കേരളം വിദ്യാഭ്യാസരംഗത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമാകും
ചാലക്കുടി: അടുത്ത അധ്യയന വര്‍ഷത്തോടെ വിദ്യാഭ്യാസ മേഖലയില്‍ രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനം എന്ന ബഹുമതിക്ക് കേരളം അര്‍ഹത നേടുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്.
ചാലക്കുടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 185 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന അഡിഷണല്‍ ബ്ലോക്കിന്റെ രണ്ടാംഘട്ട ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
എല്‍.പി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള ക്ലാസുകള്‍ ഹൈടെക് ആക്കുന്ന പ്രവൃത്തികള്‍ ഈ അധ്യയനവര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകും. രണ്ടായിരം കോടി രൂപയുടെ പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ലോകത്തെ ഏറ്റവും നല്ല പഠനരീതി സംസ്ഥാനത്ത് വേണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. അതിന്റെ ഭാഗമായാണ് ഹൈടെക് സ്‌കൂളുകള്‍ നിര്‍മിക്കുന്നത്. കെട്ടിടങ്ങള്‍ ഹൈടെക് ആയത് കൊണ്ടുമാത്രം ഈ ഉദ്ദേശ്യം നടപ്പിലാകില്ല. അതിന് അക്കാദമിക് നിലവാരവും ഉയരണം.
വിദ്യാര്‍ഥികള്‍ ഈ സൗകര്യങ്ങള്‍ ഉപയോഗപ്രദമാക്കണം. അധ്യാപകരും ഈ നിലവാരത്തിലേക്ക് ഉയരണം. പി.ടി.എയുടെ ശക്തമായ ഇടപെടലുകളും ആവശ്യമാണ്.
ഇക്കഴിഞ്ഞ പ്രളയത്തില്‍ വിവിധ സ്‌കൂളുകളിലെ രണ്ടായിരം കംപ്യൂട്ടറുകളാണ് നശിച്ചത്. മൂന്നുമാസത്തിനുള്ളില്‍ സ്‌കൂളുകളിലേക്ക് പുതിയ കംപ്യൂട്ടറുകള്‍ വിതരണം ചെയ്യും. സ്‌കൂളുകളില്‍ ജൈവവൈവിധ്യ ഉദ്യാനങ്ങള്‍ ഒരുക്കി പരിസ്ഥിതി സന്ദേശം നല്‍കണം.
പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കി കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വിദ്യാര്‍ഥികളും അധ്യാപകരും പങ്കാളികളാകണമെന്നും മന്ത്രി പറഞ്ഞു. ബി.ഡി ദേവസ്സി എം.എല്‍.എ അധ്യക്ഷനായി. നഗരസഭ വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ യു.വി മാര്‍ട്ടിന്‍, പി.എ ശ്രീധരന്‍, ഗീത ടീച്ചര്‍, ആലീസ് ഷിബു, പ്രതിപക്ഷ നേതാവ് വി.ഒ പൈലപ്പന്‍, സ്‌കൂള്‍ ലീഡര്‍ ജാസ്‌ന ജോര്‍ജ് സംസാരിച്ചു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍ സ്വാഗതവും ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശശികല ടീച്ചര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."