കോണ്‍ഗ്രസ് അധ്യക്ഷന്‍: പ്രവര്‍ത്തകസമിതി 10നകം
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ഒഴിഞ്ഞതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് ആരെ കണ്ടെത്തുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം. എന്നാല്‍ ഓഗസ്റ്റ് 10നകം ചേരുന്ന പ്രവര്‍ത്തക സമിതിയില്‍ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനാകുമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന. പാര്‍ലമെന്റ് സമ്മേളനം ഏഴുവരെ നീട്ടിയതിനെ തുടര്‍ന്നാണ് പ്രവര്‍ത്തക സമിതി ചേരുന്ന തിയതിയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. രണ്ട്, മൂന്ന് ദിവസത്തിനകം അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം.
അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്ക് രഹസ്യ ബാലറ്റ് നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നിലവിലെ 52 പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്ക് നല്‍കുന്ന രഹസ്യ ബാലറ്റില്‍ നാലുപേരുകള്‍ വീതം രേഖപ്പെടുത്തണം. എന്തുകൊണ്ട് ഈ നേതാവിനെ തെരഞ്ഞെടുക്കുന്നുവെന്ന കാര്യവും രേഖപ്പെടുത്തണം. മറ്റാര്‍ക്കും ഈ പേരുകള്‍ കൈമാറരുത്. ഇവ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയാ ഗാന്ധിക്ക് കൈമാറും. ഈ രീതിയാണ് ഇപ്പോള്‍ ആലോചിക്കുന്നത്.
എന്നാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ നിര്‍ദേശിക്കുന്ന പേരുകള്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയാ ഗാന്ധി അവതരിപ്പിക്കും. കൂടുതല്‍ ജനകീയമായ പേരില്‍ സമവായത്തിലെത്തിയാകും അധ്യക്ഷനെ പ്രഖ്യാപിക്കുക. രണ്ടാമതെത്തുന്ന ആളെ വര്‍ക്കിങ് പ്രസിഡന്റ് ആക്കാനും ആലോചനയുണ്ട്. അധികാരം ഒരാളില്‍ മാത്രം കേന്ദ്രീകരിക്കുന്നത് ഒഴിവാക്കാനാണ് ഇതെന്നാണ് നേതാക്കള്‍ നല്‍കുന്ന വിവരം.
കഴിഞ്ഞ മെയ് 25ന് നടന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് രാഹുല്‍ രാജി പ്രഖ്യാപിച്ചത്. ഒരുമാസത്തിനകം പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു. ഈ സമയ പരിധി കഴിഞ്ഞിട്ടും പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാതിരുന്നതോടെ ജൂലൈ മൂന്നിന് രാഹുല്‍ രാജി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.
പ്രവര്‍ത്തക സമിതിയിലേക്കടക്കം തെരഞ്ഞെടുപ്പിലൂടെ അംഗങ്ങളെ കണ്ടെത്തുകയാണ് ഉചിതമെന്ന് ഇന്നലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വത്തില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ നിരാശയുണ്ടെന്നും തരൂര്‍ പറഞ്ഞു.
നിലവിലെ സാഹചര്യം വളരെ ഗൗരവത്തോടെ കണ്ട് നടപടികള്‍ കാലതാമസമുണ്ടാക്കാതെ സ്വീകരിക്കുകയാണ് വേണ്ടത്. കോണ്‍ഗ്രസിന് ഏറ്റവും ഊര്‍ജം നല്‍കേണ്ട അവസ്ഥയാണിപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."