കൈയേറിയും മാലിന്യം തള്ളിയും നശിപ്പിച്ച പൂനൂര്‍പുഴയെ ആര് തിരിച്ചുതരും?
കെ.വി.ആര്‍ റാഷിദ്
താമരശേരി: ഏതൊരു പുഴയ്ക്കും സംഭവിക്കാവുന്നതു തന്നെ പൂനൂര്‍പുഴയ്ക്കും സംഭവിച്ചുകൊണ്ടിരിക്കുന്നു. കൈയേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളും വലിയ രീതിയില്‍ മാലിന്യം നിക്ഷേപിക്കുന്നതുമെല്ലാം പൂനൂര്‍പുഴയുടെ ശോചനീയാവസ്ഥയിലേക്ക് നയിക്കുകയായിരുന്നു. പുഴയെ ശുചീകരിക്കാനും കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനും നിരവധി ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും ഒന്നും ലക്ഷ്യംകണ്ടിട്ടില്ല.
കോഴിക്കോട് ജില്ലയുടെ പ്രധാന കുടിവെള്ള സ്രോതസുകളിലൊന്നാണ് പൂനൂര്‍പുഴ. 24 പഞ്ചായത്തുകളിലൂടെയും നഗരസഭയിലൂടെയും കോര്‍പറേഷനിലൂടെയും 58.5 കിലോമീറ്ററില്‍ കടന്നുപോകുന്ന പൂനൂര്‍ പുഴയുടെ ഉത്ഭവം കട്ടിപ്പാറ പഞ്ചായത്തിലെ ചീടിക്കുഴിയാണ്. പനങ്ങാട്-കൂരാച്ചുണ്ട് പഞ്ചായത്തുകളിലെ നീരുറവകള്‍ കട്ടിപ്പാറ പഞ്ചായത്തിലെ ചീടിക്കുഴിയില്‍ സംഗമിച്ച് പുഴയായി രൂപപ്പെടുന്നു. ലക്ഷക്കണക്കിനു പേരാണു കുടിവെള്ളത്തിനായി പൂനൂര്‍പുഴയെ മാത്രം ആശ്രയിച്ചു കഴിയുന്നത്.
1930ലെ ഭൂപട പ്രകാരം പുഴയുടെ ഇരുകരകളിലുമായി 60 മുതല്‍ 100 മീറ്റര്‍ വരെ വീതിയില്‍ പുഴ ഒഴുകിയിരുന്നു. എന്നാല്‍ ഇന്നു കൈയേറ്റങ്ങള്‍, മണ്ണിട്ടു നികത്തല്‍ എന്നിവകാരണം പല സ്ഥലങ്ങളിലും 40-60 മീറ്ററുകള്‍ മാത്രമാണ് പുഴയുടെ വീതിയുള്ളത്. ചെറുകുളത്ത് മാത്രമാണ് 80 മീറ്ററിനു മുകളില്‍ വിസ്തൃതിയില്‍ പുഴ ഒഴുകുന്നത്. മാലിന്യ, കൈയേറ്റ പ്രശ്‌നങ്ങള്‍ക്കു പുറമെ അശാസ്ത്രീയമായ രീതിയില്‍ നിര്‍മിച്ച തടയണകളും പുഴയുടെ ഒഴുക്കിനെ സാരമായി ബാധിച്ചു. 25ല്‍പരം തടയണകളാണു പുഴയിലുള്ളത്. ഇതില്‍ കേവലം അഞ്ചോളം തടയണകള്‍ മാത്രമേ ശാസ്ത്രീയമായ രീതിയില്‍ നിര്‍മിച്ചിട്ടുള്ളീ. 100 ഓളം പമ്പുഹൗസുകളും നിരവധി കുടിവെള്ള കിണറുകളും പുഴയില്‍ സ്ഥിതിചെയ്യുന്നുണ്ട്.
