ഹജ്ജിനെത്തുന്നത് 20 ലക്ഷത്തിലധികം തീര്‍ഥാടകര്‍; സുരക്ഷാ ക്രമീകരണത്തിനു മൂന്നു ലക്ഷത്തിലേറെ പേര്‍
അബ്ദുസ്സലാം കൂടരഞ്ഞി
മക്ക: ഈ വര്‍ഷം ആഭ്യന്തര തീര്‍ഥാടകരടക്കം ഇരുപതുലക്ഷത്തിലധികം പേരാണ് വിശുദ്ധ ഹജ്ജ് കര്‍മത്തിനെത്തുന്നതെന്ന് മക്ക അമീറും സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറും സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.
വിദേശ രാജ്യങ്ങളില്‍നിന്നു 18 ലക്ഷത്തിലധികം തീര്‍ഥാടകരാണ് ഹജ്ജിനെത്തുന്നത്. ആഭ്യന്തര തീര്‍ഥാടകരായി 2,30,000 പേര്‍ ഉണ്ടാകുമെന്നും അമീര്‍ പറഞ്ഞു.
തീര്‍ഥാടകരുടെ സേവനത്തിനായി സൈനികരും സുരക്ഷാ ഉദ്യോഗസ്ഥരും സിവില്‍ ഉദ്യോഗസ്ഥരും അടക്കം മൂന്നുലക്ഷത്തിലേറെ പേരും ഇവരെ സഹായിക്കുന്നതിന് നാലായിരത്തോളം സ്‌കൗട്ടുകള്‍ അടക്കമുള്ള വളണ്ടിയര്‍മാരും രംഗത്തുണ്ടാകും.
അനധികൃത തീര്‍ഥാടകര്‍ക്കെതിരേ സ്വീകരിക്കുന്ന കര്‍ശന നടപടികള്‍ തുടരും.
പത്തു വര്‍ഷം മുമ്പ് പതിനഞ്ചുലക്ഷം പേര്‍ അനധികൃതമായി ഹജ്ജ് നിര്‍വഹിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒന്നരലക്ഷം പേര്‍ മാത്രമാണ് നിയമം ലംഘിച്ച് ഹജ്ജ് കര്‍മം നിര്‍വഹിച്ചത്.
ഹജ്ജിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നതും സംഘാടന ചുമതല അന്താരാഷ്ട്രവല്‍ക്കരിക്കുന്നതും അംഗീകരിക്കില്ല. ഇരു ഹറമുകളുടെയും പരിചാരകരെന്നോണം ഹജ്ജ് തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാവിധ സേവനങ്ങളും സഊദി അറേബ്യ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഖത്തര്‍ അടക്കം മുഴുവന്‍ ലോക രാജ്യങ്ങളില്‍നിന്നുമുള്ള തീര്‍ഥാടകരെ സ്വീകരിക്കുന്നതിന് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി.
തീര്‍ഥാടന യാത്രയെ റിലീജ്യസ് ടൂറിസം (മതപരമായ വിനോദ സഞ്ചാരം) എന്ന് വിശേഷിപ്പിക്കുന്നതിന് താന്‍ എതിരാണ്.
ഓരോ വര്‍ഷത്തെയും ഹജ്ജ് കഴിഞ്ഞാലുടന്‍ മുഹറം മാസത്തിലെ ആദ്യ വാരത്തില്‍ തന്നെ സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റി യോഗം ചേര്‍ന്ന് ആ വര്‍ഷത്തെ ഹജ്ജിനിടെ ശ്രദ്ധയില്‍പ്പെട്ട ഗുണങ്ങളും വീഴ്ചകളും വിശദമായി വിശകലനം ചെയ്ത് തൊട്ടടുത്ത ഹജ്ജിന് പോരായ്മകളും വീഴ്ചകളും പരിഹരിക്കുന്നതിനു പദ്ധതികള്‍ തയാറാക്കും.
ഇറാന്‍ അടക്കം ഒരു രാജ്യത്തിന്റെയും ഹജ്ജ് ക്വാട്ട സൗദി അറേബ്യ ഒറ്റയ്ക്കല്ല നിശ്ചയിക്കുന്നത്.
മുഴുവന്‍ മുസ്‌ലിം രാജ്യങ്ങളുടെയും പങ്കാളിത്തത്തോടെ ഒ.ഐ.സി സമ്മേളനത്തില്‍ പരസ്പര ധാരണയിലെത്തി നിശ്ചിത മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് ഓരോ രാജ്യത്തിന്റെയും ഹജ്ജ് ക്വാട്ട നിശ്ചയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."