31ല്‍ 19 പാര്‍ട്ടികള്‍ എതിര്‍ത്തിട്ടും മുത്വലാഖ് ബില്‍ പാസായി, തോറ്റത് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: രാജ്യസഭയിലെ ആകെയുള്ള 31 പാര്‍ട്ടികളില്‍ 19 പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ത്തിട്ടും മുത്വലാഖ് ബില്‍ പാസായത് സഭയിലെ പ്രതിപക്ഷ അനൈക്യം മൂലം. ബില്ലിലെ വോട്ടെടുപ്പില്‍ പ്രതിപക്ഷ കക്ഷികളെ ഒന്നിച്ചു നിര്‍ത്തുന്നതിലും സ്വന്തം അംഗങ്ങളുടെ സമ്പൂര്‍ണ സാന്നിധ്യം ഉറപ്പാക്കുന്നതിന് പോലും സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. 57 അംഗങ്ങളാണ് രാജ്യസഭയില്‍ കോണ്‍ഗ്രസിനുള്ളത്. 78 അംഗങ്ങളുള്ള ബി.ജെ.പി കഴിഞ്ഞാല്‍ സഭയിലെ ഏറ്റവും വലിയ കക്ഷിയാണ് കോണ്‍ഗ്രസ്.
ആം ആദ്മി പാര്‍ട്ടി, അണ്ണാ ഡി.എം.കെ, തൃണമൂല്‍ കോണ്‍ഗ്രസ്, ബി.എസ്.പി, സി.പി.ഐ, സി.പി.എം, ഡി.എം.കെ, മുസ്‌ലിംലീഗ്, പി.ഡി.പി, ജെ.ഡി.എസ്, കേരളാ കോണ്‍ഗ്രസ്, എന്‍.സി.പി, ആര്‍.ജെ.ഡി, സമാജ് വാദി പാര്‍ട്ടി, ടി.ഡി.പി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെല്ലാം പരസ്യമായി ബില്ലിനെ ശക്തമായി എതിര്‍ക്കുന്നവരാണ്. ഇവരെ കൂടെ നിര്‍ത്തിയാല്‍ തന്നെ 119 അംഗങ്ങളുടെ പിന്തുണയായി. ഇതു കൂടാതെ പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്ന എം.പി വീരേന്ദ്രകുമാറിനെപ്പോലുള്ള സ്വതന്ത്ര അംഗങ്ങള്‍ വേറെയുമുണ്ട്. ബില്ല് പാസായത് വെറും 99 വോട്ടിന്റെ പിന്‍ബലത്തിലാണ്.
തങ്ങളുടെ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കാന്‍ പോലും കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ബില്ല് അന്നു തന്നെ വോട്ടിനിടുമെന്ന് തങ്ങള്‍ കരുതിയിരുന്നില്ലെന്നും ഇക്കാര്യം സര്‍ക്കാര്‍ തങ്ങളെ അറിയിച്ചിരുന്നില്ലെന്നുമാണ് രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ് ഇക്കാര്യത്തില്‍ വിശദീകരിക്കുന്നത്. സര്‍ക്കാര്‍ കാര്യമായി പരിശോധനയില്ലാതെ ബില്ലുകള്‍ ധൃതിയില്‍ പാസാക്കിയെടുക്കുന്നുവെന്ന് കഴിഞ്ഞദിവസം സ്പീക്കര്‍ക്ക് പരാതി നല്‍കിയ കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ ജാഗ്രതക്കുറവ് സംഭവിക്കുകയായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളില്‍ ഭൂരിഭാഗവും എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.യുവും ബില്ലിനെ ശക്തമായി എതിര്‍ത്ത് സംസാരിച്ചപ്പോള്‍ ബില്ല് പാസാകാതിരിക്കുകയോ സെലക്ട് കമ്മറ്റിക്ക് വിടേണ്ട സാഹചര്യമുണ്ടാകുകയോ ചെയ്യേണ്ടി വരുമെന്ന ധാരണയാണുണ്ടായിരുന്നത്. എന്നാല്‍ വോട്ടെടുപ്പ് തുടങ്ങിയതോടെ പ്രതിപക്ഷനിരയിലെ സീറ്റുകള്‍ പകുതിയോളം ശൂന്യമാവുകയാണുണ്ടായത്.
ബില്ലിനെ സഭയില്‍ ശക്തമായി എതിര്‍ത്ത പാര്‍ട്ടിയായിരുന്നു ബി.എസ്.പി. ഭര്‍ത്താവ് ഉപേക്ഷിച്ച ഹിന്ദു ഭാര്യമാര്‍ രാജ്യത്ത് ധാരാളമുണ്ടെന്നും അതില്‍ ഒരു പ്രശസ്തന്റെ ഭാര്യയുമുണ്ടെന്നുമായിരുന്നു ബി.എസ്.പിക്ക് വേണ്ടി സംസാരിച്ച ജാവേദ് അലിഖാന്‍ പറഞ്ഞത്. രാഷ്ട്രീയ ലക്ഷ്യത്തോടെ രഹസ്യ അജണ്ടകള്‍ വച്ചുള്ള ബില്ലാണിതെന്നും ജാവേദ് പറഞ്ഞു. എന്നാല്‍ വോട്ടെടുപ്പായപ്പോള്‍ ബി.എസ്.പി അംഗങ്ങളെ കണ്ടില്ല. ലോക്‌സഭയിലും രാജ്യസഭയിലും ബില്ലിനെ എതിര്‍ത്ത ജെ.ഡി.യു, ബില്ലിനെ എതിര്‍ത്തോ അനുകൂലിച്ചോ സംസാരിച്ചില്ലെങ്കിലും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. ഇതോടെ സര്‍ക്കാറിനുള്ള പിന്തുണയില്‍ ആറംഗങ്ങളുടെ കുറവുണ്ടായി. എന്നിട്ടും സാഹചര്യം പ്രതിപക്ഷത്തിന് മുതലെടുക്കാനായില്ല.
ടി.ഡി.പി വിട്ടു നിന്നപ്പോള്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിലെ രണ്ടംഗങ്ങള്‍ ബില്ലിനെ എതിര്‍ത്തു. ബില്ലിനെ ശക്തമായി എതിര്‍ത്ത അണ്ണാ ഡി.എം.കെയെ വോട്ടെടുപ്പില്‍ കൂടെ നിര്‍ത്താന്‍ കഴിയാത്തതും പ്രതിപക്ഷത്തിന്റെ പ്രധാന പരാജയമാണ്. 11 അംഗങ്ങളുള്ള അണ്ണാഡി.എം.കെ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തിരുന്നെങ്കില്‍ അത് നിര്‍ണായകമാവുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."