ദേശീയപാതാ വികസനം: കുടിയൊഴിപ്പിക്കലില്‍ മാറ്റമില്ലെന്ന് അധികൃതര്‍
കല്യാശ്ശേരി: ദേശീയപാതാ ബൈപാസിനായി സ്ഥലമെടുത്ത കീഴാറ്റൂര്‍, കല്യാശ്ശേരി, തുരുത്തി പ്രദേശങ്ങള്‍ അന്തിമ വിജ്ഞാപനം വന്നതോടെ അന്തിമപട്ടികയില്‍ ഉള്‍പ്പെട്ടതായി ദേശീയാപാതാ അതോറിറ്റി അധികൃതര്‍. ഇനി ഈ സ്ഥലങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നത് അസാധ്യമാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
രാഷ്ട്രപതിയാണ് അന്തിമ വിജ്ഞാപനത്തിന് അംഗീകാരം നല്‍കുന്നത്. ഈ പ്രക്രിയ കൂടി പൂര്‍ത്തിയായായതോടെ സര്‍വേ പ്രകാരം ഏറ്റെടുത്ത ഭൂമി പൂര്‍ണമായി ദേശീയപാതയ്ക്കു വിട്ടുനല്‍കിയതായി കണക്കാക്കും. പിന്നീട് ഇക്കാര്യത്തില്‍ മാറ്റമുണ്ടാകില്ല. ഇതോടെ ഇത്തരം ഭൂമി സര്‍ക്കാര്‍ ഭൂമിയായി മാറി. ഇവിടങ്ങളിലെ താമസം അനധികൃതമായി കണക്കാക്കും.
അന്തിമ വിജ്ഞാപനത്തിലൂടെ ഏറ്റെടുത്ത ഭൂമി ദേശീയപാതയ്ക്കായി ആവശ്യ മില്ലെങ്കില്‍ ഭൂ ഉടമകള്‍ക്ക് ആവശ്യമാണെങ്കില്‍ പിന്നീട് വിട്ടുനല്‍കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. കീഴാറ്റൂരിലെ വയല്‍കിളികള്‍ തീരുമാനത്തിനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്.
നിലവില്‍ തന്നെ അനുകൂലമായ കോടതി വിധി നിലനില്‍ക്കുന്നുണ്ടന്നൊണു തുരുത്തി നിവാസികളുടെ വാദം. തുരുത്തിയില്‍ 162 ദിവസമായി തുടരുന്ന കുടില്‍കെട്ടി സമരം ഇപ്പോഴും തുടരുകയാണ്. കല്യാശ്ശേരി മോഡല്‍ പോളി മുതല്‍ പി.സി.ആര്‍ ബാങ്കിനു സമീപം വരെ ആദ്യം ഏറ്റെടുത്ത ഭൂമി നിലനില്‍ക്കേ തന്നെ രണ്ടാമതും സ്ഥലമെടുപ്പിനായി സര്‍വേ പൂര്‍ത്തിയാക്കിയിട്ടുണ്ട്. രണ്ടുതവണ ഏറ്റെടുത്ത ഭൂമിയും ദേശീയപാതയ്ക്ക് അര്‍ഹതപ്പെട്ടതായാണ് അധികൃത രുടെ വാദം. ഇവിടെ അധികമായി ഏറ്റെടുത്ത ഭൂമി ദേശീയപാതയുടെ അധിക സൗകര്യങ്ങള്‍ നിറവേറ്റുന്നതിനായി ഉപയോഗിക്കാനാണു ലക്ഷ്യമിടുന്നത്. കല്യാശ്ശേരി യില്‍ പുതുതായി സര്‍വേ നടത്തിയത് ഉള്‍പ്പെടെ ഏതാണ്ട് അരകിലോമീറ്റര്‍ ഭാഗത്ത് 50 മുതല്‍ 100 മീറ്റര്‍ വരെ വീതിയിലുള്ള ഭൂമി ദേശീയപാതയുടെ ഭാഗമാകും.എന്നാല്‍ ഒടുവില്‍ ഏറ്റെടുത്ത ഭൂമിയുടെ അന്തിമ വിജ്ഞാപനം ഇനിയും വന്നിട്ടില്ല. ഏതാനും ദിവസത്തിനകം ദേശീയപാത ബൈപാസിന്റെ പൂര്‍ണമായ വിജ്ഞാപനം പുറത്തിറക്കുമെന്നാണു ദേശീയപാതാ അതോറിറ്റിയുടെ സര്‍വേ വിഭാഗം വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."