ജില്ലാതല പ്രവേശനോത്സവത്തില്‍ ഇത്തവണ ഹരിത ചട്ടം
ആലപ്പുഴ: സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ഹരിതചട്ടങ്ങള്‍ പാലിച്ചായിരിക്കും സംഘടിപ്പിക്കുക. 1,271 വിദ്യാര്‍ഥികളുള്ള പറവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒന്നാം ക്ലാസിലെത്തുന്നവരുള്‍പ്പടെ മുഴുവന്‍ കുരുന്നുകള്‍ക്കും പായസമുള്‍പ്പെടയുള്ള മധുരപലഹാരങ്ങള്‍ വിതരണം ചെയ്യും.
പ്രവേശനോത്സവും തുടര്‍ന്നുള്ള ദിവസങ്ങളും സ്‌കൂള്‍ ഹരിതചട്ടത്തിനൊപ്പം പോകുമെന്നുറപ്പാക്കിയാണ് ജില്ലാതല ഉദ്ഘാടന ചടങ്ങ്. വെള്ളവും പായസവും നല്കാന്‍ 500 സ്റ്റീല്‍ ഗ്ലാസുകള്‍ വാങ്ങിയിട്ടുണ്ട്. എ.കെ.ജി, യു.കെ.ജി. വിഭാഗത്തിലെ 90 വിദ്യാര്‍ഥികള്‍ക്കായി പൂര്‍വ വിദ്യാര്‍ഥികള്‍ സ്റ്റീല്‍ ടിഫിന്‍ ബോക്‌സ് സമ്മാനിച്ചിട്ടുണ്ട്. കൊടി, തോരണം മുഴുവന്‍ തുണികളില്‍ തീര്‍ത്തതാണ്. പൂര്‍വവിദ്യാര്‍ഥികള്‍ ചേര്‍ന്ന് രൂപീകരിച്ച തച്ചംതറ ഗ്രൂപ്പ് എന്ന സംഘടന പരമ്പരാഗതമായ പാളാപന്നമ്പ്, ചാക്ക്, ഓല എന്നിവയാല്‍ പ്രവേശന കവാടം അലങ്കരിക്കും.
പുതിയ വിദ്യാര്‍ഥികളെയും വിശിഷ്ടാതിഥികളെയും സ്വീകരിക്കുക എഴുത്തോല നല്കിയാവും. സ്‌കൂളിലെ പത്തോളം ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും ചേര്‍ന്ന് നിര്‍മിച്ച നോട്ടു പുസ്തകമാണ് എഴുത്തോല.
ഇത്തരത്തില്‍ 5,000 പുസ്തകങ്ങളാണ് ഈ വേനലവധിയില്‍ അവര്‍ തയ്യാറാക്കിയത്. വലൂത് മൂന്നെണ്ണത്തിന് 100 രൂപ നിരക്കിലും ചെറുത് നാലെണ്ണത്തിന് 100 രൂപയുമാണ് വില.
ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവ വേദിയില്‍ കുരുന്നുകളെ വരവേല്ക്കുന്ന സ്വാഗതഗാനം തയ്യാറാക്കിയതും പൂര്‍വ്വ വിദ്യാര്‍ഥികളുടെ സംഘം തന്നെ. പൂര്‍വ്വ വിദ്യാര്‍ഥിയും രക്ഷകര്‍ത്താവും തകഴി സ്മാരകത്തിന്റെ സെക്രട്ടറിയുമായ കെ.ബി. അജയകുമാറിന്റേതാണ് രചന. പുന്നപ്ര ഗ്രാമപഞ്ചയത്ത് വൈസ് പ്രസിഡന്റും പൂര്‍വ്വ വിദ്യാര്‍ഥിയുമായ വിശ്വനാഥന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ലണ്ടന്‍ സ്‌കൂള്‍ മ്യൂസിക് ഓഫ് ട്രിനിറ്റിയില്‍ നാലാം ഗ്രേഡ് സംഗീതാഭ്യാസം പൂര്‍ത്തിയാക്കിയ 10ാം ക്ലാസ് വിദ്യാര്‍ഥി നിഖില്‍ ജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വാഗതഗാനം ആലപിക്കുക.
ഒന്നാം ക്ലാസിലെത്തുന്ന 53 വിദ്യാര്‍ഥികള്‍ക്കും സ്ലേറ്റും പെന്‍സിലും സമ്മാനിക്കും. അതോടൊപ്പം എല്ലാവര്‍ക്കും ഓരോ വൃക്ഷത്തൈയും സമ്മാനമായി നല്കും. പ്രകൃതിക്കൊപ്പം പഠനം എന്നതിന് മുന്‍തൂക്കം നല്കിയാണ് ഈ പരിപാടി.
പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്‌കൂള്‍ മാനേജിങ് കമ്മിറ്റിയംഗങ്ങളും മുഴുവന്‍ അധ്യാപകരും ഒപ്പിട്ട അവയവദാന സമ്മതപത്രം പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് കൈമാറും. നാട്ടുകാരുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഒറ്റക്കെട്ടായ പരിശ്രമമാണ് ഏറെ പ്രതികൂലാവസ്ഥകള്‍ക്കിടയിലും പറവൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ മികച്ച നിലവാരത്തില്‍ നിലനിര്‍ത്തുന്നത്. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.എം. കുഞ്ഞുമോന്‍, സ്‌കൂള്‍ മാനേജിങ് കമ്മറ്റി അധ്യക്ഷവും ജില്ല പഞ്ചായത്ത് മുന്‍ അംഗവുമായ പി.കെ. കുഞ്ഞുമോളുടെയും നേതൃത്വത്തില്‍ അധ്യാപകരും രക്ഷിതാക്കളുമടങ്ങിയ വലിയൊരു സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇന്ന് ഫലം കാണുന്നത്.
സമീപത്തെ അണ്‍ എയിഡഡ് സ്‌കൂളുകളില്‍ നിന്ന് സ്ഥലം മാറ്റം വാങ്ങി വരുന്ന അമ്പതോളം വിദ്യാര്‍ഥകളേയും എഴുത്തോല നല്കിയാവും സ്വീകരിക്കുകയെന്ന് പ്രധാനാധ്യാപകന്‍ കുഞ്ഞുമോനും മാനേജിങ് കമ്മറ്റി അധ്യക്ഷ കുഞ്ഞുമോളും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."