അസിം പ്രേംജി വിപ്രോയുടെ പടി ഇറങ്ങുമ്പോള്‍
#എന്‍. അബു
സമ്പത്തിനാല്‍ ഇന്ത്യയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിക്കു ചുവട്ടില്‍ രണ്ടാം സ്ഥാനമേയുള്ളൂ വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജിക്ക്. എന്നാല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയിലെ ഒന്നാമനാണ് ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ ഈ മുംബൈക്കാരന്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സംഭാവനകള്‍ ഒന്നര ലക്ഷം കോടി രൂപയോളം ചെലവഴിച്ചശേഷം, എഴുപത്തഞ്ചാം വയസില്‍ പ്രേംജി, ഇന്നത്തോടെ പടി ഇറങ്ങുന്നു. ശിഷ്ടജീവിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് തീരുമാനിച്ച്, രണ്ട് മാസം മുന്‍പ് 52,750 കോടി രൂപയുടെ സഹായം കൂടി പ്രഖ്യാപിച്ചാണ് അദ്ദേഹം വിപ്രോയില്‍നിന്ന് പടിയിറക്കം അറിയിച്ചത്.
അന്‍പത് വര്‍ഷത്തിലേറെയായി വിപ്രോയെ നയിച്ചുവരുന്ന അസിം ഹാഷിം പ്രേംജി, സ്ഥാപനത്തിന്റെ ചുമതലകള്‍ മകന്‍ റിഷാദ് പ്രേംജിയെയാണ് ഏല്‍പ്പിക്കുന്നത്. നിലവില്‍ കമ്പനി ഡയരക്ടറും ചീഫ് സ്ട്രാറ്റജി ഓഫിസറുമായ റിഷാദ്, എക്‌സിക്യൂട്ടീവ് ചെയര്‍മാനാകുന്നതോടെ പിതാവ് സ്ഥാപക ചെയര്‍മാന്‍ എന്ന ആലങ്കാരിക പദവിയില്‍ ഒതുങ്ങി നില്‍ക്കും. ആബിദലി നീമച്ച്‌വാല പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയരക്ടറുമായി അധികാരമേല്‍ക്കുന്നു.
മുഹമ്മദ് ഹാഷിം പ്രേംജി എന്ന ചെറുപ്പക്കാരന്‍ മഹാരാഷ്ട്രയില്‍ സണ്‍ഫ്‌ളവര്‍ എന്ന പേരില്‍ ചെറിയനിലയില്‍ സസ്യഎണ്ണ ഉല്‍പാദിപ്പിച്ച് വിറ്റുകൊണ്ടു നടത്തിവന്ന സ്ഥാപനമാണ് 2,388 കോടി രൂപ അറ്റാദായമുള്ള ബഹുമുഖ സംരംഭമായി മകന്‍ അസിം പ്രേജി വളര്‍ത്തിയെടുത്തത്. ഇന്ന് വളര്‍ന്ന് പന്തലിച്ച വിപ്രോയെന്ന സ്ഥാപനത്തെ നയിക്കാന്‍ പാകത്തില്‍ മകനെ വളര്‍ത്തിയത്, പിതാവ് തന്നെയായിരുന്നു.
മുംബൈ സെന്റ് സേവ്യേഴ്‌സ് കോളജിലെ ഡിഗ്രിക്ക് ശേഷം എന്‍ജിനീയറിങ് പഠനത്തിനായി അമേരിക്കയിലെ പ്രസിദ്ധമായ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലേക്ക് മകനെ പിതാവ് അയച്ചു. എന്നാല്‍ 1966ല്‍ പിതാവ് മരണപ്പെട്ടതോടെ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് അസിം പ്രേംജി ഇന്ത്യയിലേക്ക് മടങ്ങി. വെസ്റ്റേണ്‍ ഇന്ത്യ വെജിറ്റബിള്‍ പ്രോഡക്ട്‌സ് എന്ന സ്ഥാപനത്തിന്റെ ചുമതല ആ 21 കാരന്റെ തോളിലായി.
വൈവിധ്യവല്‍ക്കരണത്തിലാണ് പുരോഗതി എന്നു ആ യുവാവ് അതിവേഗം തിരിച്ചറിഞ്ഞു. സോപ്പ് അടക്കമുള്ള ടോയ്‌ലറ്റ് ഉല്‍പന്നങ്ങള്‍, ഹെയര്‍കെയര്‍ ഉല്‍പന്നങ്ങള്‍, ടാല്‍ക്കം പൗഡര്‍ എന്നിവ തുടങ്ങി വൈദ്യുതി സാമഗ്രികള്‍ വരെ കമ്പനി നിര്‍മിച്ചു നല്‍കി. ആശുപത്രികള്‍, ബില്ലിങ് എന്നീ മേഖലകളിലും കടന്നുകയറി. വിവര സാങ്കേതിക വിദ്യയിലെ മുടിചൂടാമന്നരായ ഐ.ബി.എം അദ്ദേഹത്തെ ആകര്‍ഷിച്ചു. അവര്‍ ഇന്ത്യ വിടുന്നുവെന്നറിഞ്ഞതോടെ വിപ്രോ എന്ന പേര് സ്വീകരിച്ചുകൊണ്ട് ഐ.ടി മേഖലയിലേക്കും പ്രേംജി പ്രവേശിച്ചു. ചുരുങ്ങിയ കാലം കൊണ്ട് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വിസിനും ഇന്‍ഫോസിസിനും ഒപ്പം എത്താന്‍ വിപ്രോയ്ക്കു സാധിച്ചു.
സോഫ്റ്റ് വെയര്‍ രംഗത്ത് ലോകം അറിയുന്ന ഭീമനായി വളര്‍ന്ന വിപ്രോ എട്ടര ബില്യന്‍ ഡോളര്‍ വിറ്റുവരവുള്ള വ്യവസായ ശൃംഖലയാണ് ഇന്ന്. സ്വന്തം മക്കളുടെ വിവാഹം പോലും എളിയ നിലയില്‍ നടത്തി, അതിനുദ്ദേശിച്ച പണമൊക്കെയും പാവപ്പെട്ടവര്‍ക്ക് ധര്‍മമായി നല്‍കിവന്ന അസിം പ്രേംജി വിപ്രോയില്‍ തനിക്കുള്ള ഓഹരിയുടെ 34 ശതമാനം കൂടി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവയ്ക്കുകയാണെന്നു പ്രസ്താവിക്കയുണ്ടായി. വ്യവസായ രംഗത്തും തൊഴില്‍ രംഗത്തുമെന്നപോലെ ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും തളരാത്ത സേവനം നടത്തിവരുന്ന അദ്ദേഹത്തിനു രാഷ്ട്രം പത്മഭൂഷണും പിന്നാലെ പത്മവിഭൂഷണും നല്‍കി ആദരിച്ചതില്‍ അത്ഭുതമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."