തറാവീഹ്: വിശുദ്ധ റമദാനിലെ പ്രത്യേക സമ്മാനം
റമദാന്‍ വിശ്വാസികളുടെ ആനന്ദകാലമാണ്. അല്ലാഹുവിനു വേണ്ടിയുള്ള സമര്‍പ്പണകാലം. രാവും പകലും വിശ്വാസി ആരാധനയിലാണ്. ഉറക്കിലും ഉണര്‍വിലും തൊഴിലുകള്‍ക്കിടയിലുമൊക്കെ അവന് ആരാധനകള്‍ നിര്‍വഹിക്കാനാകും. ഔന്നത്യത്തിന്റെ അവസാനവാക്ക് തങ്ങളാണെന്ന മലക്കുകളുടെ അവകാശവാദത്തെ തിരുത്തുകയാണ് റമദാനിലൂടെ വിശ്വാസികള്‍ ചെയ്യുന്നത്. ജീവന്റെ അനിവാര്യ ഘടകമായ ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കി മനസും ശരീരവും സ്രഷ്ടാവിന് സമര്‍പ്പിക്കുന്ന ത്യാഗത്തിന്റെ കാലമാണ് റമദാന്‍. ശരീരം ക്ഷീണിക്കുമ്പോഴും മനസ് ഉന്മേഷം നിറയ്ക്കുന്ന അപൂര്‍വത. കാലാവസ്ഥയുടെ വ്യതിയാനങ്ങള്‍ക്ക് പിടികൊടുക്കാതെ ചന്ദ്രമാസങ്ങളില്‍ റമദാന്‍ പിറന്നതോടെ ആരംഭിച്ച നന്മയുടെ വിളവെടുപ്പ് ശവ്വാല്‍ പിറവിയോടെ സായൂജ്യത്തിന്റെ തീരമണയും.
സാധാരണ സുകൃതങ്ങളൊക്കെ വര്‍ധിപ്പിക്കുന്നതോടൊപ്പം വിശുദ്ധ റമദാനിലെ പ്രത്യേക സമ്മാനമാണ് തറാവീഹ് നിസ്‌കാരം. ഇശാ നിസ്‌കാരത്തിനു ശേഷം സുബ്ഹിക്ക് മുന്‍പായി നിര്‍വഹിക്കപ്പെടുന്ന ഇരുപത് റക്അത്താണ് തറാവീഹ്. വല്ലാത്തൊരു അനുഭൂതിയാണ് വിശ്വാസി അതിലൂടെ നേടുന്നത്. പകലില്‍ സംഭവിച്ച പട്ടിണിയില്‍ താന്‍ തളര്‍ന്നിട്ടില്ലെന്ന് സ്വയം ബോധ്യപ്പെടുന്നതോടെ വിശ്വാസി നേടുന്ന ആനന്ദം തന്നെയാണ് തറാവീഹിന്റെ ഭൗതിക കരുത്ത്. തറാവീഹ് നിസ്‌കാരമാണ് റമദാന്‍ രാവിനെ വേര്‍തിരിക്കുന്ന പ്രധാനഘടകം. തറാവീഹ് നിസ്‌കാരത്തിന്റെ റക്അത്ത് ഇരുപതാണെന്നതില്‍ സന്ദേഹമില്ല. മക്കയിലും മദീനയിലും ഇപ്പോഴും ഇരുപതു തന്നെയാണ് തറാവീഹ്. ഹസന്‍ (റ) വില്‍ നിന്ന് നിവേദനം, ഉമര്‍ (റ) ജനങ്ങളെ ഉബയ്യുബ്‌നു കഅ്ബി (റ) ന്റെ നേതൃത്വത്തില്‍ തറാവീഹ് നിസ്‌കാരത്തിനു വേണ്ടി സംഘടിപ്പിച്ചപ്പോള്‍ ഇരുപത് റക്അത്താണ് നിസ്‌കരിച്ചത് (അബൂദാവൂദ് 1202)
സ്ത്രീകളും തറാവീഹ് നിസ്‌കാരം ശ്രദ്ധിക്കണം. വിഭവങ്ങളൊരുക്കി മറ്റുള്ളവരെ ഊട്ടി സായൂജ്യമടയുന്നതില്‍ മാത്രം ഒതുങ്ങാതെ അല്ലാഹുവിലേക്ക് അടുക്കുവാനുള്ള മാര്‍ഗം സഹോദരിമാര്‍ കണ്ടെത്തണം. സ്ത്രീകള്‍ കൂടിച്ചേര്‍ന്ന് ഇതു നിര്‍വഹിക്കാം. നഷ്ടപ്പെടുന്ന റമദാന്‍ രാവുകള്‍ തിരിച്ചുപിടിക്കാന്‍ മാര്‍ഗമില്ലെന്ന് നാം തിരിച്ചറിഞ്ഞ് പൂര്‍ണമായും ഇബാദത്തുകളെക്കൊണ്ട് നിരതരാകണം.
(സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
ജില്ലാ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."