (ഇതെന്നെ ഉദ്ദേശിച്ചാണ്) അതെല്ലാം ഒന്നെഴുതി അറിയിക്കണം. ദൈവത്തെ മറന്ന് കളിക്കണ്ട എന്ന് പറയണം'
'അക്ഷന്തവ്യമായ കൃതഘ്‌നതയോടെ പെരുമാറിയ തന്റെ പുത്രനോട് ആ തള്ളയ്ക്ക് ഒട്ടും വിദ്വേഷമില്ലായിരുന്നു. എനിക്ക് ആ വൃദ്ധയുടെ പരിതസ്ഥിതിയില്‍ വല്യ സഹതാപം തോന്നി. അവര്‍ കണ്ണീരില്‍ കലര്‍ത്തിപ്പറഞ്ഞ കഥകള്‍ എന്നെ വികാരപരവശനാക്കി. അവര്‍ പറഞ്ഞതെല്ലാം പാകപ്പെടുത്തി സ്വന്തം വകയാക്കി ചില സരസ്വതീവിലാസങ്ങളും ചേര്‍ത്ത്, ഞാന്‍ ആ മഠയനായ മകന് തുടരെത്തുടരെ കത്തുകള്‍ എഴുതി അയച്ചു. രണ്ടുമൂന്ന് മാസം കഴിഞ്ഞപ്പോള്‍ അവന്‍ അമ്മയ്ക്ക് ഭാര്യ അറിയാതെ സ്വകാര്യമായി കുറേശ്ശെ പണം അയച്ചു തുടങ്ങി. അവന് ഒടുവില്‍ തന്റേടമുദിച്ചതുകൊണ്ടോ, അതല്ല എന്റെ കത്തുകളിലെ വാക്ചാതുര്യം മൂലം മനസിളകിയതുകൊണ്ടോ എന്നറിഞ്ഞുകൂടാ. (ഒടുവില്‍ പറഞ്ഞതാണ് ശരിയെന്ന് ബാലസഹജമായ അഭിമാനത്തോടെ ഞാനന്ന് വിശ്വസിച്ചു), ആ മകന്‍ ഒരിക്കല്‍ അമ്മയെ കാണാന്‍ വരുകകൂടി ചെയ്തു. അപ്പോള്‍ അവന്‍ അമ്മയോട് ആരാണ് അവര്‍ക്ക് ഈ കത്തുകളെല്ലാം എഴുതിക്കൊടുക്കുന്നത് എന്ന് ചോദിച്ചതായും, ഒരു ഷ്‌കോള്‍കുട്ടിയാണെന്ന് തള്ള മറുപടി പറഞ്ഞതായും അറിഞ്ഞു. അപ്പോള്‍ എന്റെ അഭിമാനം ഉച്ചകോടിയിലെത്തി' !!. ആ മുത്തിത്തള്ളയാണ് ചെറുകഥാരചനയില്‍ എന്റെ ആദ്യത്തെ ഗുരുനാഥ. അവരുടെ മകന് അന്ന് ഞാനെഴുതിയ കത്തുകളാണ് എന്റെ ആദ്യത്തെ ചെറുകഥകള്‍ എന്ന് പറയാം...എസ്.കെ പൊറ്റെക്കാട് പറയുന്നു.
കുട്ടിക്കാലത്ത് ഏര്‍പ്പെടുന്ന വിവിധ ക്രിയാത്മക പ്രവര്‍ത്തനങ്ങളിലൂടെ മനുഷ്യരുടെ സര്‍ഗപ്രതിഭ തെളിഞ്ഞുവരുമെന്നതിന്റെ മികച്ചൊരു ഉദാഹരണമാണ് എസ്.കെയുടെ അനുഭവം. 'സ്റ്റേജില്‍ ഞാന്‍ ഉഗ്രമായി പെര്‍ഫോം ചെയ്തുകൊള്ളാം, റിഹേഴ്‌സലിന് വരാനാവില്ല' എന്ന മട്ടിലുള്ള പ്രതികരണക്കാരെ ഇരുത്തി ചിന്തിപ്പിക്കേണ്ട വസ്തുതകളാണിവ.
ഒരു കൊല്ലം ഡല്‍ഹിയില്‍ മികച്ച സ്ഥാപനത്തില്‍ കോച്ചിങിന് പോയാല്‍ സിവില്‍ സര്‍വിസ് കിട്ടും. ഇന്ത്യന്‍ പ്രധാനമന്ത്രി ആരെന്നതൊക്കെ അവിടെ പഠിപ്പിക്കുമല്ലോ!!! എന്ന മട്ടിലാണ് ഉന്നതസ്വപ്നം കാണുന്ന ചിലരുടെ പോക്ക്!! സ്‌കൂളിലും കോളജിലുമൊക്കെ പഠിക്കുമ്പോള്‍ പൊതുകാര്യങ്ങള്‍ ഒന്നും അറിയാന്‍ മെനക്കെടണമെന്നില്ല!
