മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം: പി.കെ കുഞ്ഞാലിക്കുട്ടി
അഭിഭാഷക-മാധ്യമപ്രവര്‍ത്തക പ്രശ്‌നം അടിയന്തരമായി
പരിഹരിക്കണമെന്ന് സംവാദം
കോഴിക്കോട്: മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും പരസ്പരം പോരടിക്കേണ്ടവരല്ലെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കോഴിക്കോട്ടെ മാധ്യമ-സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വിചാരവേദി സംഘടിപ്പിച്ച 'നിയമം, ജുഡീഷ്യറി, മീഡിയ' സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എരിതീയില്‍ എണ്ണ ഒഴിക്കാതെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയണം. ശനിയാഴ്ച കോഴിക്കോട്ടുണ്ടായ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. മാധ്യമങ്ങള്‍ ജനാധിപത്യത്തിലെ ശക്തമായ ആയുധമാണ്. മാധ്യമങ്ങളുടെ സമീപനം നോക്കി നിലപാട് എടുക്കരുത്. പ്രശ്‌ന പരിഹാരത്തിന് എല്ലാവിധ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സംവാദം അഭിപ്രായപ്പെട്ടു. ഏതുവിഷയത്തിലും കലാപം ഉണ്ടാക്കിയാല്‍ മേന്മ കൂടുമെന്ന് ധരിക്കരുതെന്നും അത് കുറയുകയേ ഉള്ളുവെന്നും വി.കെ.സി മമ്മദ്‌കോയ എം.എല്‍.എ പറഞ്ഞു. ഗൗരവമായി ആലോചിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളും അഭിഭാഷകരും പരസ്പര പൂരകങ്ങളും ആശ്രിതരുമാണെന്നും അവര്‍ വൈരുധ്യങ്ങളിലേക്ക് പോകുമ്പോള്‍ അപകടങ്ങള്‍ വലുതാണെന്നും അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. കൈക്കരുത്തിന്റെ ഭാഷ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ല. വിചാരത്തേക്കാള്‍ വികാരത്താല്‍ നയിക്കപ്പെടുന്ന സാഹചര്യം ഒരു രംഗത്തും ഉണ്ടാകരുത്. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നം നീട്ടികൊണ്ടുപോകാനുള്ള ബോധപൂര്‍മായ ശ്രമം നടക്കുന്നുണ്ടെന്നും പൊലിസ് നടപടിയില്‍ ദുരൂഹതയുണ്ടെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍ പറഞ്ഞു.
വിഷയത്തില്‍ ജൂഡീഷ്യറിയുടെ ഇടപെടല്‍ അല്‍പ്പം മുന്‍പായിരുന്നെങ്കില്‍ ശനിയാഴ്ചത്തെ സംഭവം ഉണ്ടാകുമായിരുന്നില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ പറഞ്ഞു. രാഷ്ട്രീയം, ജൂഡീഷ്യറി, മാധ്യമ പ്രവര്‍ത്തനം, സര്‍ക്കാര്‍ സംവിധാനം എന്നിവയിലെല്ലാം ആത്മപരിശോധന ആവശ്യമാണ്. ന്യായാധിപന്മാര്‍ നേരത്തെ ഇടപെട്ടിരുന്നെങ്കില്‍ പ്രശ്‌നം ഇത്രയും രൂക്ഷമാകില്ലായിരുന്നുവെന്നും ഇരുകൂട്ടര്‍ക്കും ആത്മനിയന്ത്രണം ആവശ്യമാണെന്നും സുപ്രഭാതം എക്‌സിക്യൂട്ടീവ് എഡിറ്ററും വിചാരവേദി പ്രസിഡന്റുമായ എ. സജീവന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ നിന്നു മാറ്റുന്ന കാര്യത്തില്‍ തന്നോട് ചോദിച്ചപ്പോള്‍ ജില്ലാ ജഡ്ജാണ് തീരുമാനിക്കേണ്ടതെന്ന് മറുപടിയാണ് നല്‍കിയിരുന്നതെന്ന് കോഴിക്കോട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ.എം കാദിരി പറഞ്ഞു.
ചെയ്യാന്‍ പാടില്ലാത്തതാണ് എസ്.ഐ സ്റ്റേഷനില്‍ കാണിച്ചത്. അതു തങ്ങളുടെ പരിധിയില്‍ വരുന്നതല്ല. കോടതിക്ക് പുറത്ത് നടന്ന കാര്യങ്ങളില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്തകളെ ഭയപ്പെടുന്നവരാണ് മാധ്യമ സ്വാതന്ത്ര്യത്തിനു വിലങ്ങിടാന്‍ ശ്രമിക്കുന്നതെന്നും അതിന് ഉദാഹരമാണ് കോഴിക്കോട്ടെ സംഭവമെന്നും പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ പറഞ്ഞു.
വിചാരവേദി സെക്രട്ടറി നിസാര്‍ ഒളവണ്ണ അധ്യക്ഷനായി. ഡോ. എ.ഐ അബ്ദുല്‍ മജീദ്, എ.കെ നിഷാദ്, എ.വി ഫര്‍ദീസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."