കപ്പ വില റെക്കോഡില്‍; വാട്ടുകപ്പ മൊത്തവ്യാപാരികള്‍ പൂഴ്ത്തിവയ്ക്കുന്നു
തൊടുപുഴ: മലയാളിയുടെ ഇഷ്ട വിഭവമായ കപ്പ വില ഒരിടവേളയ്ക്കുശേഷം കുതിക്കുന്നു. പച്ചക്കപ്പ റിക്കോഡ് വിലയായ 32 രൂപയിലെത്തി. വാട്ടുകപ്പ (ഉണങ്ങിയ കപ്പ)യുടെ വില 70-75-ലേക്ക് ഉയര്‍ന്നു. വില കുതിച്ചുകയറുന്നതിനിടെ വാട്ടുകപ്പ പൂഴ്ത്തി വയ്പും വ്യാപകമായി.
20 രൂപയില്‍ നിന്നാണ് പച്ചക്കപ്പയുടെ വില ക്രമേണ ഉയര്‍ന്നത്. രണ്ട് വര്‍ഷം മുമ്പ് പച്ചക്കപ്പയുടെ വില 30 രൂപ വരെ എത്തിയിരുന്നു. കപ്പയുടെ ഡിമാന്‍ഡ് വര്‍ധിച്ചതിനെ തുടര്‍ന്നാണ് വില അന്ന് മുപ്പതിലെത്തിയത്. ഇതോടെ സംസ്ഥാനത്ത് കപ്പ കൃഷി വ്യാപകമായി. ഇതിനൊപ്പം തമിഴ്നാട്ടിലും കപ്പയുടെ ഉല്പാദനം ഗണ്യമായി വര്‍ധിച്ചു. തമിഴ്നാട്ടിലെ തേവാരം കേന്ദ്രീകരിച്ചായിരുന്നു കപ്പ വ്യാപകമായി കൃഷി ചെയ്തത്. കുറഞ്ഞ ചെലവ് മാത്രമാണ് തമിഴ്നാട്ടില്‍ കൃഷിയിറക്കുന്നതിനുള്ളത്.
കൂലിക്കുറവും മണ്ണിന്റെ ഗുണമേന്മയും കൃഷിക്ക് അനുകൂലമായതിനാല്‍ വന്‍ വിളവാണ് അവിടെ ലഭിച്ചത്. തമിഴ്നാട്ടില്‍നിന്നുള്ള കപ്പ പ്രധാനമായും കേരളത്തിലാണ് വിറ്റഴിച്ചത്. ഇതോടെ കഴിഞ്ഞ വര്‍ഷം വിലയിടിഞ്ഞു. കേരളത്തിലെ കപ്പയക്ക് വില 15 വരെയായി കുറഞ്ഞു. ഇതേതുടര്‍ന്ന് ഒട്ടേറെ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിതരായി. ഇക്കൊല്ലം കപ്പയുടെ ഉല്പാദനത്തില് ഗണ്യമായ കുറവുണ്ടായതാണ് ഇപ്പോഴത്തെ വില വര്‍ധനവിന് കാരണം. തമിഴ്നാട്ടില്‍നിന്നു കപ്പ എത്തുന്നുമില്ല.
കപ്പയുടെ വിലയിടിഞ്ഞ കഴിഞ്ഞ വര്‍ഷം വാട്ടുകപ്പയുടെ വില കിലോഗ്രാമിന് 30 വരെയായി താഴ്ന്നിരുന്നു. ഈ സമയം മൊത്തവ്യാപാരികള്‍ വന്‍തോതില്‍ വാട്ടുകപ്പ സംഭരിച്ചു വച്ചിരുന്നു. ഇപ്പോള്‍ വില ഉയര്‍ന്നതോടെ ഇരട്ടിയിലധികം വിലയ്ക്കാണ് അവര്‍ വില്പന നടത്തുന്നത്. എന്നാല്‍ വില ഇനിയും ഉയരുമെന്ന പ്രതീക്ഷയില്‍ മിക്കയിടത്തും ചെറുകിട വ്യാപാരികള്‍ക്ക് വില്പനയ്ക്കായി വാട്ടുകപ്പ നല്‍കാതെ പൂഴ്ത്തിവച്ചിരിക്കുകയാണ് മൊത്തവ്യാപാരികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."