കൊളാട്ട ജലാശയം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കും: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
തൊട്ടില്‍പ്പാലം: കായക്കൊടി പഞ്ചായത്തിലെ പ്രകൃതിദത്ത നീര്‍ത്തടമായ കൊളാട്ട ജലാശയം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. നീര്‍ത്തടം ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുന്നതിനും മത്സ്യകൃഷിക്കും മറ്റും ഉതകുന്ന രീതിയില്‍ വികസിപ്പിക്കുന്നതിനും സര്‍ക്കാര്‍ ആവശ്യമായ സഹായം നല്‍കും.
എട്ട് ഏക്കറയിലധികം വിസൃതിയുള്ള ജലാശയം സന്ദര്‍ശിച്ച ശേഷം നടന്ന അവലോകനയോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇ.കെ വിജയന്‍ അധ്യക്ഷനായി.
നീര്‍ത്തടം മത്സ്യക്കൃഷിക്ക് അനുയോജ്യമാണെന്ന നിലയില്‍ പഞ്ചായത്ത് ഫിഷറീസ് വകുപ്പിന് പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഇതിനാവശ്യമായ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് ജലാശയം സന്ദര്‍ശിക്കാന്‍ മന്ത്രിയെത്തിയത്.
പഞ്ചായത്തിനോ സ്വകാര്യ വ്യക്തികള്‍ക്കോ മത്സ്യക്കൃഷി പദ്ധതി നടപ്പാക്കാമെങ്കിലും ജലാശയത്തിന്റെ തനിമ നഷ്ടപ്പെടുത്തരുത്. ജലാശയം അതിന്റെ ഉടമകളില്‍ നിന്ന് വിട്ടുകിട്ടിയാല്‍ പഞ്ചായത്തിന് തന്നെ പദ്ധതി തുടങ്ങാം. വിട്ടുകിട്ടുന്നതില്‍ തടസ്സമുണ്ടെങ്കില്‍ ഉടമകള്‍തന്നെ തുടങ്ങട്ടെയെന്നും മന്ത്രി പറഞ്ഞു. ഇതിനാവശ്യമായ സാങ്കേതിക ഉപദേശക നിര്‍ദേശങ്ങള്‍ ഫിഷറീസ് വകുപ്പ് നല്‍കും. പദ്ധതി നടപ്പാക്കുമ്പോള്‍ സര്‍ക്കാര്‍ സഹായവും ലഭിക്കും.
താലൂക്കിലെ തന്നെ ഏറ്റവും വലിയ ജലാശയമാണ് കൊളാട്ട നീര്‍ത്തടം. അപൂര്‍വയിനം മത്സങ്ങളുടെയും ജലജന്യജീവികളുടെയും ആവാസ കേന്ദ്രംകൂടിയാണ്. ഏതു കൊടുംവേനലിലും സുലഭമായി വെള്ളം ലഭ്യമാകുന്ന ജലാശയത്തില്‍ വേനല്‍ക്കാലങ്ങളില്‍ വന്‍തോതില്‍ ദേശാടനപക്ഷികള്‍ വിരുന്നെത്താറുണ്ട്. അതേസമയം നീര്‍ത്തടം നിലവില്‍ സ്വകാര്യവ്യക്തികളുടെ കൈവശമാണുള്ളത്.
കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി അശ്വതി, ഫിഷറീസ് വകുപ്പ് ഉത്തരമേഖല ജോയിന്റ് ഡയറക്ടര്‍ സതീഷ്‌കുമാര്‍, ഡപ്യൂട്ടി ഡയറക്ടര്‍ മറിയം ഹസീന, പി.പി നാണു, എം.കെ ശശി, കോരങ്കോട്ട് മൊയ്തു യോഗത്തില്‍ പങ്കെടുത്തു. അഞ്ചുകോടി രൂപയുടെ പദ്ധതി രൂപരേഖ പ്രസിഡന്റ് കെ.ടി അശ്വതി മന്ത്രിക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."