ജില്ലാ ഭരണകൂടം തുണയായി: ദേവസ്യ ഇനി സ്നേഹഭവനില്‍
ആലക്കോട്: സ്വത്ത് തട്ടിയെടുത്ത് മക്കള്‍ തെരുവില്‍ ഉപേഷിച്ച വൃദ്ധനെ സാമൂഹ്യക്ഷേമ വകുപ്പിന്റെ സഹായത്തോടെ പേരാവൂര്‍ സ്നേഹഭവനിലേക്ക് മാറ്റി. എ.ഡി.എം മുഹമ്മദ് യൂസുഫിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് തിരുമേനി സ്വദേശി മേക്കലാത്ത് ദേവസ്യ(80)ക്ക് സുരക്ഷിത താവളമൊരുക്കിയത്. പത്തേക്കറോളം കൃഷിയിടം സ്വന്തമായുണ്ടായിട്ടും ബധിരനും മൂകനുമായ ദേവസ്യയെ മക്കള്‍ തെരുവില്‍ ഉപേഷിക്കുകയായിരുന്നു. തേര്‍ത്തല്ലി ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്ന് സാമൂഹ്യ പ്രവര്‍ത്തകരാണ് അവശനിലയിലായ ഇദ്ദേഹത്തെ താല്‍ക്കാലിക ഇടത്താവളത്തിലേക്ക് മാറ്റിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട എ.ഡി.എം മുഹമ്മദ് യൂസുഫ് അടിയന്തിര നടപടി ആവശ്യപ്പെട്ട് സാമൂഹ്യക്ഷേമ വകുപ്പിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ഭാര്യയും മക്കളുമായി സംസാരിച്ചുവെങ്കിലും ദേവസ്യയെ ഏറ്റെടുക്കാന്‍ അവര്‍ തയാറായില്ല. തുടര്‍ന്നാണ് പേരാവൂര്‍ അരയങ്ങാടുള്ള സ്നേഹഭവനിലേക്ക് അദ്ദേഹത്തെ മാറ്റിയത്. സാമൂഹ്യപ്രവര്‍ത്തകന്‍ കെ. ശ്രീനിവാസന്, ഐ.സി.ഡി.എസ് ഓഫിസ് ജീവനക്കാരായ രമേശന്, സജീവന് എന്നിവരുടെ നേതൃത്വത്തിലാണ് ദേവസ്യയെ പേരാവൂരിലെത്തിച്ചത്. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും ഉറപ്പുവരുത്തുന്ന നിയമമനുസരിച്ച് ഭാര്യയ്ക്കും മക്കള്‍ക്കുമെതിരേ നിയമ നടപടികളുമായി മുന്നോട്ടു പോകാനാണ് അധികൃതരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."