ആറുമാസം കോച്ചിങ് സെന്ററില്‍ പോയി മെനക്കെട്ടിരുന്നു പഠിച്ചാല്‍ ഉന്നത റാങ്ക് നേടി പി.എസ്.സി വഴി എല്‍.ഡി ക്ലര്‍ക്കോ ലാസ്റ്റ് ഗ്രേഡ് സര്‍വെന്റോ ആകാമല്ലോ! പഠനകാലത്ത് പത്രം പോലും വായിച്ചില്ലെന്ന് വച്ച് കുഴപ്പമൊന്നുമില്ല!!
അവധിക്കാല ചെറുകഥാ ക്യാംപിലോ കവിതാ ക്യാംപിലോ പോയി ടെക്‌നിക് മനസിലാക്കിയാല്‍ കഥാകൃത്തോ കവിയോ ആവാം. കവിതയോ കഥയോ വായിച്ചിട്ടേയില്ലെന്ന് വച്ച് എന്തു കുഴപ്പം?
ഇത്തരം ഇന്‍സ്റ്റന്റുകാര്‍ അതത് മേഖലകളില്‍ പൊതുവെ ശോഭിക്കാറില്ല എന്നതാണ് സത്യം. തന്നെയല്ല, ഭാവിയിലെ നേട്ടങ്ങള്‍ക്കായി കാത്തിരിക്കുന്നതിലുപരി, വര്‍ത്തമാനകാലത്ത് തന്നെ അവ ഉപകാരപ്പെടുമെന്ന മറ്റൊരു നേട്ടവും അവര്‍ക്ക് നഷ്ടപ്പെടുന്നു. പത്താംക്ലാസുകാര്‍ക്കായി നടത്തുന്ന നാഷനല്‍ ടാലന്റ് സര്‍ച്ച് പരീക്ഷ (ഗവണ്മെന്റ്, എയ്ഡഡ്, നവോദയ വിദ്യാലയം, കേന്ദ്രീയ വിദ്യാലയം എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക്) പോലുള്ളവ ഉദാഹരണം.
കഷ്ടപ്പെട്ട് വളര്‍ത്തിയ അമ്മയെ മറക്കുന്ന, ഒഴിവാക്കുന്ന മനസ്ഥിതിയെ സംബന്ധിച്ച ചിന്തകള്‍ക്കും എസ്.കെ പൊറ്റക്കാടിന്റെ ഈ വിവരണം വഴിതുറക്കുന്നു.
അവനവന്റെ കഴിവുകള്‍ നന്മയ്ക്കായി, ലാഭേച്ഛ കൂടാതെ, വിനിയോഗിക്കുന്നതിലൂടെ ലഭിക്കുന്ന ആത്മസുഖം തൊട്ടറിയാനും നമുക്ക് കഴിയുന്നു.
എസ്.കെ പൊറ്റെക്കാട് 'ഞാന്‍ കഥാകാരനായ കഥ' അവസാനിപ്പിക്കുന്നത് കാണുക.
''ചെറുകഥകള്‍ കൊണ്ട് മററാളുകളുടെ മനസിളക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നെനിക്കറിഞ്ഞ് കൂടാ.
പക്ഷെ എരിയുന്ന നെഞ്ഞും പൊരിയുന്ന വയറുമായി നരകിക്കുന്ന ഒരു ദരിദ്രമാതാവിന്റെ അന്ത്യകാലത്തെ കുറഞ്ഞൊന്ന് ആശ്വസിപ്പിക്കാനും, ഒരു യുവാവിനെ മാതൃഹൃദയത്തിന്റെ ഒരു ചിത്രം വരച്ച് കാണിച്ച് മനസിളക്കിത്തീര്‍ക്കാനും ഒരിക്കല്‍ എനിക്ക് സാധിച്ചിട്ടുണ്ട് എന്ന് ഞാന്‍ അഭിമാനത്തോടെ വിശ്വസിക്കുന്നു.'
വലിയ നേട്ടങ്ങളുണ്ടാക്കാനും അപ്പോഴും ഇത്തരം സല്‍ക്കര്‍മങ്ങള്‍ അയവിറക്കാനും സാധിക്കണം എന്നു തോന്നുന്നുണ്ടോ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."