ഇനി ദുരന്തങ്ങളെ ദ്രുതഗതിയില്‍ നേരിടാം
കോഴിക്കോട്: ദുരന്തമുഖങ്ങളിലേക്ക് സര്‍വസജ്ജരായി ആദ്യത്തെ ജില്ലാ ദുരന്തനിവാരണ ടീം 'ദ്രുത് ' ഒരുങ്ങുന്നു. ജില്ലയിലെ വിവിധ ദുരന്തങ്ങള്‍ നേരിടുന്നതിന് പ്രാദേശികമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തിറക്കാന്‍ കഴിയുന്ന തരത്തില്‍ ശാസ്ത്രീയ പരിശീലനം നേടിയവരുടെ സംഘമാണു രൂപീകരിക്കുന്നത്.
റവന്യൂ, പൊലിസ്, ആരോഗ്യം, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, എയ്ഞ്ചല്‍സ് എന്നിവയുടെ മേല്‍നോട്ടത്തിലാണ് ദ്രുതിന്റെ പ്രവര്‍ത്തനങ്ങള്‍. കലക്ടറേറ്റിലെ ജില്ലാ ദുരന്തനിവാരണ വിഭാഗം ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. 30 മുതല്‍ 50 വരെ അംഗങ്ങളടങ്ങുന്ന 10 സേനകളാണു പ്രാദേശികതലങ്ങളില്‍ ആദ്യഘട്ടത്തില്‍ രൂപീകരിക്കുന്നത്. ജില്ലാതലത്തില്‍ കലക്ടറും പ്രാദേശിക തലങ്ങളില്‍ തഹസില്‍ദാര്‍മാരും സേനയെ നിയന്ത്രിക്കും. മലയോര മേഖലകള്‍, തീരദേശ മേഖലകള്‍, മറ്റു ദുരന്തസാധ്യതാ മേഖലകള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും സേനയുടെ രൂപീകരണം.
സേന അംഗങ്ങള്‍ക്കായി സന്നദ്ധസംഘടനകള്‍, തൊഴിലാളി സംഘടനകള്‍, ഡ്രൈവര്‍മാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, വിദഗ്ധ തൊഴിലാളികള്‍, നീന്തല്‍ വിദഗ്ധര്‍, പാമ്പുപിടിത്തക്കാര്‍, സേനയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ തുടങ്ങിയവരില്‍നിന്ന് നിശ്ചിത മാതൃകയില്‍ അപേക്ഷ ക്ഷണിക്കും. ആരോഗ്യ പരിശോധനയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ തിരഞ്ഞടുക്കപ്പെടുന്നവരെയാണ് ദ്രുത് സേനയില്‍ ഉള്‍പ്പെടുത്തുക.
ഗാന്ധിജയന്തി വാരാചരണത്തിന്റെ ജില്ലാതല സമാപനത്തോടനുബന്ധിച്ച് നടന്ന ജില്ലാ ദുരന്തനിവാരണ സേനയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും കലക്ടര്‍ യു.വി ജോസ് നിര്‍വഹിച്ചു. നിപാ വൈറസും കരിഞ്ചോല ഉരുള്‍പൊട്ടലുമെല്ലാം പഠിപ്പിച്ച പാഠങ്ങളില്‍ നിന്നാണു ജില്ലാ ദുരന്തനിവാരണ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഭരണകൂടം ആരംഭിച്ചത്. നിപാ വൈറസ് ജില്ലയില്‍ ബാധിച്ചപ്പോള്‍ എയ്ഞ്ചല്‍സുമായി സഹകരിച്ച് ദുരന്തനിവാരണ സേന രൂപീകരിക്കാന്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. സിവില്‍ സ്റ്റേഷനിലെ ജില്ലാ ആസൂത്രണസമിതി ഹാളില്‍ നടന്ന ചടങ്ങില്‍ സിറ്റി പൊലിസ് കമ്മിഷണര്‍ കാളിരാജ് മഹേഷ്‌കുമാര്‍ അധ്യക്ഷനായി. ഡോ. അജില്‍ അബ്ദുല്ല പദ്ധതി വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."