കുന്നത്തൂരില്‍ മൂന്നാം കണ്ണ് തുറന്നു; നിയമലംഘകര്‍ കുടുങ്ങും
ശാസ്താംകോട്ട: കുന്നത്തൂര്‍ താലൂക്കിലെ റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് മൂന്നാം കണ്ണ് സംവിധാനം നടപ്പാക്കി.
ഋഷിരാജ് സിംഗ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ആയിരുന്നപ്പോള്‍ ആരംഭിച്ച ഈ പദ്ധതിയുടെ മേന്മ തിരിച്ചറിഞ്ഞ് ഇപ്പോഴത്തെ കമ്മിഷണര്‍ ടോമിന്‍ തച്ചങ്കരി ഇതിനായി പുതിയ സോഫ്റ്റ് വെയര്‍ രൂപപ്പെടുത്തി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുകയാണ്.
ഹെല്‍മെറ്റ് തലയില്‍ വെക്കാതെ ഇരുചക്രവാഹനം ഓടിക്കുക, അതില്‍ മൂന്ന് പേര്‍ യാത്ര ചെയ്യുക, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കൊണ്ട് വാഹനം ഓടിക്കുക, തെറ്റായ രീതിയില്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കുക, റിയര്‍വ്യൂ മിറര്‍ ഘടിപ്പിക്കാതിരിക്കുക, നിയമ വിരുദ്ധമായി വാഹനം രൂപമാറ്റം വരുത്തുക, നിയമവിരുദ്ധമായ ഹോണ്‍, ലൈറ്റ് എന്നിവ ഘടിപ്പിക്കുക, തെറ്റായ വശം ചേര്‍ന്ന് വാഹനം ഓടിക്കുക, അമിതമായി യാത്രക്കാരെ കയറ്റുക യൂനിഫോം ധരിക്കാതിരിക്കുക, തെറ്റായ പാര്‍ക്കിംഗ് മുതലായ കാമറയില്‍ ലഭിക്കുന്ന നിയമ ലംഘനങ്ങള്‍ക്കാണ് ഇത്തരത്തില്‍ കേസ് എടുക്കുന്നത്. കഴിഞ്ഞ ഒരാഴ്ചകൊണ്ട് 300 ഓളം വാഹന ഉടമകള്‍ക്ക്‌ക്കെതിരെ കേസെടുത്ത് നോട്ടീസ് നല്‍കിയിരിക്കുകയാണ്.
ചിത്രത്തില്‍ ലഭിച്ച തീയതിയും, സമയവും വെച്ച് പിന്നീട് രേഖകള്‍ പരിശോധിക്കുകയും ഡ്രൈവിംഗ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ്, നികുതി, പുക പരിശോധന മുതലായവ കാലാവധി നോക്കി പിഴ ഈടാക്കും. വഴിയില്‍ തടഞ്ഞുള്ള പരിശോധന അല്ലാത്തതിനാല്‍ ചിത്രം ഉള്‍പ്പടെയുള്ള നോട്ടീസ് വീട്ടില്‍ എത്തുമ്പോഴാണ് ഉടമ വിവരം അറിയുന്നത്. ആദ്യഘട്ടമെന്ന രീതിയില്‍ താലൂക്കിലെ എല്ലാ പ്രധാന റോഡുകളിലുമാണ് മൂന്നാം കണ്ണ് നിരീക്ഷണത്തിലുള്ളത്. വരും ദിവസങ്ങളില്‍ ഉപ റോഡുകളിലും ഈ സംവിധാനം നിലവില്‍ വരും.
അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍മാരായ രാംജി കെ കരന്‍, മുഹമ്മദ് സുജീര്‍, സജീവ് വര്‍മ്മ എന്നിവര്‍ക്കാണ് പദ്ധതിയുടെ നിയന്ത്രണം.
പദ്ധതി വന്നതോടെ വിറ്റ വണ്ടികളുടെ ഉടമസ്ഥാവകാശം മാറാനായി തിരക്ക് കൂടിയതായും, ഇന്‍ഷുറന്‍സ്, രജിസ്‌ട്രേഷന്‍, നികുതി, ലൈസന്‍സ് എന്നിവയുടെ കാലാവധി കഴിഞ്ഞവര്‍ പുതുക്കുന്നതായും സുരക്ഷാമാര്‍ഗ്ഗങ്ങളായ ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ
ഉപയോഗിക്കുന്ന ശീലം വര്‍ധിച്ചതായും കുന്നത്തൂര്‍ ജോയിന്റ് ആര്‍ ടി ഒ ലീന ഡാനിയേല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."