അധികൃതര്‍ക്കെതിരേ ജനകീയ പ്രതിഷേധം; ക്രഷറിലേക്ക് ജലക്കടത്ത്: നാട്ടുകാര്‍ തടഞ്ഞു
ലോറികള്‍ തടഞ്ഞിട്ട നാട്ടുകാരും ക്രഷര്‍ ഉടമകളുടെ ആളുകളും തമ്മില്‍ ഉണ്ടായ വാക്ക് തര്‍ക്കം നേരിയ സംഘര്‍ഷത്തിലെത്തി
ദേശമംഗലം: മേഖലയിലെ ജനങ്ങളുടെ സമാധാന ജീവിതം തകര്‍ക്കുന്ന മെറ്റല്‍ ക്രഷറിനെതിരെ വന്‍ ജനകീയ പ്രതിഷേധം രൂപപ്പെടുന്നു. നാട് കുടിവെള്ളത്തിന് വേണ്ടി നെട്ടോട്ടമോടുമ്പോള്‍ ക്രഷറിലേക്ക് എല്ലാ നിയമവ്യവസ്ഥകളേയും കാറ്റില്‍ പറത്തി നടന്നിരുന്ന ജല കടത്ത് നാട്ടുകാര്‍ തടഞ്ഞു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പേരെഴുതിയ ടാങ്കര്‍ ലോറിയിലാണ് വന്‍ തോതില്‍ ജലകടത്ത് നടത്തിയിരുന്നത്. കൂട്ടുപാതയിലെ ഒരു ക്വാറിയില്‍ നിന്നാണ് വലിയ തോതില്‍ ക്രഷര്‍ ആവശ്യത്തിനായി വെള്ളം കടത്തിയിരുന്നത്.
ലോറികള്‍ മേഖലയിലൂടെ ചീറി പാഞ്ഞ് പോകുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നാട്ടുകാരും ക്രഷര്‍ വിരുദ്ധ സമിതിയും ലോറികള്‍ തടഞ്ഞതോടെയാണ് അധികൃത ഒത്താശയോടെ നടന്ന് വന്നിരുന്ന ജലചൂഷണം പുറത്തായത്. ലോറികള്‍ തടഞ്ഞിട്ട നാട്ടുകാരും ക്രഷര്‍ ഉടമകളുടെ ആളുകളും തമ്മില്‍ ഉണ്ടായ വാക്ക് തര്‍ക്കം നേരിയ സംഘര്‍ഷത്തിലെത്തി. ചെറുതുരുത്തി പൊലിസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. രണ്ട് ലോറികളിലേയും വെള്ളം ക്വാറിയില്‍ തിരിച്ച് നിക്ഷേപിക്കാന്‍ പൊലിസ് ആവശ്യപ്പെട്ടെങ്കിലും ടാങ്കര്‍ ലോറിയിലെ വെള്ളം ക്വാറിയില്‍ തിരിച്ചൊഴിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു.
ഒടുവില്‍ ടാങ്കര്‍ ലോറി പൊലിസ് കസ്റ്റഡിയിലെടുത്തതോടെയാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന സമരക്കാര്‍ പിരിഞ്ഞ് പോയത്. മേഖലയില്‍ പ്രതിഷേധ പ്രകടനവും നടന്നു. സമരസമിതി ഭാരവാഹികളായ മനോജ് മുണ്ടത്ത്, ഉമ്മര്‍കോയ, സി.എസ് മുസ്തഫ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ക്രഷര്‍ അടച്ച് പൂട്ടുന്നത് വരെ സമരം തുടരുമെന്ന് ജനങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."