നിസാമിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍: പൊലിസ് അന്വേഷണമാരംഭിച്ചു
കെല്ലൂര്‍: ഒരാഴ്ച്ച മുന്‍പ് പനമരത്ത് നിന്നും കാണാതാവുകയും തൂങ്ങി മരിച്ച നിലയില്‍ തിങ്കളാഴ്ച കണ്ടെത്തുകയും ചെയ്ത അഞ്ചാംമൈല്‍ കാരാട്ട്കുന്ന് പരേതനായ കട്ടക്കാലന്‍ മൂസയുടെ മകന്‍ നിസാമി(15) ന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍.
സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് പിതൃസഹോദരന്‍ പൊലിസില്‍ പരാതി നല്‍കി. പനമരത്തെ ഒരു സ്ഥാപനത്തില്‍ താമസിച്ച് പഠിച്ചുവന്ന നിസാമിനെ ഈ മാസം ഒന്ന് മുതലാണ് കാണാതായത്. ഇത് സംബന്ധിച്ച് സ്ഥാപനം അധികൃതര്‍ പനമരം പൊലിസില്‍ പരാതിയും നല്‍കിയിരുന്നു. ഇതുസംബന്ധിച്ച പരാതിയില്‍ പനമരം പൊലിസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് തിങ്കളാഴ്ച്ച ഉച്ചയോടെ മാനന്തവാടി പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ചൂട്ടക്കടവില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ നിസാമിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് മാനന്തവാടി പൊലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നലെ ഉച്ചക്കാണ് ഖബറടക്കം നടന്നത്. മരണപ്പെട്ട നിസാം മരണത്തിനുത്തരവാദികളെന്ന നിലയില്‍ ആത്മഹത്യ ചെയ്ത വീടിന്റെ ചുമരില്‍ മൂന്ന് സഹപാഠികളുടെയും ഒരധ്യാപകന്റെയും പേരുകള്‍ എഴുതി വെച്ചിരുന്നു. സ്ഥാപനത്തില്‍ നടന്ന മോഷണവുമായി ബന്ധപ്പെടുത്തി നിസാമിനെ ചിലര്‍ മര്‍ദിച്ചതായി നിസാം സഹോദരിയോട് മൂന്‍പ് പറയുകയും ചെയ്തിരുന്നു. ഇതെതുടര്‍ന്നാണ് ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച് പിതാവിന്റെ സഹോദരന്‍ റഫീഖ് പനമരം പൊലിസില്‍ പരാതി നല്‍കിയത്.
ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പനമരം മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന കുടുംബമാണ് നിസാമിന്റേത്.
കിണര്‍ നിര്‍മാണ തൊഴിലാളിയായ ഉപ്പ മൂസ രണ്ടുവര്‍ഷം മുന്‍പ് കുപ്പാടിത്തറയില്‍ കിണര്‍ നിര്‍മിച്ചു കൊണ്ടിരിക്കുമ്പോള്‍ മണ്ണിടിഞ്ഞ് വീണാണ് മരിച്ചത്. ഉമ്മ സുഹറ രോഗിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."