റാഫേല്‍ അഴിമതി: ഹരജികള്‍ നാളെ പരിഗണിക്കും
ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാര്‍ ആരോപണ വിധേയരായ റാഫേല്‍ കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ഉത്തരവിടണം എന്നാവശ്യപ്പെടുന്ന പൊതുതാല്‍പര്യ ഹരജികള്‍ സുപ്രിംകോടതി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ കൗള്‍, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുക.
മൂന്നു ഹരജികളാണ് ഇതുമായി ബന്ധപ്പെട്ടു സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്. കരാര്‍ സംബന്ധിച്ചു സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ടു മാര്‍ച്ചില്‍ കോണ്‍ഗ്രസ് നേതാവ് തെഹ്‌സീന്‍ പൂനാവാല സമര്‍പ്പിച്ച ഹരജിയാണ് ഒന്ന്. ഫ്രാന്‍സുമായി 2016 സെപ്റ്റംബറിലുണ്ടാക്കിയ കരാറിനു മന്ത്രിസഭാ അംഗീകാരമില്ല. അതിനാല്‍ കരാര്‍ നിയമവിരുദ്ധമാണെന്ന് അദ്ദേഹം ഹരജിയില്‍ ആരോപിച്ചു.
കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ എം.എല്‍ ശര്‍മ നല്‍കിയ ഹരജിയാണ് രണ്ടാമത്തേത്. റാഫേല്‍ കരാര്‍ അഴിമതിയാണെന്നും അതു റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണഘടനയുടെ 253ാം വകുപ്പ് പ്രകാരം ഇത്തരം കരാറുകള്‍ക്കു പാര്‍ലമെന്റിന്റെ അംഗീകാരം വേണ്ടതുണ്ട്. അതു വാങ്ങാതെയുള്ള കരാര്‍ നിയമവിരുദ്ധമാണെന്നും ശര്‍മ ചൂണ്ടിക്കാട്ടുന്നു. കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ വിനീത് ദാണ്ഡെ സമര്‍പ്പിച്ച ഹരജിയാണ് മൂന്നാമത്തേത്. ഫ്രാന്‍സുമായുണ്ടാക്കിയ കരാറിന്റെ വിശദാംശങ്ങള്‍, വിമാനത്തിന്റെ വില, യു.പി.എ സര്‍ക്കാരിന്റെ കാലത്ത് എത്രയായിരുന്നു ഒരു വിമാനത്തിനു വില നിശ്ചയിച്ചിരുന്നത്, റാഫേല്‍ നിര്‍മാതാക്കളായ ഫ്രഞ്ച് കമ്പനി ദസാള്‍ട്ടും റിലയന്‍സും തമ്മിലുള്ള കരാറിന്റെ വിശദാംശങ്ങള്‍ തുടങ്ങിയവ പുറത്തുവിടാന്‍ ഉത്തരവിടണമെന്നാണ് ഹരജിയിലെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."