കടല്‍ രാജാവ്
കാട്ടിലെ രാജാവാണ് കരുത്തനായ സിംഹം. കടലിനും ഇതുപോലൊരു രാജാവുണ്ട്. തിമിംഗലം. ചില തിമിംഗലങ്ങള്‍ പണ്ടുണ്ടായിരുന്ന ഡൈനോസറുകളേക്കാള്‍ ഭീമന്‍മാരാണ്. കടലിലെ ബുദ്ധിയുള്ള ജീവികൂടിയാണ് തിമിംഗലങ്ങള്‍. പക്ഷേ ഇന്ന് ഇവ വംശനാശത്തിന്റെ വക്കിലാണ്. മനുഷ്യര്‍ വിവേചനരഹിതമായി ഇവയെ വേട്ടയാടുന്നു.
ഭൂമിയിലെ ഏറ്റവും വലിയ ജീവിയാണ് നീലത്തിമിംഗലം. തിമിംഗല കുടുംബത്തിലെ ഒരംഗമാണിത്. പൂര്‍ണവളര്‍ച്ച പ്രാപിച്ച ഒരു നീലത്തിമിംഗലത്തിന് 100 അടി വരെ നീളമുണ്ടാകും. ഏതാണ്ട് 33 ആഫ്രിക്കന്‍ ആനകള്‍ക്കൊപ്പം വലിപ്പം. ഇതിന് 200 ടണ്‍വരെ (200,000 കിലോ ഗ്രാം) ഭാരമുണ്ടാകുമെന്ന് കണക്കാക്കപ്പെട്ടിരുന്നു. മറ്റൊരിനമായ സ്പ്രം തിമിംഗലത്തിനാവട്ടെ 60 ടണ്ണോളം ഭാരമുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. താരതമ്യേന വലിപ്പം കുറഞ്ഞ ചാരത്തിമിംഗലത്തിന് 30 ടണ്ണോളം ഭാരമുണ്ടാവുമത്രേ.
സമുദ്രത്തിന്റെ അധിപന്‍
തിമിംഗലങ്ങള്‍ സമുദ്രത്തിന്റെ അധിപന്‍മാരാണ്. കൊടും തണുപ്പുള്ള സമുദ്രജലത്തില്‍ ജീവിക്കുന്നതും മറ്റു പല വെല്ലുവിളികളേയും നേരിടുന്നതിനും അവയുടെ വലിയ ശരീരം സഹായകമാണ്. ശരീരത്തില്‍ ധാരാളമുള്ള കൊഴുപ്പാണ് തണുപ്പില്‍ ജീവിക്കാന്‍ ശക്തി നല്‍ക്കുന്നത്. 70 ടണ്‍ ഭാരമുള്ള ഒരു തിമിംഗലത്തിന്റെ ശരീരത്തില്‍ 30 ടണ്‍ കൊഴുപ്പ് കാണും. ഇത് കരുതല്‍ ഭക്ഷണമായും തിമിംഗലങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. ആറുമാസം വരെ തിമിംഗലം ഭക്ഷണമില്ലാതെ കഴിച്ചു കൂട്ടുമെന്നത് അത്ഭുതമായി തോന്നുന്നുണ്ടോ?
ദിവസവും 350 കിലോഗ്രാം ഭക്ഷണം
തിമിംഗലത്തിന് അവയുടെ ഭീമാകാരസ്വരൂപത്തിനനുസരിച്ച് ഒരുപാട് ഭക്ഷണവും ആവശ്യമാണ്. വലിയ തിമിംഗലങ്ങളില്‍ പല്ലുകളുള്ള ഒരേയൊരിനമായ സ്‌പേം തിമിംഗലം മറ്റു മത്സ്യങ്ങളെയും സ്‌കിഡ് എന്ന ഇനം കടല്‍ ജീവികളേയും ഭക്ഷിക്കുന്നു. എത്രയെന്നല്ലേ?
