വ്യാവസായിക കൃഷിയില്‍ 'ജയപ്രകാശം'
കൂത്തുപറമ്പ്: വ്യാവസായിക കൃഷിയിലൂടെ കാര്‍ഷിക മേഖലയില്‍ വിജയം കൊയ്യുകയാണു കര്‍ഷകനായ മാങ്ങാട്ടിടം കുറുമ്പുക്കലിലെ ജയപ്രകാശന്‍. ശാസ്ത്രീയ കൃഷിരീതിയിലൂടെ ഇദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ വിളയുന്നതു നൂറുമേനി വിളവ്.
കാര്‍ഷിക മേഖലയില്‍ ജയപ്രകാശന്‍ ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത് പച്ചക്കറി കൃഷിക്കാണ്. പാരമ്പര്യമായി കര്‍ഷക കുടുംബമാണ് ജയപ്രകാശിന്റേത്. പിതാവില്‍നിന്ന് പകര്‍ന്നുകിട്ടിയതാണ് കാര്‍ഷിക രംഗത്തെ ബാലപാഠം. തുടര്‍ന്നു മാറ്റത്തിനുസരിച്ചുള്ള കൃഷിരീതികള്‍ വര്‍ഷങ്ങളായി മാങ്ങാട്ടിടം കൃഷിഭവനില്‍ നിന്നു പരിശീലിച്ചുതുടങ്ങി. രണ്ടര ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത സ്ഥലത്ത് ഇദ്ദേഹം ചെയ്ത വെണ്ട കൃഷി ഇപ്പോള്‍ വിളവെടുപ്പിനു തയാറായി. വീടിനോടു ചേര്‍ന്ന സ്ഥലത്ത് ഇളവന്‍, വെള്ളരി, മുളക് എന്നിവയൊക്കെ കൃഷി ചെയ്തുവരുന്നു. കാര്‍ഷിക വിഭവങ്ങള്‍ വ്യവസായികമായി ഉല്‍പാദിപ്പിക്കുന്നതാണ് ഇദ്ദേഹത്തിന്റെ രീതി. കീടങ്ങളുടെ ആക്രമണം ഇല്ലാതാക്കിയും കീടനാശിനിയുടെ പ്രയോഗവും കുറച്ച് കൂടുതല്‍ ഉല്‍പാദനം സാധ്യമാക്കുന്ന കൃഷിരീതിയാണ് ഇദ്ദേഹം സ്വീകരിച്ചുവരുന്നത്. പത്ത് സെന്റില്‍ ചെയ്യുന്ന കൃഷി ഒരു എക്കര്‍ സ്ഥലത്ത് ചെയ്യുകയാണെങ്കില്‍ കീടങ്ങളുടെ വ്യാപനം കുറയുമെന്നും നാമമാത്രമായി മാത്രമേ ഇവ വിളവിനെ ബാധിക്കൂവെന്നും ജയപ്രകാശന്‍ പറയുന്നു.
ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതി പ്രകാരം ഹൈബ്രിഡ് പച്ചക്കറികളാണ് ഇദ്ദേഹം കൃഷി ചെയ്യുന്നതില്‍ ഏറെയും. നഴ്‌സറികളില്‍ ഉല്‍പാദിപ്പിക്കുന്ന തൈകള്‍ കൂത്തുപറമ്പ്, തലശ്ശേരി, പാനൂര്‍ ഭാഗങ്ങളിലാണ് എത്തിക്കുന്നത്.
2017 ലെ വരള്‍ച്ചയെ തുടര്‍ന്ന് ആയിരത്തോളം വാഴകള്‍ നശിച്ചതിനെ തുടര്‍ന്നു രണ്ടര സെന്റില്‍ കുളം നിര്‍മിച്ചതോടെയാണു കുളത്തില്‍ മത്സ്യകൃഷി നടത്താമെന്ന ആശയം രൂപപ്പെട്ടത്. മത്സ്യകൃഷി നടത്തുന്ന കുളത്തിലെ വെള്ളം കൃഷിക്ക് ഉപയോഗിക്കുന്നതിനാല്‍ ചെടിക്ക് കരുത്തും ഉല്‍പാദനവും വര്‍ധിപ്പിക്കാനാകും. 4500ഓളം മത്സ്യങ്ങള്‍ ഇദ്ദേഹത്തിന്റെ കുളത്തിലുണ്ട്. സീസണ്‍ സമയത്ത് 1520 ടണ്ണോളം പച്ചക്കറി ഇദ്ദേഹം ഉല്‍പാദിപ്പിക്കുന്നു. ഭാര്യ ഷീബയുടെ പൂര്‍ണ സഹകരണവും കാര്‍ഷിക മേഖലയിലെ ഇദ്ദേഹത്തിന്റെ വിജയത്തിന്റെ പിന്നിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."