എക്സൈസിലും ക്രൈംബ്രാഞ്ച് വിഭാഗം രൂപീകരിക്കുന്നു
തിരുവനന്തപുരം: എക്സൈസില്‍ ക്രൈംബ്രാഞ്ച് വിഭാഗം രൂപീകരിക്കാന്‍ തീരുമാനം. അടുത്ത മന്ത്രിസഭാ യോഗത്തില്‍ അന്തിമ അനുമതി നല്‍കും. മയക്കുമരുന്ന് വേട്ട ശക്തിപ്പെടുത്തുന്നതിനും അബ്കാരി, ലഹരി കേസുകളിലെ തുടരന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനും, കേസെടുത്ത ഉദ്യോഗസ്ഥന് അന്വേഷണം നടത്തേണ്ടതില്ലെന്ന സുപ്രിംകോടതി വിധിയുമാണ് ക്രൈംബ്രാഞ്ച് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. സുപ്രിംകോടതി വിധിയിലൂടെ സംസ്ഥാനത്തെ 3,470 അബ്കാരി കേസുകളും 4,812 ലഹരി മരുന്നുകടത്തു കേസുകളും അനിശ്ചിതത്തിലായതോടെയാണ് എക്സൈസ് കമ്മിഷണറായിരുന്ന ഋഷിരാജ് സിങ് ക്രൈംബ്രാഞ്ച് വിഭാഗം രൂപീകരിക്കണമെന്ന ആവശ്യം സര്‍ക്കാരിനു മുന്നില്‍ വെച്ചത്.
കേസ് കണ്ടു പിടിച്ച ഉദ്യോഗസ്ഥനാണ് ഇത്രയും കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് വരുന്നതോടെ അന്വേഷണമെല്ലാം ഈ വിഭാഗത്തിലേക്കു മാറ്റും. ഒരു ജോയിന്റ് കമ്മിഷണറുടെ നേതൃത്വത്തിലായിരിക്കും അന്വേഷണവിഭാഗം പ്രവര്‍ത്തിക്കുക. 117 തസ്തികകളാണ് ക്രൈംബ്രാഞ്ചിനുവേണ്ടി എക്സൈസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."