അതേസമയം, നാട്ടുകാരുടെ പ്രതിരോധത്താല്‍ മാലിന്യങ്ങള്‍ പുഴയിലേക്കു വലിച്ചെറിയുന്ന പ്രവൃത്തിക്കു കുറവു വന്നിട്ടുണ്ട്. എന്നാല്‍ പുഴയിലേക്ക് ചേരുന്ന തോടുകള്‍, ചെറിയ നീരുറവകള്‍ എന്നിവയിലേക്ക് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന പ്രവണതഇപ്പോഴും തുടരുന്നുണ്ട്. അതോടൊപ്പം വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള ശുചിമുറി മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ രഹസ്യമായി ഒഴുക്കിവിടാന്‍ പ്രത്യേക സംവിധാനവും പലരും ഒരുക്കിയിട്ടുണ്ട്.
പുഴയോരത്ത് പ്രവര്‍ത്തിക്കുന്ന വര്‍ക്ക്‌ഷോപ്പുകള്‍, ഇന്‍ഡസ്ട്രിയല്‍, ഹോളോബ്രിക്‌സ് നിര്‍മാണ യൂനിറ്റുകള്‍, ഹോട്ടലുകള്‍, ആശുപത്രികള്‍ എന്നിവയില്‍ നിന്നുള്ള മാലിന്യങ്ങളും പുഴയിലെത്തുന്നു. കൃത്യമായ രീതിയില്‍ പുഴ സംരക്ഷിക്കാത്തതും ഒഴുക്കു നിലനിര്‍ത്താന്‍ സംവിധാനമില്ലാത്തതുമാണ് ഇന്ന് പുഴ അനുഭവിക്കുന്ന പ്രശ്‌നം. ഇതിനായി പൂനൂര്‍പുഴ സംരക്ഷണ ഫോറവും മറ്റു സംഘടനകളുമൊക്കെ രംഗത്തുവന്നിരുന്നു. ജില്ലാ പഞ്ചായത്ത് മെംബര്‍ നജീബ് കാന്തപുരത്തിന്റെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ നവംബറില്‍ പുഴയാത്ര നടത്തി പുഴശുചീകരണ പ്രവൃത്തികളും നടത്തിയിരുന്നു. ജനകീയ കൂട്ടായ്മയില്‍ പ്രദേശവാസികളുടെ സഹകരണത്തോടെ 20ഓളം പുഴക്കൂട്ടങ്ങളെ സംഘടിപ്പിച്ചുകൊണ്ടായിരുന്നു പുഴയാത്ര സംഘടിപ്പിച്ചത്. ഈ പദ്ധതിയിലൂടെ പുഴ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ സാധിച്ചുവെന്നാണു വിലയിരുത്തല്‍.
പിന്നീടങ്ങോട്ട് പുഴ സംരക്ഷിക്കപ്പെട്ടിരുന്നെങ്കിലും അപ്രതീക്ഷിതമായി നടന്ന ശക്തമായ മഴയും വെള്ളപ്പൊക്കവും പുഴയെ വീണ്ടും മലിനമാക്കി. വിവിധയിടങ്ങളില്‍ നിന്ന് വലിയ തൊതിലുള്ള മാലിന്യങ്ങളാണു പുഴയില്‍ എത്തിപ്പെട്ടത്. ചെളിയും പാറക്കല്ലുകളും മരത്തടികളും വന്നടിഞ്ഞു. പുഴ കടന്നുപോകുന്ന വിവിധയിടങ്ങളില്‍ ഓരങ്ങള്‍ ഇടിയുകയും ചെയ്തിട്ടുണ്ട്.പലയിടങ്ങളിലെയും കരകളിലുള്ള മരങ്ങള്‍ ഏതുനിമിഷവും കടപുഴകി വീഴുമെന്ന അവസ്ഥയിലാണ്. പ്രളയാനന്തരം പുഴ കൂടുതല്‍ മലിനമാക്കപ്പെട്ടിട്ടുണ്ട്. പുഴയില്‍ നേരത്തെയുണ്ടായിരുന്ന ഒഴുക്ക് കുറഞ്ഞതിനു പുറമെ വെള്ളം കെട്ടിനിന്നിരുന്ന ഇടങ്ങളെല്ലാം വറ്റിത്തുടങ്ങിയിട്ടുമുണ്ട്. പലയിടത്തും പുഴയേക്കാള്‍ കര പ്രത്യക്ഷപ്പെട്ട അവസ്ഥയിലാണ്.
