അമ്പലവയല്‍ മര്‍ദ്ദനത്തില്‍ ആദ്യ അറസ്റ്റ്; പൊലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി
കല്പറ്റ: വയനാട് അമ്പലവയലില്‍ തമിഴ്നാട് സ്വദേശികളായ യുവാവിനും യുവതിക്കും മര്‍ദ്ദനമേറ്റ സംഭവത്തില്‍ ആദ്യ അറസ്റ്റ്. കേസിലെ രണ്ടാം പ്രതിയായ വിജയകുമാറിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം നേമത്തുനിന്നാണ് ഇയാളെ പൊലിസ് പിടികൂടിയത്. വിജയകുമാര്‍ ലീസിനെടുത്ത് നടത്തിയിരുന്ന ലോഡ്ജില്‍ വച്ചാണ് യുവതിയും യുവാവും സദാചാര ഗുണ്ടായിസത്തിന് ഇരയായത്.
കേസിലെ മുഖ്യപ്രതിയായ സജീവാനന്ദനൊപ്പം യുവതിയെ ലോഡ്ജിലെത്തി ശല്യം ചെയ്തയാളാണ് വിജയകുമാര്‍ എന്ന് യുവതി പൊലിസില്‍ മൊഴി നല്‍കിയിരുന്നു. സജീവാന്ദനൊപ്പം യുവതിയെയും യുവാവിനെയും സദാചാര ഗുണ്ടായിസത്തിന്റെ പേരില്‍ മര്‍ദ്ദിക്കുമ്പോള്‍ ഇയാളും കൂടെ ഉണ്ടായിരുന്നതായും യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുമാറിനെ പൊലിസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. കേസില്‍ കഴിഞ്ഞ ദിവസമാണ് കുമാറിനെ പ്രതിചേര്‍ത്തത്.
ഭര്‍ത്താവിനെ മര്‍ദ്ദിച്ചതിനെ ചോദ്യം ചെയ്ത യുവതിയേയും ജീവാനന്ദന് ക്രൂരമായി മര്‍ദ്ദിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് നിലത്തു വീണ് കിടക്കുന്ന ഭര്‍ത്താവിനെ വീണ്ടും മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു 'നിനക്കും വോണോ' എന്ന് ചോദിച്ച് ജിവാനന്ദന്‍ യുവതിയുടെ മുഖത്തടിച്ചത്. പുറത്തു വന്ന ദൃശ്യങ്ങളില്‍ യുവതിയുടെ മുഖത്തടിക്കുന്നത് വ്യക്തമായി കണാന്‍ കഴിയുമായിരുന്നു.
സജീവാനന്ദന് വേണ്ടിയുള്ള തിരച്ചില്‍ പൊലിസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. കേസില്‍ സജീവാനന്ദന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കല്പറ്റ ജില്ലാ സെക്ഷന്‍സ് കോടതി പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."