#ഉന്നാവോ: 'ഇരയെയും കുടുംബത്തെയും കൊല്ലാന്‍ ഗൂഢാലോചന': എം.എല്‍.എ അടക്കം 10 പേര്‍ക്കെതിരെ കേസെടുത്തു, സി.ബി.ഐ അന്വേഷിക്കും
ന്യൂഡല്‍ഹി: ഉന്നാവോ പീഡനക്കേസ് ഇരയെയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ച സംഭവത്തില്‍ യു.പി എം.എല്‍.എ അടക്കം 10 പേര്‍ക്കെതിരെ കേസെടുത്തു. ഇരയെയും കുടുംബത്തെയും കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. പെണ്‍കുട്ടി പീഡന ആരോപണം ഉന്നയിച്ചിരുന്ന ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് ഇതുപ്രകാരം കേസെടുത്തിരിക്കുന്നത്.
കുല്‍ദീപ് സിങിന്റെ സഹോദരന്‍ മനോജ് സിങിനെതിരെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. റായ്ബറേലിയിലെ ഗുരു ബക്ഷ് ഗഞ്ച് പൊലിസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
എം.എല്‍.എ പീഡിപ്പിച്ചെന്നാരോപിച്ച പെണ്‍കുട്ടിയും കുടുംബവും അവരുടെ അഭിഭാഷകനും സഞ്ചരിച്ച കാറിനു നേരെ, ഞായറാഴ്ച റായ്ബറേലിയില്‍ വച്ചാണ് ട്രക്ക് ഇടിച്ചുകയറ്റിയത്. ട്രക്കിന്റെ നമ്പര്‍ പ്ലേറ്റ് കറുപ്പടിച്ച് മറച്ചത് തുടക്കത്തില്‍ തന്നെ ദുരൂഹതയുണ്ടാക്കിയിരുന്നു. എന്നാല്‍ കേസെടുക്കാനോ അന്വേഷണം നടത്താനോ ആദ്യഘട്ടത്തില്‍ പൊലിസ് തയ്യാറായിരുന്നില്ല.
സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവരികയും വലിയ രീതിയിലുള്ള പ്രതിഷേധം ഉടലെടുക്കുകയും ചെയ്തതോടെയാണ് പൊലിസ് കേസെടുത്തത്.
കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് കേസ് പൊലിസ് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ സി.ബി.ഐയാണ് അന്വേഷണം നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."