ഉള്‍പ്പോര്: എം.ഇ.എസ് സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി നിര്‍മാണം നിര്‍ത്തിവച്ചു
കോഴിക്കോട്: കോര്പറേഷന് പരിധിയില്‍ മാങ്കാവിന് സമീപം എം.ഇ.എസ് പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി നിര്‍മാണം ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചു. എം.ഇ.എസും സംസ്ഥാന പ്രസിഡന്റിന്റെ കുടുംബാംഗങ്ങളുടെ നേതൃത്വത്തിലുള്ള ഫെയര്‍ ഹെല്നസ് സൊലൂഷന്‍സും സംയുക്ത സംരംഭമായി പണിയുന്ന ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നിര്‍ത്തിവച്ചത്.
നിലവിലെ എം.ഇ.എസ് സംസ്ഥാന നേതൃത്വത്തോട് എതിര്‍പ്പുള്ള ഒരു വിഭാഗം പ്രവര്‍ത്തകരുടെ പരാതിയിലാണ് നടപടി. ഈ സ്ഥലത്ത് വാണിജ്യ കെട്ടിടം നിര്‍മിക്കാന്‍ എം.ഇ.എസ് സെക്രട്ടറി പി.ഒ. ജമാലുദ്ദീന്‍ ലബ്ബ, ഫെയര്‍ ഹെല്നസിന്റെ ഡോ. റഹീം ഫസല്‍ ഗഫൂര്‍, എന്നിവര്‍ക്ക് കോര്പറേഷന് നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍, കോര്‍പറേഷനെ തെറ്റിദ്ധരിപ്പിച്ചാണ് ഈ അനുമതി സമ്പാദിച്ചതെന്ന് കാണിച്ച് ചില എം.ഇ.എസ് പ്രവര്‍ത്തകര്‍ നല്കിയ പരാതിയില്‍ ബന്ധപ്പെട്ടവര്‍ക്ക് കോര്പറേഷന് നോട്ടിസയച്ചിരുന്നു.
കോര്‍പറേഷനെ തെറ്റിദ്ധരിപ്പിച്ചാണ് അനുമതി സമ്പാദിച്ചതെന്നുമായിരുന്നു പരാതി. തുടര്‍ന്ന് കോര്പറേഷന് കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മാണ ചട്ട പ്രകാരം എം.ഇ.എസ് ജനറല്‍ സെക്രട്ടറിക്ക് നോട്ടിസ് നല്‍കിയിരുന്നു. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് 15 ദിവസത്തിനകം കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും വീഴ്ച വരുത്തുന്ന പക്ഷം അനുമതി പിന്‍വലിക്കുമെന്നുമായിരുന്നു നോട്ടിസിലുണ്ടായിരുന്നത്. എന്നാല്‍ തങ്ങള്‍ക്ക് ഇത്തരത്തിലുള്ള ഒരു നോട്ടിസും ലഭിച്ചിട്ടില്ലെന്നും ആശുപത്രിയുടെ പ്രവര്‍ത്തനം നടന്നു വരുന്നുണ്ടെന്നും എം.ഇ.എസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."