ദിനം പ്രതി 350 കിലോഗ്രാം ഭക്ഷണമാണവയ്ക്ക് വേണ്ടത്. ഒരു നീലത്തിമിംഗലത്തിന്റെ കുഞ്ഞ് ഒരു ദിവസം അമ്മയുടെ അകിടില്‍ നിന്ന് വലിച്ച് കുടിക്കുന്നത് 650 ലിറ്റര്‍ പാലാണത്രേ. മണിക്കൂറില്‍ നാലുകിലോ വീതമാണ് അവയുടെ വളര്‍ച്ചനിരക്ക്. സാധാരണ ക്രില്‍ എന്നു പേരായ ചെമ്മീന്‍ പോലെയുള്ള ചെറു മത്സ്യങ്ങളാണ് തിമിംഗലങ്ങളുടെ ആഹാരം. സ്‌പ്രേ തിമിംഗലങ്ങളൊഴികെ മറ്റുള്ളവര്‍ക്ക് പല്ലിന് പകരം വായില്‍ ബാലീന്‍ എന്നു പേരുള്ള വിസ്തൃതമായ അരിപ്പയുണ്ട്. തിമിംഗലം വായ് തുറന്ന് വച്ച് വെള്ളത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ക്രില്‍ മത്സ്യങ്ങള്‍ അരിപ്പയില്‍ കുടുങ്ങുന്നു. 200 ടണ്‍ ഭാരമുള്ള ഒരു നീലത്തിമിംഗലം പ്രതിദിനം നാലുമുതല്‍ എട്ടു ടണ്‍ വരെ ക്രില്‍ മത്സ്യങ്ങളെ വിഴുങ്ങുന്നതായാണ് കണക്കാക്കിയിരിക്കുന്നത്.
വംശനാശ
ഭീഷണിയില്‍
തിമിംഗലങ്ങള്‍ കാലാവസ്ഥാവ്യതിയാനങ്ങള്‍ക്കനുസരിച്ച് വടക്കും തെക്കുമുള്ള വിവിധ സമുദ്രങ്ങളില്‍ മാറിമാറി ഭക്ഷണം തേടാറുണ്ട്. ഓരോ ദിവസവും 75 മുതല്‍ 100 മൈല്‍ വരെ സമുദ്രത്തിലൂടെ സഞ്ചരിക്കുന്നു. കൊലയാളിത്തിമിംഗലം എന്ന ഇനത്തിന് മണിക്കൂറില്‍ മുപ്പത് മൈല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. നാലായിരം അടിവരെ ആഴത്തില്‍ മുങ്ങാനും കഴിവുണ്ട്.
ഇവ മനുഷ്യനോളം തന്നെ ആയുര്‍ദൈര്‍ഘ്യം ഉള്ളവയാണെന്ന് ചില ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. തിമിംഗലങ്ങള്‍ ചൂളം വിളി, കരച്ചില്‍, തുടങ്ങി, പലശബ്ദങ്ങളും പുറപ്പെടുവിക്കുന്നുണ്ട്. ജീവജാലങ്ങളില്‍ ഏറ്റവും ശക്തമായ ശബ്ദം പുറപ്പെടുവിക്കുന്നത് തിമിംഗലങ്ങളാണ്. ഇരയെ ഭയപ്പെടുത്താനും ആശയവിനിമയത്തിനും ദുരന്തനിര്‍ണയത്തിനുമൊക്കെ തിമിംഗലങ്ങള്‍ ഈ ശബ്ദപ്രകടനങ്ങള്‍ കാണിക്കുന്നു.
രണ്ടു നൂറ്റാണ്ട് മുന്‍പുണ്ടായിരുന്നതിന്റെ ആറുശതമാനം നീലത്തിമിംഗലങ്ങള്‍ മാത്രമാണ് ഇന്ന് അവശേഷിച്ചിട്ടുള്ളത്. ചാട്ടുളിത്തോക്ക് വികസിപ്പിച്ചെടുത്തതോടെ തിമിംഗലവേട്ട എളുപ്പമായി. എണ്ണത്തില്‍ ഗണ്യമായ കുറവും വന്നു. മാംസം,തൊലി, എണ്ണ, അസ്ഥികള്‍ തുടങ്ങിയവയ്ക്കുവേണ്ടിയാണ് മുഖ്യമായും തിമിംഗലങ്ങളെ വേട്ടയാടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."