സര്‍ക്കാരിന് തിരിച്ചടി: തോമസ് ജേക്കബിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി, എത്രയും വേഗം സര്‍വിസില്‍ തിരിച്ചെടുക്കണമെന്നും ഉത്തരവ്
കൊച്ചി: അഴിമതിക്കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ തോമസ് ജേക്കബിന്റെ സസ്‌പെന്‍ഷന്‍ നീട്ടിയ സര്‍ക്കാര്‍ നടപടി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണല്‍(സി.എ.ടി) റദ്ദാക്കി. ജേക്കബ് തോമസിനെ എത്രയും വേഗം സര്‍വിസില്‍ തിരിച്ചെടുക്കണമെന്നും ബെഞ്ച് ഉത്തരവിട്ടു. പൊലിസ് സേനയിലോ അനുബന്ധ ശാഖകളിലോ നിയമിക്കാനാവില്ലെങ്കില്‍ തുല്യ റാങ്കില്‍ ഉചിതമായ മറ്റു പദവിയില്‍ നിയമിക്കാമെന്നും ഇ.കെ. ഭരത്ഭൂഷണ്‍, ആശിഷ് ഖാലിയ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
2017ഡിസംബര്‍ 19 മുതല്‍ ഹരജിക്കാരന്‍ സസ്പെന്‍ഷനിലാണ്. ശേഷിക്കുന്നത് ഒരു വര്‍ഷത്തെ സര്‍വിസാണ്. ആരോപണങ്ങളില്‍ സത്യമുണ്ടോയെന്ന് കണ്ടെത്തുകയാണ് ഉദ്ദേശ്യമെങ്കില്‍ സസ്പെന്‍ഷന്‍ ഇനിയും തുടരുന്നതില്‍ കാര്യമില്ല. ജേക്കബ് തോമസിനെ സര്‍വിസില്‍ തിരിച്ചെടുത്താല്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യത വിരളമാണ്. എന്നിട്ടും സസ്‌പെന്‍ഷന്‍ നീട്ടിയത് മാതൃക തൊഴില്‍ദാതാവിന് ചേര്‍ന്ന നടപടിയല്ലെന്നും ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. ഹരജിക്കാരനെതിരായ അന്വേഷണത്തിലും മറ്റു നടപടികളിലും ഇടപെടുന്നില്ലെന്നും സി.എ.ടി വ്യക്തമാക്കി.
2010-11ല്‍ തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ ഇടപാടില്‍ ക്രമക്കേട് കാട്ടിയെന്ന സ്വകാര്യ വ്യക്തിയുടെ പരാതിയില്‍ ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്ത നടപടി മൂന്നാം തവണയും നീട്ടിയ 2019 ജൂണ്‍ 18ലെ ഉത്തരവാണ് സി.എ.ടി റദ്ദാക്കിയത്. ഓഖി ദുരന്തത്തില്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ 2017 ഡിസംബര്‍ 19ന് ജേക്കബ് തോമസിനെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനെതിരെ നല്‍കിയ ഹരജി സി.എ.ടിയുടെ പരിഗണനയിലിരിക്കെയാണ് സസ്‌പെന്‍ഷന്‍ നീട്ടി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. തുടര്‍ന്ന് ഇതിനെതിരെയും ഹരജി നല്‍കുകയായിരുന്നു.
മൂവാറ്റുപുഴ വിജിലന്‍സ് കോടതി പരിഗണിച്ച് കഴമ്പില്ലെന്ന് കണ്ട കേസിലാണ് സസ്‌പെന്‍ഷന്‍ നീട്ടിയതെന്നായിരുന്നു ഹരജിക്കാരെന്റ വാദം. ആദ്യ സസ്‌പെന്‍ഷെന്റ കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ അക്കാര്യത്തിലെ ഹരജി അപ്രസക്തമായെന്ന് വിലയിരുത്തിയ സി.എ.ടി സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിയ നടപടി മാത്രം പരിഗണിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."