'നല്ല ശമരിയക്കാരന്‍' ഇനി പേടിക്കേണ്ടതില്ല!
മലപ്പുറം: അപകടങ്ങള്‍ക്കിരയാകുന്നവരെ സഹായിക്കുന്നവര്‍ക്കു നിയമ പരിരക്ഷ നല്‍കുന്ന 'നല്ല ശമരിയക്കാരന്‍' ബില്ലിനു രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അംഗീകാരം ലഭിച്ചതിനു പിന്നാലെ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. റോഡപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്നവരെ നിയമക്കുരുക്കില്‍പെടുത്തരുതെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കണിശമായി നടപ്പാക്കാന്‍ സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റിയും ഒരുങ്ങി.
ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശവും പൊതു സ്ഥലങ്ങളില്‍ പ്രസിദ്ധപ്പെടുത്തേണ്ട ബോധവല്‍ക്കരണ പോസ്റ്ററിന്റെ മാതൃകയും സംസ്ഥാന റോഡ് സുരക്ഷാ കമ്മിഷനര്‍ പുറത്തിറക്കി. അപകട വിവരം ഔദ്യോഗിക വൃത്തങ്ങളെ അറിയിക്കുകയോ അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയില്‍ എത്തിക്കുകയോ ചെയ്യുന്നവര്‍ (നല്ല ശമരിയാക്കാരന്‍) ക്കെതിരേ യാതൊരു നിയമനടപടിയും സ്വീകരിക്കരുതെന്നു ഗുഡ് സമരിറ്റന്‍ ആന്‍ഡ് മെഡിക്കല്‍ പ്രൊഫഷനല്‍- പ്രൊട്ടക്ഷന്‍ ആന്‍ഡ് റെഗുലേഷന്‍ ഡ്യൂറിങ് എമര്‍ജന്‍സി സിറ്റ്വേഷന്‍ ബില്‍- 2016 എന്ന ബില്‍ അനുശാസിക്കുന്നു.
'അപകടസ്ഥലങ്ങളില്‍ സഹായികളാകുന്ന നല്ല മനുഷ്യരെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍' എന്ന തലക്കെട്ടില്‍ ബോധവല്‍ക്കരണ ബോര്‍ഡുകള്‍ പൊതു സ്ഥലങ്ങളില്‍ സ്ഥാപിക്കാന്‍ 2014ലെ സുപ്രിംകോടതിയുടെ ഉത്തരവുണ്ട്. പൊലിസ് സ്റ്റേഷന്‍, ആശുപത്രി, ട്രോമാകെയര്‍ കേന്ദ്രങ്ങള്‍, മറ്റു പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് ഇത്തരത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുക. സംസ്ഥാനത്തുടനീളം ഒരേ മാതൃകയില്‍ മലയാളത്തിലും ഇംഗ്ലിഷിലുമാണ് ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടതെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."