മലയോരത്ത് മൂന്നക്ക ലോട്ടറി ചൂതാട്ടം തുടരുന്നു; ചോക്കാട്ട് രണ്ടുപേര്‍ പിടിയില്‍
കാളികാവ്: മലയോരത്ത് മൂന്നക്ക ലോട്ടറി ചൂതാട്ടം അനിയന്ത്രിതമായി തുടരുന്നു. ലോട്ടറിയുടെ മറവില്‍ മൂന്നക്ക നമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തിയതിന് കാളികാവ് സ്റ്റേഷന്‍ പരിധിയിലെ ചോക്കാടില്‍ നിന്ന് ഇന്നലെ രണ്ട് പേരെ പൊലിസ് പിടികൂടി. ചോക്കാട് പരുത്തിപ്പറ്റയിലെ കണ്ടത്തില്‍ സജിമോന്‍(46), വെള്ളപൊയിലിലെ പട്ടിക്കാടന്‍ ഹരിദാസന്‍(48) എന്നിവരെയാണ് കാളികാവ് പൊലിസ് പിടികൂടിയത്. ഞായറാഴ്ച കാളികാവില്‍ നിന്ന് മറ്റൊരാളെയും പിടികൂടിയിരുന്നു. കാളികാവ് ജങ്ഷന്‍ ബസ് സ്റ്റാന്‍ഡിലെ ഒരു ലോട്ടറി കടയില്‍നിന്ന് തന്നെ നാല് തവണ ചൂതാട്ടം നടത്തിയതിന് നടപടിയെടുത്തിട്ടും മലയോര മേഖലയില്‍ മൂന്നക്ക ലോട്ടറി ചൂതാട്ടം അനിയന്ത്രിതമായി തുടരുകയാണ്.
ചൂതാട്ടം നടത്തിയതിന് റിട്ട എസ്.ഐ ഉള്‍പടെയുള്ളവരെ പിടികൂടിയെങ്കിലും നിസാര വകുപ്പനുസരിച്ചുള്ള നിയമ നടപിടി ചൂതാട്ടക്കാര്‍ക്ക് തുണയായിരിക്കുകയാണ്. ചെറിയ തുക പിഴയടച്ചാല്‍ സ്റ്റേഷനില്‍ നിന്ന് തന്നെ ജാമ്യം കിട്ടുന്ന വകുപ്പു പ്രകാരമാണ് നടപടിയെടുത്തിരുന്നത്.
കേരള ലോട്ടറി ടിക്കറ്റ് ഫലത്തിന്റെ അവസാന മൂന്നക്കം പ്രവചിച്ചാണ് ചൂതാട്ടത്തിന് വഴിയൊരുക്കുന്നത്. മറ്റു രേഖകളും ടിക്കറ്റുകളോയില്ലാത്ത പ്രവചനം ആയിരുന്നതിനാല്‍ തട്ടിപ്പുകാരെ പിടികൂടാനും പ്രയാസമാണ്. കടലാസ് തുണ്ടില്‍ കേരളാ ലോട്ടറിയുടെ അവസാനത്തെ മൂന്നക്കം എഴുതി നല്‍കുക മാത്രമാണ് ചെയ്യുന്നത്.
കാളികാവ്, പൂക്കോട്ടുംപാടം, കരുവാരകുണ്ട്, തുവ്വൂര്‍, തുടങ്ങിയ സ്ഥലങ്ങളില്‍ മൂന്നക്ക ലോട്ടറി വ്യാപകമായി നടക്കുന്നുണ്ട്. ഓരോ പ്രദേശത്തും ലക്ഷങ്ങളുടെ ചൂതാട്ടമാണ് ദിവസവും നടക്കുന്നത്. ചൂതാട്ടം വ്യാപകമായതോടെ പൊലിസ് നടപടി കര്‍ശനമാക്കിയിരിക്കുകയാണ്. ഇന്നലെ ചോക്കാടില്‍ നിന്ന് പിടിയിലായവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി മോഹനചന്ദന്റെ നിര്‍ദേശ പ്രകാരം കാളികാവ് എസ്.ഐ പി.ജെ കുര്യക്കോസ്, എ.എസ്.ഐ പി.അബ്ദുല്‍ കരീം, സിവില്‍ പൊലിസ് ഓഫീസര്‍മാരായ സജീഷ്, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് ചോക്കാടില്‍ പരിശോധനടത്തി ഇരുവരേയും പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."