സെക്രട്ടറിക്കസേര ഒഴിഞ്ഞുതന്നെ
മാനന്തവാടി: നഗരസഭയായിട്ട് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും സെക്രട്ടറിയില്ലാതെ മാനന്തവാടി നഗരസഭ. 2015 നവംമ്പറിലാണ് മാനന്തവാടി നഗരസഭ നിലവില്‍ വന്നത്. എന്നാല്‍ ഇതുവരെയായിട്ടും സെക്രട്ടറിയെ നിയമിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല.
സെക്രട്ടറിയില്ലാത്തത് പൊതുജനത്തിനും ജീവനക്കാര്‍ക്കും ഒരുപോലെ ദുരിതമായിരിക്കുകയാണ്. സെക്രട്ടറി നിയമനം നടക്കാത്തതിനാല്‍ മാറി മാറി വരുന്ന സൂപ്രണ്ടുമാര്‍ക്ക് അധിക ചുമതല നല്‍കുകയാണ് നിലവില്‍ ചെയ്യുന്നത്. വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കല്‍, സര്‍ട്ടിഫിക്കറ്റ് നല്‍കല്‍, വീട് നിര്‍മാണത്തിന് അനുമതി നല്‍കല്‍, ജിവനക്കാരുടെ ശമ്പളം തുടങ്ങിയ കാര്യങ്ങള്‍ക്കും നഗരസഭ കാര്യാലയത്തിലെ ദൈനംദിന കാര്യങ്ങളുടെ ചുമതല, ബോര്‍ഡ് മീറ്റിങ്ങില്‍ റിപ്പോര്‍ട്ട് തയ്യാറാക്കല്‍ എന്നിവയെല്ലാം സെക്രട്ടറിയുടെ ചുമതലയാണ്.
എന്നാല്‍ സെക്രട്ടറി ഇല്ലാത്തതിനാല്‍ ഇത്തരം കാര്യങ്ങളിലെല്ലാം കാലതാമസം നേരിടുകയാണ്. പി.എം.വൈ.എ ഭവന പദ്ധതിയില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കള്‍ ഉള്ളത് മാനന്തവാടി നഗരസഭയിലാണ്.
സംസ്ഥാന, ജില്ലാ തല യോഗങ്ങളില്‍ നഗരസഭയെ പ്രതിനിധീകരിച്ച് പകെടുക്കേണ്ടത് സെക്രട്ടറിയാണ്. എന്നാല്‍ ഇപ്പോള്‍ പങ്കെടുക്കുന്നത് സൂപ്രണ്ടുമാരാണ്. ഇവര്‍ യോഗത്തിന് പോകുമ്പോള്‍ പല ഫയലുകളിലും തീര്‍പ്പ് കല്‍പ്പിക്കാന്‍ കാലതാമസം നേരിടുന്നു.
ഇത് ദൂര സ്ഥലങ്ങളില്‍ നിന്നും മറ്റും വിവിധ ആവശ്യങ്ങള്‍ക്കായി ഓഫിസിലെത്തുന്ന പൊതുങ്ങള്‍ക്ക് ധനഷ്ട്ടവും സമയനഷ്ടവുമുണ്ടാക്കുകയാണ്.
സൂപ്രണ്ട് തന്റെ ജോലികള്‍ക്ക് പുറമെയാണ് സെക്രട്ടറിയുടെ ജോലി കൂടെ ചെയ്യുന്നത്. ഇത് ജോലി വര്‍ധിപ്പിക്കുകയാണ്.
സെക്രട്ടറിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ വകുപ്പ് മന്ത്രിക്കും നഗരകാര്യ ഡയരക്ടര്‍ക്കും നിവേദനങ്ങള്‍ നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ ഭരണ,പ്രതിപക്ഷങ്ങള്‍ക്ക് മിണ്ടാട്ടമില്ലാത്ത സ്ഥിതിയാണ്.
എട്ട് കണ്ടിജന്റ് ജിവനക്കാരുള്‍പ്പെടെ 36 ജീവനക്കാരാണ് നഗരസഭ കാര്യലയത്തില്‍ ജോലി ചെയ്യുന്നത്. ഒരു റവന്യു ഇന്‍സ്‌പെക്ടര്‍, മൂന്ന് യു.ഡി ക്ലര്‍ക്ക് എന്നീ തസ്തികയും ഒഴിഞ്ഞ് കിടക്കുകയാണ്.
സെക്രട്ടറി ഉള്‍പെടെയുള്ള നിയമനങ്ങള്‍ അടിയന്തിര പൂര്‍ത്തിയാക്കാന്‍ നടപടികള്‍ ഉണ്ടാവണമെന്ന ആവശ്യം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."