പഞ്ചായത്തുകളുടെ അലംഭാവം
പുഴയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്താല്‍ മാത്രമേ പുഴയെ പൂര്‍വ സ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ. പുഴശുചീകരണത്തിന്റെ ചുമതല അതതു പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമാണ്. ഇതിനായി പ്രത്യേക ഫണ്ടുകളും വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ മിക്ക തദ്ദേശസ്ഥാപനങ്ങളും ഇതില്‍ നിന്ന് നയാപൈസ പോലും ഇതുവരെ ചെലവഴിച്ചിട്ടില്ല. പൂനൂര്‍പുഴയുടെ തുടക്കമായ കട്ടിപ്പാറ പഞ്ചായത്ത് ഒരുലക്ഷം രൂപയാണ് പുഴശുചീകരണത്തിനായി മാറ്റിവച്ചത്. എന്നാല്‍ തുക വകയിരുത്തിയതല്ലാതെ ഒരു യോഗംപോലും ഇതിനായി ഇതുവരെ ചേര്‍ന്നിട്ടില്ല. ഉത്ഭവ കേന്ദ്രമായ മറ്റൊരു പഞ്ചായത്താണ് പനങ്ങാട്. കഴിഞ്ഞവര്‍ഷം ജനകീയ പങ്കാളിത്തത്തോടെ പുഴ ശുചീകരിച്ചിരുന്നു. പുഴയുടെ അതിര്‍ത്തി കണ്ടെത്തുന്നതിനും സര്‍വേ നടപടികള്‍ നടത്തുന്നതിനുമായി ഒരുലക്ഷം രൂപ വകയിരുത്തി. ഈ ഫണ്ടും ഇതുവരെ പ്രയോജനപ്പെടുത്തിയിട്ടില്ല.
താമരശേരി പഞ്ചായത്തിലെ കൂടത്തായിയിലൂടെ കടന്നുപോകുന്ന ഇരുതുള്ളിപുഴയും പൂനൂര്‍പുഴയും ശുചീകരിക്കാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ അഞ്ചുലക്ഷം രൂപ പദ്ധതി വകയിരുത്തിയിരുന്നു. എന്നാല്‍ ഇതും എങ്ങുമെത്തുകയോ ശുചീകരണം നടത്തുകയോ ചെയ്തിട്ടില്ല. തൊട്ടടുത്ത ഓമശേരി പഞ്ചായത്തിനെ ബന്ധിപ്പിച്ച് കടന്നുപോകുന്ന ചെറുപുഴയുടെ അവസ്ഥയും ഇതുതന്നെയാണ്.
ചില നിര്‍ദേശങ്ങള്‍
പുഴയുടെ തീരദേശത്തെ വര്‍ക്ക്‌ഷോപ്പുകള്‍, ഇന്‍ഡസ്ട്രിയല്‍, ഹോളോബ്രിക്‌സ് നിര്‍മാണ യൂനിറ്റുകള്‍, ഹോട്ടലുകള്‍, ആശുപത്രികള്‍ എന്നിവയില്‍ നിന്നുള്ള മാലിന്യം പുഴയിലേക്ക് എത്താതെ മറ്റു സംസ്‌കരണ കേന്ദ്രങ്ങളില്‍ നിക്ഷേപിക്കണം. ഇതു കൃത്യമായി പാലിക്കാത്ത സ്ഥാപനങ്ങല്‍ അടച്ചുപൂട്ടുക തന്നെ വേണമെന്നാണു പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും ആവശ്യപ്പെടുന്നത്. റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ പുഴകൈയേറിയുള്ള നിര്‍മാണ പ്രവൃത്തികള്‍ കണ്ടെത്താന്‍ സര്‍വേ നടത്തണം. കൃത്യമായ ഇടപെടലുകള്‍ ഉണ്ടായാല്‍ പൂനൂര്‍പുഴയുടെ പ്രതാപത്തെ വീണ്ടെടുക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."